തിരുവനന്തപുരം - വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എം.പി ശശി തരൂരിനെതിരെ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ കണ്ടെത്താൻ ബി.ജെ.പിയും സി.പി.ഐയും ഇരുട്ടിൽ തപ്പുന്നു.
അന്തർദേശീയ തലത്തിൽ തന്നെ അറിയപ്പെടുന്ന ശശി തരൂർ എഴുത്തുകാരൻ എന്ന നിലയിലും ശ്രദ്ധേയനാണ്. മുൻ കേന്ദ്ര മന്ത്രി കൂടിയായ തരൂരിനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തുകയെന്നതാണ് എൽ.ഡി.എഫും ബി.ജെ.പിയും നേരിടുന്ന വെല്ലുവിളി.
കേരളത്തിൽ ബി.ജെ.പി ഏറ്റവും വിജയ പ്രതീക്ഷ പുലർത്തുന്ന സീറ്റാണ് തിരുവനന്തപുരം. കഴിഞ്ഞ തവണ ഒ. രാജഗോപാൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കഷ്ടിച്ച് 25,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശശി തരൂർ ജയിച്ചുകയറിയത്. കഴിഞ്ഞ തവണ ലഭിച്ച വോട്ടിനേക്കാൾ ഇക്കുറി കുറഞ്ഞാൽ അത് പാർട്ടിക്ക് തിരിച്ചടിയാവും.
മിസോറം ഗവർണറും പാർട്ടി മുൻ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരനാണ് തിരുവനന്തപുരത്തേക്ക് ബി.ജെ.പി പ്രധാനമായും പരിഗണിക്കുന്ന സ്ഥാനാർഥി. കുമ്മനം മത്സരിക്കാൻ തയാറല്ലെങ്കിൽ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള തന്നെ മത്സരിക്കണമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ ആവശ്യപ്പെടുന്നു. എന്നാൽ സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് വി. മുരളീധരൻ പക്ഷത്തിന്റെ ആവശ്യം. നടനും നിലവിൽ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയും പരിഗണനയിലുണ്ട്.
എൻ.ഡി.എ ഘടക കക്ഷികളുമായി കൂടിയാലോചിച്ച ശേഷമേ സ്ഥാനാർ ഥിയെക്കുറിച്ച് അന്തിമ തീരുമാനമുണ്ടാകൂ.നടൻ മോഹൻലാലിനെ മത്സരിപ്പിക്കണമെന്ന് ആർ.എസ്.എസിന് താൽപര്യമുണ്ടെങ്കിലും അദ്ദേഹം താൽപര്യക്കുറവ് അറിയിച്ചു. കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് നൽകിയ സ്ഥാനാർഥി ലിസ്റ്റിൽ ലാലിന്റെ പേരില്ല. 22 ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ സംസ്ഥാനത്തെത്തുന്നുണ്ട്. അതിനു ശേഷമാവും തിരുവനന്തപുരം സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും തിരുവനന്തപുരത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാവും പ്രധാന മത്സരമെന്നാണ് സൂചന. 2014 ൽ സി.പി.ഐ സ്ഥാനാർത്ഥിയായിരുന്ന ബെന്നറ്റ് എബ്രഹാം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാർത്ഥിത്വം സി.പി.ഐക്ക് ചീത്തപ്പേരുണ്ടാക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ദേശീയ നേതാവ് ആനി രാജയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ സജീവമാണ്. പാർട്ടി ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ഡി. രാജയുടെ ഭാര്യയാണ് ആനി രാജ. പക്ഷേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടിവിലും സംസ്ഥാന കൗൺസിലിലും ഇതുസംബന്ധിച്ച് തീരുമാനമെടുത്തില്ല.
അതിനിടെ, എൽ.ഡി.എഫ് ഘടക കക്ഷിയായ ജനതാദൾ (എസ്) തിരുവനന്തപുരം സീറ്റ് ആവശ്യപ്പെടുന്നുണ്ട്. മണ്ഡലത്തെ മുമ്പ് പ്രതിനിധീകരിച്ചിട്ടുള്ള നീലലോഹിതദാസൻ നാടാരെ മത്സരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നാടാർ വിഭാഗക്കാരനായ അദ്ദേഹത്തിന് മണ്ഡലത്തിൽ ശക്തമായ ബന്ധങ്ങളുണ്ട്. സി.പി.എമ്മും തിരുവനന്തപുരം നോട്ടമിട്ടിട്ടുണ്ട്. എന്നാൽ തലസ്ഥാന മണ്ഡലം വിട്ടുകൊടുക്കാൻ സി.പി.ഐ തയാറല്ല. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളെല്ലാം ചർച്ചക്ക് വരും.
ശശി തരൂരിന്റെ സ്ഥാനാർഥിത്വം കൊണ്ടും സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമെന്ന നിലയിലും ദേശീയ തലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമാണ് തിരുവനന്തപുരം. ബി.ജെ.പി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുന്നത് തിരുവനന്തപുരത്ത് ആയിരിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ആ പാർട്ടിയിലധികവും. അതുകൊണ്ടു തന്നെ ഇവിടത്തെ സ്ഥാനാർഥികൾ ആരൊക്കെയായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.






