ഹൈദരാബാദ്- ജോലി ലഭിക്കാന്‍ നിയമവിരുദ്ധമായി വ്യാജ പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ മുന്‍ ദേശീയ ഹോക്കി താരവും മൂന്ന് തവണ ഒളിംപ്കിസില്‍ പങ്കെടുത്ത കളിക്കാരനുമായ മുകേഷ് കുമാറിനെ ഹൈദരാബാദ് പോലിസ് അറസ്റ്റ് ചെയ്തു. താന്‍ എസ്.സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മാല സമുദായത്തില്‍പ്പെട്ട ആളാണെന്ന് സ്ഥാപിക്കുന്നതിന് വേണ്ടി ഹൈദരാബാദിലെ ത്രിമുല്‍ഗറി തഹസില്‍ദാറില്‍ നിന്ന് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് മുകേഷ് കുമാറിനെതിരായ കേസ്. മുകേശ് പിന്നാക്ക വിഭാഗമായ (ബി.സി) നയീ ബ്രാഹ്മണ്‍ സമുദായത്തില്‍പ്പെട്ടയാളാണെന്നും വ്യാജ എസ്.സി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ത്രിമുല്‍ഗറി തഹസില്‍ദാറാണ് പോലിസിനു പരാതി നല്‍കിയത്. തുടര്‍ന്നാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 420, 471 വകുപ്പുകള്‍ ചുമത്തി മുകേഷിനെതിരെ കേസെടുത്തത്.
ഇന്ത്യയ്ക്കു വേണ്ടി 307 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ഇതിഹാസ ഹോക്കി താരമാണ് മുകേഷ്. 80 അന്താരാഷ്ട്ര ഗോളുകളും സ്വന്തമായുണ്ട്. 1992, 1996, 2000 ഒളിംപ്ക്‌സുകളില്‍ ഇന്ത്യയ്ക്കു വേണ്ടി കളിച്ച മുകേഷ് അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ്.






