മൂന്നാം യുപിഎ ഒരുങ്ങുന്നു? തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യമുണ്ടാക്കാന്‍ പ്രതിപക്ഷ ധാരണ

ന്യുദല്‍ഹി- ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ശക്തിപ്പെട്ടു വരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം പുതിയ വഴിത്തിരിവിലേക്ക് സൂചന. ഒരു മാസത്തിനിടെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ മൂന്ന് തവണയാണ് യോഗം ചേര്‍ന്ന് രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്തത്. ഏറ്റവുമൊടുവില്‍ ബുധനാഴ്ച ദല്‍ഹിയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) അധ്യക്ഷന്‍ ശരത് പവാറിന്റെ വീട്ടില്‍ ചേര്‍ന്ന 15 പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപീകരിക്കാന്‍ പ്രതിപക്ഷം ധാരണയിലെത്തി. ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും ഈ സഖ്യരൂപീകരണമെന്നാണ് നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു, നാഷണല്‍ കോണ്‍ഫറന്‍ നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങി മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

മോഡിയെ പരാജയപ്പെടുത്താന്‍ തെരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ സഖ്യം രൂപീകരിക്കുമെന്ന മമതയാണ് യോഗത്തിനു ശേഷം പ്രഖ്യാപിച്ചത്. ഈ സഖ്യരൂപീകരണത്തോടെ തെരഞ്ഞെടുപ്പിനു ശേഷം കാര്യങ്ങള്‍ എളുപ്പമാകുമെന്നും മമത പറഞ്ഞു. ഒരു പൊതു മിനിമം പരിപാടിയുണ്ടാകുമെന്നും മമത കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച ചര്‍ച്ചകളും പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇക്കാര്യം ആവര്‍ത്തിച്ചു. പ്രതിപക്ഷത്തിന്റെ തന്ത്രം മെനയുന്നതിന് ഓരോ 15 ദിവസത്തെ ഇടവേളകളിലും ഇനി തുടര്‍ യോഗങ്ങളും ചര്‍ച്ചകളും നടക്കും.

അതേസമയം ഈ സഖ്യം ദേശീയ തലത്തില്‍ മാത്രമായിരിക്കുമെന്നും നേതാക്കള്‍ സൂചന നല്‍കി. ബംഗാളില്‍ കോണ്‍ഗ്രസിനെതിരെ പൊരുതുമെങ്കിലും ദേശീയ തലത്തില്‍ ഒന്നിച്ചു നില്‍ക്കുമെന്ന് മമത പറഞ്ഞു. തങ്ങള്‍ പരസ്പരം മത്സരിക്കുമെന്ന് രാഹുലും പറഞ്ഞു. വരും ദിവസങ്ങളില്‍ ഒറ്റക്കെട്ടായി ഞങ്ങള്‍ പൊരുതും. കോണ്‍ഗ്രസുമായും സിപിഎമ്മുമായുള്ള പോരാട്ടം സംസ്ഥാനത്തു മാത്രമായിരിക്കും. ദേശീയ തലത്തില്‍ ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കും. രാജ്യത്തിന്റെ വിശാല താല്‍പര്യത്തിന് ജീവിതം തന്നെ ബലി നല്‍കാന്‍ തയാറാണെന്നും മമത പറഞ്ഞു. 


 

Latest News