Sorry, you need to enable JavaScript to visit this website.

ദമാമില്‍ ജയില്‍ മോചിതനായ പ്രമോദ് നാട്ടിലേക്ക്

ദമാം- രണ്ട് വര്‍ഷം മുമ്പ് യു.പി സ്വദേശിയുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ തുഖ്ബാ ജയിലിലായ നിലമ്പൂര്‍ തേള്‍പ്പാറ സ്വദേശി പ്രമോദിന് ഇത് പുനര്‍ജന്മം. സുമനസ്സുകള്‍ ഒറ്റക്കെട്ടായി ശ്രമിച്ചതിന്റെ ഫലമായാണ് അപകടത്തില്‍ മരിച്ച മുഹമ്മദ് സീഷാന്‍ (30) ന്റെ കുടുംബത്തിന് മോചനദ്രവ്യം നല്‍കി ജയില്‍മോചനം നേടാന്‍ സാധിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ മൊത്തം സ്വപ്നങ്ങളുമായി 2015 ലാണ് പ്രമോദ് ഖത്തീഫിലെ ഒരു നിര്‍മാണ കമ്പനിയില്‍ ഡ്രൈവറായി ജോലിക്കെത്തുന്നത്.
2016 ഒക്‌ടോബറില്‍, ദഹ്‌റാന്‍-ദമാം റോഡില്‍ പുലര്‍ച്ചെയായിരുന്നു പ്രമോദിന്റെ ജീവിതത്തെ മാറ്റിയ അപകടം. കനത്ത മൂടല്‍മഞ്ഞ് കാരണം കാഴ്ച മങ്ങിയതു കാരണം എതിര്‍ദിശയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ പ്രമോദ് ഓടിച്ച വാഹനം ചെന്ന് ഇടിക്കുകയായിരുന്നു. നിര്‍ത്തിയിട്ട വാഹനത്തിലുണ്ടായിരുന്ന മുഹമ്മദ് സീഷാന്‍ തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് തുഖ്ബാ ട്രാഫിക് പോലീസ് പ്രമോദിനെ അറസ്റ്റ് ചെയ്തു. വാഹനം സ്വന്തം കമ്പനിയുടെ പേരിലല്ലാത്തതും ഇന്‍ഷുറന്‍സ് ഇല്ലാത്തതുമാണ് കൂടുതല്‍ വിനയായത്.
നീണ്ട എട്ട് മാസത്തെ ജയില്‍വാസത്തിനിടെ കമ്പനി അധികൃതരില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചില്ല. ഇക്കാര്യം ശ്രദ്ധയില്‍പെട്ട ദമാം നവോദയ സാംസ്കാരിക വേദി കേന്ദ്ര നേതൃത്വം, ഒരു സൗദി പൗരന്റെ ജാമ്യത്തില്‍ പ്രമോദിനെ പുറത്തിറക്കി. തുടര്‍ന്ന് പ്രമോദിനെ സഹായിക്കുന്നതിന് മുഹമ്മദ് നജാത്തി (ചെയര്‍മാന്‍), ആരിഫ് നിലമ്പൂര്‍ (കണ്‍വീനര്‍), രാജേഷ് ആനമങ്ങാട് (ജോയിന്റ് കണ്‍വീനര്‍), ഷമീം മലപ്പുറം (ട്രഷറര്‍), ഷാജി പനോലന്‍ (ജോ. ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളും നാസ് വക്കം, ഇ.എം കബീര്‍, ശ്രീകുമാര്‍ കോഴിക്കോട് എന്നിവര്‍ രക്ഷാധികാരികളുമായി ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചു.
സുമനസ്സുകളുടെ സഹായത്തോടെ മരിച്ച മുഹമ്മദ് സീഷാന്റെ കുടുംബവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കാമെന്നും മാപ്പ് നല്‍കണമെന്നും അഭ്യര്‍ഥിച്ചു. കുടുംബം മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍കോബാര്‍ അസീസിയ്യ കോടതിയില്‍ മോചനദ്രവ്യം കെട്ടിവെക്കുകയായിരുന്നു. മരിച്ച മുഹമ്മദ് സീഷാന് കുട്ടികളില്ല.
വിഷയത്തില്‍ സജീവമായി ഇടപെട്ട ജനകീയ കമ്മിറ്റിക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ഇരു കുടുംബങ്ങളും നന്ദി രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് ജനകീയ കമ്മിറ്റി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രമോദിന്റെ സാന്നിധ്യത്തില്‍ ദമാമില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തു വിശദീകരിച്ചു. നഷ്ടപരിഹാര തുകക്കു പുറമേ പ്രമോദിനു മൂന്നു ലക്ഷത്തോളം രൂപ സഹായമായി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം എക്‌സിറ്റ് നേടിയ പ്രമോദ് രണ്ടു ദിവത്തിനകം നാട്ടിലെത്തും. വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് നജാത്തി, ഇ.എം കബീര്‍, ഷമീം മലപ്പുറം, മോഹന്‍ദാസ്, ആരിഫ് നിലമ്പൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

 

Latest News