Sorry, you need to enable JavaScript to visit this website.

മോഡിക്കെതിരെ കേന്ദ്ര മന്ത്രിയുടെ ട്വീറ്റ്! ബിജെപി ഐടി സെല്ലിന്റെ അണിയറ പ്രവര്‍ത്തനം പൊളിച്ചടുക്കിയത് ഇങ്ങനെ

ന്യുദല്‍ഹി- ട്വിറ്ററും ബിജെപിയും പോര് തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ചോദ്യം ചെയ്യാന്‍ ട്വിറ്റര്‍ മേധാവിയെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു നോക്കിയെങ്കിലും അദ്ദേഹം തിരിഞ്ഞു നോക്കുക പോലും ചെയ്തിട്ടില്ല. വ്യാജ വാര്‍ത്താ പ്രചരണത്തിന് മറ്റു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളെ പോലെ ട്വിറ്ററിനെ ഉപയോഗപ്പെടുത്താനാകുന്നില്ല എന്നതാണ് ഈ പോരിന്റെ കാരണമെന്നാണ് പറയപ്പെടുന്നത്. ഏതായാലും ട്വിറ്ററില്‍ മോഡിക്കും കൂട്ടര്‍ക്കും ഈയിടെയായി എട്ടിന്റെ പണികളാണ് കി്ട്ടിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ബുധനാഴ്ച കേന്ദ്ര മന്ത്രിയുടേയും മറ്റനേകം ബിജെപി അനൂകൂല ഹാന്‍ഡിലുകളിലേയും ട്വീറ്റുകള്‍ കണ്ടവര്‍ ആദ്യമൊന്ന് അമ്പരന്നു. തീര്‍ത്തും മോഡി സര്‍ക്കാരിനെതിരായിരുന്നു ഇവ. മധ്യവര്‍ഗത്തിനു വേണ്ടി കാര്യമായ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും മോഡിയുടെ അജണ്ടയില്‍ താഴ്ന്ന സ്ഥാനമാണുള്ളതെന്നായിരുന്നു മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ ട്വീറ്റ്. തുടര്‍ച്ചായയി വീണ്ടും വന്നു മന്ത്രിയുടെ സര്‍ക്കാര്‍ വിരുദ്ധ ട്വീറ്റുകള്‍. ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി മന്ത്രി തന്നെ ട്വീറ്റു ചെയ്തതും ചര്‍ച്ചയായതോടെ ട്വീറ്റ് അപ്രത്യക്ഷമായി. എങ്കിലും ഇത് എങ്ങിനെ വന്നു എന്ന ചോദ്യം ബാക്കിയായി. 

ഇതിനെ കുറിച്ചുള്ള അന്വേഷണമാണ് ബിജെപി ഐടി സെല്ലിന്റെ അണിയറ നീക്കങ്ങളുടെ കള്ളി വെളിച്ചത്താക്കിയത്. നിശ്ചിത ഹാഷ് ടാഗുകളോടെ മുന്‍ കൂട്ടി തയാറാക്കുന്ന നിരവധി ട്വീറ്റുകള്‍ അടങ്ങിയ ഒരു ഡോക്യൂമെന്റ് ബിജെപി ഐടി സെല്‍ തയാറാക്കി ഇത് വിവിധ പാര്‍ട്ടി ഘടകങ്ങള്‍ക്കും അതുവഴി അണികളിലുമെത്തിച്ച് ട്വിറ്ററില്‍ ആസൂത്രിതമായി ഇടപെടുന്നതാണ് ബിജെപി രീതി. കേന്ദ്ര മന്ത്രിമാര്‍, ഉന്നത ബിജെപി നേതാക്കള്‍ എന്നിവരടക്കം ആയിരക്കണക്കിന് ആളുകളിലേക്ക് ഗുഗ്ള്‍ ഡ്രൈവ് മുഖേനയോ അല്ലെങ്കില്‍ സമാന വഴികളിലൂടെയോ ആണ് ഈ ഡോക്യൂമെന്റ് പങ്കിടുന്നത്. ഇത് ലഭിക്കുന്നവര്‍ ഇതിലെ ട്വീറ്റുകള്‍ കണ്ണടച്ച് അക്ഷരം പ്രതി കോപി പേസ്റ്റ് ചെയ്ത് ട്വീറ്റ് ചെയ്യുന്നതാണ് തുടര്‍ന്നു വരുന്ന രീതി. 

എന്നാല്‍ ഈ ഡോക്യൂമെന്റ് ആരോ ഹാക്ക് ചെയ്ത് എഡിറ്റ് ചെയ്ത് അതില്‍ മോഡി വിരുദ്ധ ട്വീറ്റുകള്‍ ഉള്‍പ്പെടുത്തിയതാണ് ബുധനാഴ്ച ബിജെപിയെ വെട്ടിലാക്കിയത്. എഡിറ്റ് ചെയ്യപ്പെട്ട ഡോക്യൂമെന്റില്‍ നിന്നും മോഡി സര്‍ക്കാര്‍ വിരുദ്ധ ട്വീറ്റുകള്‍ അതേപടി പകര്‍ത്തി ട്വീറ്റ് ചെയ്തത് ആയിരങ്ങളാണ്. ഇതില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്‌നെ കുടാതെ ചില സംസ്ഥാന ബിജെപി കമ്മിറ്റിയും പെട്ടുപോയി. എത്ര ബിജെപിക്കാരാണ് ബിജെപി വിരുദ്ധ ട്വീറ്റ് പകര്‍ത്തിയതെന്നും പോലും വ്യക്തമല്ല.

ഒരു കേന്ദ്ര മന്ത്രി എന്തു ട്വീറ്റ് ചെയ്യണമെന്നു തീരുമാനിക്കണമെങ്കില്‍ ബിജെപി ഐടി സെല്‍ തയാറാക്കിയ ട്രെന്‍ഡിങ് ഡോകുമെന്റ് ഒന്നു എഡിറ്റ് ചെയ്താല്‍ മതിയെന്നതാണ് സ്ഥിതി എന്ന് ഫാക്ട് ചെക്കിങ് വാര്‍ത്താ പോര്‍ട്ടലായ ഓള്‍ട്ട് ന്യൂസ് എഡിറ്റര്‍ പ്രതീക് സിന്‍ഹ ചൂണ്ടിക്കാട്ടുന്നു. ഈ ഡോക്യൂമെന്റ് എങ്ങനെ എഡിറ്റ് ചെയ്യാമന്നു വ്യക്തമാക്കുന്ന ഒരു വിഡിയോയും പ്രതീക് സിന്‍ഹ പുറത്തു വിട്ടിട്ടുണ്ട്.

ഇത് ചിരിക്കാന്‍ വകനല്‍കുന്ന ഒന്നായി തോന്നിയേക്കാമെങ്കിലും, സര്‍ക്കാരുമായി ബന്ധമില്ലാത്ത ഒരാള്‍ ബിജെപി ഓഫീസിലിരുന്ന് കേന്ദ്ര മന്ത്രിയുടെ ട്വീറ്റുകള്‍ നിയന്ത്രിക്കുന്നുവെന്ന് തുറന്നു കാട്ടുകയാണ് ഇതിന്റെ ലക്ഷ്യമെന്നും സിന്‍ഹ പറഞ്ഞു.
 

Latest News