Sorry, you need to enable JavaScript to visit this website.

വിദേശിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിപ്പറിച്ചവർ അറസ്റ്റിൽ

ഹായിൽ - ഹായിൽ അൽനഖ്‌റ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിലെ തൊഴിലാളിയായ ഏഷ്യൻ വംശജനെ തട്ടിക്കൊണ്ടുപോയി 5,000 ലേറെ റിയാലും മൊബൈൽ ഫോണും തട്ടിപ്പറിച്ച മൂന്നംഗ സംഘത്തെ ഹായിൽ പോലീസ് അറസ്റ്റ് ചെയ്തു. 
രണ്ടു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഡിസംബർ എട്ടിന് പുലർച്ചെ ആളില്ലാത്ത തക്കം നോക്കി ഇന്ധനം നിറക്കുന്നതിന് കാറുമായി പെട്രോൾ ബങ്കിലെത്തിയ സംഘം ഇന്ധനം നിറക്കൽ പൂർത്തിയായതോടെ തൊഴിലാളിയെ പിടിച്ചുവലിച്ച് കാറിൽ കയറ്റി സ്ഥലം വിടുകയായിരുന്നു. കാറിനകത്തു വെച്ച് വിദേശിയെ മർദിച്ചും ഭീഷണിപ്പെടുത്തിയും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഘം ഏഷ്യൻ വംശജനെ പിന്നീട് അൽമതാർ ഡിസ്ട്രിക്ടിൽ ഇറക്കിവിടുകയായിരുന്നു. 
ബങ്ക് തൊഴിലാളിയെ സംഘം തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പെട്രോൾ ബങ്കിലെ നിരീക്ഷണ ക്യാമറകൾ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. 
സംഭവത്തിൽ അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് ഹായിൽ പോലീസ് മേധാവി മേജർ ജനറൽ ഉസ്മാൻ അൽമുഹൈമിദ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. പണം നൽകാതെ ബങ്കിൽനിന്ന് കാറിൽ ഇന്ധനം നിറച്ചതായും ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്നതായും പ്രതികൾ കുറ്റസമ്മതം നടത്തി. നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹായിൽ പോലീസ് അറിയിച്ചു.

 

Latest News