Sorry, you need to enable JavaScript to visit this website.

കഞ്ചാവ് ലോഡ് പിടികൂടി; കടത്തുകാരന്‍ അറസ്റ്റില്‍

പാലക്കാട്- മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കുള്ള കഞ്ചാവ് ലോഡ് പിടികൂടി. കടത്തുകാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടില്‍ നിന്ന് മലബാര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് മൊത്തമായി കഞ്ചാവ് എത്തിച്ചു നല്‍കുന്ന തമിഴ്‌നാട് സ്വദേശിയെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കോങ്ങാട് പോലീസും ചേര്‍ന്ന് പിടികൂടി. മധുര ജില്ല ഉസുലംപട്ടി തിമ്മനത്തം സ്വദേശി പെരിയസാമിയെയാണ് (33) ഇന്നലെ ഉച്ചക്ക് കോഴിക്കോട് ഹൈവേയില്‍ മുണ്ടൂര്‍ കയറംകോടം വെച്ച് പിടികൂടിയത്. 
തിരുപ്പൂരില്‍ നിന്നും മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്കായി വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. 
പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന്, നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി ഷംസുദ്ദീന്റെ മേല്‍നോട്ടത്തിലാണ് പ്രത്യേക സംഘം കഞ്ചാവ് കടത്ത് പിടികൂടിയത്.
ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ നിന്നും ലോഡു കണക്കിന് കഞ്ചാവാണ് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലെത്തിച്ച് സ്റ്റോക്കു ചെയ്തു വെച്ചിരിക്കുന്നത്. മുഖ്യമായും കമ്പം, തേനി, ഒട്ടന്‍ഛത്രം, പഴനി, ദിണ്ഡുഗല്‍, നാമക്കല്‍, സേലം, ഈറോഡ്, തിരുപ്പൂര്‍, ഉദുമല്‍പേട്ട്, പൊള്ളാച്ചി, കോയമ്പത്തൂര്‍, ആനമല എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്. ട്രെയിന്‍-ബസ് മാര്‍ഗമാണ് കഞ്ചാവു കടത്തിന് ഉപയോഗിച്ചു വരുന്നത്. മൊത്ത വിപണിയില്‍ ഒരു കിലോ 5000 രൂപക്ക് ലഭിക്കുന്ന കഞ്ചാവ് 50,000 രൂപക്കാണ് ചില്ലറ വിപണിയില്‍ വിറ്റഴിക്കുന്നത്. കൂടുതലും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും അന്യസംസ്ഥാന തൊഴിലാളികളുമാണ് കഞ്ചാവ് ഉപഭോക്താക്കള്‍. ചെറിയ പായ്ക്കറ്റ് കഞ്ചാവിന് 500 രൂപയാണ് ഈടാക്കുന്നത്.
കഞ്ചാവിന്റെ  ഉറവിടത്തെപ്പറ്റി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് പോലീസുമായി സഹകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ചയാണ് തേനി സ്വദേശി മൊക്കരാജിനെ എട്ട് കിലോ കഞ്ചാവുമായി പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്. 
പ്രതിയെ കോടതിയില്‍ റിമാന്റ് ചെയ്തു.
ജില്ലാ ലഹരി വിരുദ്ധ സേനയിലെ അംഗങ്ങളായ കോങ്ങാട് എസ്.ഐ അനീഷ്, ടൗണ്‍ നോര്‍ത്ത് എസ്.ഐ ആര്‍.രഞ്ജിത്ത്, ജലീല്‍, ബി.നസീറലി, ആര്‍. കിഷോര്‍, അഹമ്മദ് കബീര്‍, ആര്‍. രാജീദ്, എസ്.ഷമീര്‍, കോങ്ങാട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ വി.ഉദയകുമാര്‍, എം.എച്ച്.സുല്‍ഫിക്കര്‍, സി.പി.ഒമാരായ അനീഷ്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

Latest News