മൊഹാലി- മുന്‍ രാജ്യാന്തര ഗുസ്തി താരവും കായിക രംഗത്തെ മികവിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അര്‍ജുന അവാര്‍ഡ് ജേതാവുമായ ജഗദീഷ് ഭോല 700 കോടിയുടെ മയക്കുമരുന്ന് കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തി. 2013-ല്‍ പഞ്ചാബ് പോലിസ് പിടികൂടിയ മയക്കുമരുന്ന് മാഫിക്കെതിരായ കേസിലാണ് താരം ഉള്‍പ്പെട്ടിരുന്നത്. പഞ്ചാബ് പോലിസില്‍ ഡി.എസ്.പി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഭോലയെ മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2012-ല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. മയക്കുമരുന്ന് കേസില്‍ 2013 നവംബറിലാണ് ഭോല അറസ്റ്റിലായത്. ഈ കേസ് അന്വേഷണത്തിലൂടെ പോലിസ് 6000 കോടിയുടെ വന്‍ മയക്കുമരുന്ന് റാക്കറ്റിനെ വെളിച്ചത്തു കൊണ്ടുവന്നിരുന്നു. സബിഐ അന്വേഷിക്കുന്ന കേസില്‍ ഭോലയെ കൂടാതെ മറ്റു 49 പ്രതികളും ഉണ്ട്. ഇവരില്‍ ഏറെ പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ഹിമാചല്‍ പ്രദേശില്‍ അധനികൃതമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനികള്‍ക്ക് കൃത്രിമ മയക്കുമരുന്നുകളുണ്ടാക്കാന്‍ ആവശ്യമായ രാസവസ്തുക്കള്‍ എത്തിച്ചു നല്‍കുന്ന മയക്കുമരുന്ന് ശൃംഖലയുടെ തലവനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഭോലെ.