മന്ത്രാലയ ഇടപെടല്‍: 29 ഇന്ത്യക്കാരുടെ തൊഴില്‍ പ്രശ്‌നത്തിന് പരിഹാരമായി

കിഴക്കന്‍ പ്രവിശ്യ തൊഴില്‍ മന്ത്രാലയ ശാഖാ മേധാവി അബ്ദുറഹ്മാന്‍ അല്‍മുഖ്ബില്‍ ഇന്ത്യന്‍ എംബസി അധികൃതരെ സ്വീകരിക്കുന്നു.

ദമാം- കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു കമ്പനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് കിഴക്കന്‍ പ്രവിശ്യ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖ ഇടപെട്ട് പരിഹാരമുണ്ടാക്കി. ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന 29 തൊഴിലാളികള്‍ക്ക് വേതന കുടിശ്ശിക, സര്‍വീസ് ആനുകൂല്യ വകയില്‍ ലഭിക്കാനുള്ള 15 ലക്ഷം റിയാല്‍, തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖ ഇടപെട്ട് ലഭ്യമാക്കി. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് ലേബര്‍ ഓഫീസുകള്‍ സത്വര നടപടികള്‍ സ്വീകരിക്കുന്നതായി കിഴക്കന്‍ പ്രവിശ്യ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുറഹ്മാന്‍ അല്‍ മുഖ്ബില്‍ ഇന്ത്യന്‍ എംബസി അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അറിയിച്ചു.
കിഴക്കന്‍ പ്രവിശ്യയിലെ മൂന്നു കമ്പനികളിലെ തൊഴിലാളികള്‍ക്ക് വേതന കുടിശ്ശിക ലഭ്യമാക്കിയിട്ടുണ്ട്. ജോലി മതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജോലിയില്‍ തുടരുന്നതിന് ആഗ്രഹിക്കുന്നവരുടെ ഇഖാമകള്‍ പുതുക്കി നല്‍കും. കമ്പനികളിലെ ജീവനക്കാര്‍ക്ക് ആരോഗ്യ പരിചരണങ്ങളും മറ്റു അടിസ്ഥാന സേവനങ്ങളും ലഭ്യമാക്കുമെന്നും അബ്ദുറഹ്മാന്‍ അല്‍ മുഖ്ബില്‍ പറഞ്ഞു.
സ്വകാര്യ കമ്പനി ജീവനക്കാരായ 29 തൊഴിലാളികളുടെ പ്രശ്‌നത്തിന് അല്‍കോബാര്‍ ലേബര്‍ ഓഫീസാണ് കഴിഞ്ഞ ദിവസം പരിഹാരമുണ്ടാക്കിയത്. വേതന കുടിശ്ശിക ഇനത്തിലും സര്‍വീസ് ആനുകൂല്യമായും ലഭിക്കാനുള്ള 15 ലക്ഷം റിയാല്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കി. ജോലിയില്‍ തുടരുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സംവിധാനവും സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനു വേണ്ട നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നല്‍കുന്നത് ഉറപ്പുവരുത്തുന്ന നിലക്കാണ് തൊഴില്‍ പ്രശ്‌നത്തിന് അല്‍കോബാര്‍ ലേബര്‍ ഓഫീസ് പരിഹാരം കണ്ടത്.

 

 

Latest News