Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തി; ലോക്‌സഭയില്‍ വിട ചൊല്ലി മോഡി

ന്യൂദല്‍ഹി- ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്താനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്‌സഭയില്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ അവകാശപ്പെട്ടു.
ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റിയെന്ന് 16-ാം ലോക്‌സഭയുടെ അവസാന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. നൂറുശതമാനം രാഷ്ട്രത്തോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞെന്നും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് കൃത്യമായ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് രാജ്യം സാക്ഷിയായതെന്നും മോഡി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു പ്രധാനമന്ത്രി. കള്ളപ്പണത്തിനെതിരായ നിയമങ്ങള്‍ പാസാക്കിയത് ഈ ലോക്‌സഭയാണ്. അനാവശ്യമായ 1400 ല്‍ അധികമുള്ള നിയമങ്ങള്‍ സഭ റദ്ദുചെയ്തുവെന്നും മോഡി അവകാശപ്പെട്ടു.
ഈ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ശരാശി 85 ശതമാനം വിനിയോഗിക്കാന്‍ സാധിച്ചു. ആദ്യമായാണ് കൂടുതല്‍ വനിതകള്‍ കേന്ദ്ര മന്ത്രിമാരായത്. 16-ാം ലോക്‌സഭയിലേക്കാണ് ഏറ്റവും അധികം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നും ഇതില്‍ അഭിമാനിക്കണമെന്നും മോഡി പറഞ്ഞു. ഇതില്‍ 44 പേര്‍ ആദ്യമായി അംഗങ്ങളായവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ ലോകത്ത് ഇന്ത്യ സ്വന്തമായ സ്ഥാനം രേഖപ്പെടുത്തി. ലോകം കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ കാഠിന്യം കുറയ്ക്കാന്‍ ഇന്ത്യ അന്താരാഷ്ട്ര സഖ്യത്തിലൂടെ പരിശ്രമിച്ചു. സ്വയം പര്യാപ്തത കൈവരിക്കുന്നതില്‍ ഇന്ത്യ മുന്നോട്ടു കുതിച്ചു. മേക്ക് ഇന്‍ ഇന്ത്യ അത്തരത്തിലുള്ള ചുവടു വെപ്പായിരുന്നു. രാജ്യത്തിന്റെ ആത്മവിശ്വാസം ഉയര്‍ന്നത് നല്ല സൂചനയാണെന്നും വികസന കുതിപ്പിന് കളമൊരുക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയൊരു കാഴ്ചപ്പാട് ഉയര്‍ന്നുവന്നു. നേപ്പാളിലെ ഭൂചലനം, മാലദ്വീപിലെ ജലക്ഷാമം തുടങ്ങിയ സാഹചര്യങ്ങള്‍ അയല്‍ രാജ്യങ്ങളില്‍ ഉയര്‍ന്നു വന്നപ്പോള്‍ മനുഷ്യത്വപരമായ സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്. ഈ ലോക്‌സഭയിലാണ് ചരക്കുസേവന നികുതി പാസാക്കിയതെന്നും സഹകരണ മനോഭാവം ജി.എസ്.ടി നടപടിക്രമങ്ങളില്‍ ഉയര്‍ന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു.  

 

Latest News