റിയാദ്- ദർമയിലെയും റിയാദിലെയും വൈദ്യുതി നിലയങ്ങൾ, അഫ്‌ലാജിൽ പ്രളയം തടയുന്നതിനുള്ള പദ്ധതി, ജുബൈലിൽ നിന്ന് റിയാദിൽ വെള്ളം എത്തിക്കുന്ന പദ്ധതി, ടെലികോം പദ്ധതികൾ എന്നിവ അടക്കം പൊതുസേവന മേഖലയിൽ 315 പദ്ധതികള്‍ക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് തുടക്കം കുറിച്ചു.
ഇതിൽ 260 പദ്ധതികൾ രാജാവ് ഉദ്ഘാടനം ചെയ്തു. 55 പദ്ധതികൾക്ക് ശിലാസ്ഥാപനം നിർവഹിച്ചു. ആകെ നാലായിരം കോടി റിയാലിന്റെ പൊതുസേവന പദ്ധതികളാണ് നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ 60 പദ്ധതികൾക്ക് ശിലാസ്ഥാപനം നിർവഹിക്കുകയും 106 പദ്ധതികൾ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 360 കോടി റിയാലിന്റെ വിദ്യാഭ്യാസ പദ്ധതികളാണ് റിയാദ് പ്രവിശ്യയിൽ നടപ്പാക്കുന്നത്. ദവാദ്മി എൻജിനീയറിംഗ് കോളേജ്, സുൽഫിയിലെ എജ്യുക്കേഷൻ കോളേജ്, റിയാദ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ് എന്നിവ ഇതിൽ പ്രധാനമാണ്. പാർപ്പിട മേഖലയിൽ 650 കോടി റിയാലിന്റെ 15 പദ്ധതികൾക്ക് രാജാവ് സമാരംഭം കുറിച്ചു. ഇതിൽ ഒമ്പതെണ്ണം രാജാവ് ഉദ്ഘാടനം ചെയ്യുകയും ആറെണ്ണത്തിന് തറക്കല്ലിടുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ മെഡിക്കൽ കോംപ്ലക്‌സ്, നോർത്ത് റിയാദ് ആശുപത്രി, സാബിക് മെന്റൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രി എന്നിവ ഉൾപ്പെടെ ആരോഗ്യ മേഖലയിൽ 1150 കോടി റിയാലിന്റെ 43 പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിൽ 34 പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഒമ്പതു പദ്ധതികൾക്ക് ശിലാസ്ഥാപനം നിർവഹിച്ചു.
സാബിക് മ്യൂസിയം, മജ്മ സ്‌പോർട്‌സ് സിറ്റി വികസനം, ദക്ഷിണ റിയാദിലെ തടാകങ്ങളുടെ പുനരുദ്ധാരണം എന്നിവ അടക്കം പൊതുജനസേവന മേഖലയിൽ 313 പദ്ധതികൾക്ക് തുടക്കമായി. ഇവ ആകെ 230 കോടി റിയാൽ ചെലവഴിച്ചാണ് നടപ്പാക്കുന്നത്. ഇതിൽ 173 പദ്ധതികൾ ഉദ്ഘാടനം ചെയ്തു. 137 പദ്ധതികൾക്ക് ശിലാസ്ഥാപനം നിർവഹിച്ചു. റിയാദ് ഡിജിറ്റൽ സിറ്റി, അൽഖർജ് ഇൻഡസ്ട്രിയൽ സിറ്റി വികസനം, സുദൈർ ഇൻഡസ്ട്രിയൽ സിറ്റി വികസനം എന്നിവ അടക്കം സാമ്പത്തിക വികസന മേഖലയിൽ ആയിരം കോടി റിയാൽ ചെലവഴിച്ച് 66 പദ്ധതികൾ നടപ്പാക്കുന്നു. ഇതിൽ 53 പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പതിമൂന്നു പദ്ധതികൾക്ക് രാജാവ് ശിലാസ്ഥാപനം നിർവഹിച്ചു. ഗതാഗത മേഖലയിൽ 363 പദ്ധതികൾക്ക് തുടക്കമായി. ഇതിൽ 283 പദ്ധതികൾ രാജാവ് ഉദ്ഘാടനം ചെയ്തു. 80 പദ്ധതികൾക്ക് തറക്കല്ലിട്ടു. ആകെ 760 കോടി റിയാൽ ചെലവഴിച്ചാണ് ഗതാഗത പദ്ധതികൾ നടപ്പാക്കുന്നത്.






