റിയാദ് - റിയാദിലെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതോടനുബന്ധിച്ച് റിയാദ് പ്രവിശ്യയിൽ സാമ്പത്തിക ബാധ്യതകൾ വീട്ടുന്നതിന് കഴിയാത്തതിന്റെ പേരിൽ ജയിലുകളിൽ കഴിയുന്ന മുഴുവൻ സൗദി പൗരന്മാരെയും വിട്ടയക്കുന്നതിന് രാജാവ് നിർദേശിച്ചു. കുറ്റകൃത്യങ്ങൾ നടത്തി സാമ്പത്തിക ബാധ്യതകളിൽ കുടുങ്ങി ജയിലിലായവർക്ക് ആനുകൂല്യം ലഭിക്കില്ല. പത്തു ലക്ഷം റിയാലിൽ കവിയാത്ത സാമ്പത്തിക ബാധ്യതകളുടെ പേരിൽ ജയിലുകളിൽ കഴിയുന്നവരെയും കടം വീട്ടുന്നതിന് സാമ്പത്തിക ശേഷിയില്ലെന്ന് ബോധ്യപ്പെടുന്നവരെയുമാണ് വിട്ടയക്കുക. ഇത്തരക്കാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിന് രാജാവ് നിർദേശിച്ചു.
ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് രാജകൽപന എത്രയും വേഗം നടപ്പാക്കുന്നതിനും തടവുകാരെ വിട്ടയക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനും നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രസിഡന്റുമായ ശൈഖ് ഡോ. വലീദ് അൽസ്വംആനി കോടതികൾക്ക് നിർദേശം നൽകി.







