Sorry, you need to enable JavaScript to visit this website.

മോഡിയെ വാഴ്ത്തിയ മുലായം സിങിന് ബിജെപിയുടെ നന്ദി

ലഖ്‌നൗ- പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ലോക്‌സഭയുടെ അവസാന സമ്മേളനത്തില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാഴ്ത്തിയ സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങിന് നന്ദി അറിയിച്ച് ലഖ്‌നൗവില്‍ ബിജെപിയുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. മോഡിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം മുലായം പറഞ്ഞത്. ഇതു ബിജെപിക്കെതിരെ ശക്തമായി രംഗത്തുള്ള അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും ഞെട്ടിച്ചിരുന്നു. ബിജെപിയുടെ ന്യൂനപക്ഷ വിഭാഗം നേതാവ് താഹിര്‍ ഹുസൈന്‍ ആണ് മുലായത്തിന് നന്ദി അറിയിച്ച് പോസ്റ്റര്‍ സ്ഥാപിച്ചത്.

ആവശ്യങ്ങള്‍ക്കു വേണ്ടി മോഡിയെ സമീപിച്ചപ്പോഴെല്ലാം അത് ഉടനടി ചെയ്തു നല്‍കിയ അനുഭവമാണ് തനിക്കുള്ളതെന്നും മോഡിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു മുലായം പറഞ്ഞത്. ഈ പ്രസ്താവനയില്‍ ഖേദമുണ്ടെന്ന് മുതിര്‍ന്ന എസ് പി നേതാവ് അസം ഖാന്‍ പ്രതികരിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ വാക്കുകളല്ലെന്നും ആരോ വായില്‍ ഇട്ടുകൊടുത്തതാണെന്നും ഖാന്‍ പറഞ്ഞു. മുലായത്തിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കാനാണെന്ന് മുന്‍ എസ് പി നേതാവ് അമര്‍ സിങ് പറഞ്ഞു.

 

 

Latest News