Sorry, you need to enable JavaScript to visit this website.

പൊതുമേഖലാ ബാങ്കുകൾക്ക്  ഷൈലോക്കിന്റെ  ശൈലി പാടില്ല -മനുഷ്യാവകാശ കമ്മീഷൻ 

മലപ്പുറം-വിദ്യാർഥികളുടെ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ 2000 രൂപ ഈടാക്കുന്ന പൊതുമേഖലാ ബാങ്ക് വട്ടിപ്പലിശക്കാരനായ ഷൈലോക്കിന്റെ ശൈലി സ്വീകരിക്കരുതെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സാധാരണക്കാരായ ബാങ്ക് ഇടപാടുകാർക്കു വായിച്ച് മനസ്സിലാക്കുന്നതിനായി ബാങ്ക് ഇടപാടുകളെക്കുറിച്ചു മലയാളത്തിൽ ലഘുലേഖകൾ തയാറാക്കി വിതരണം ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 
അക്കൗണ്ട് ഉടമകളിൽ നിന്നു ഈടാക്കുന്ന പ്രതിഫലം, പലിശ എന്നിവ ഏകപക്ഷീയമായി ബാങ്ക് നിശ്ചയിക്കരുതെന്നും കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. വരുമാനമില്ലാത്ത വിദ്യാർഥികളുടെ അക്കൗണ്ടിൽ നിന്നു പോലും പിഴ ഈടാക്കുന്ന വ്യവസ്ഥകളും നടപടിക്രമങ്ങളും ബാങ്ക് അധികൃതർ ഒഴിവാക്കണം. സാധാരണക്കാരുടെ താത്പര്യം ബാങ്കുകളിൽ സംരക്ഷിക്കാൻ ചീഫ് സെക്രട്ടറി ശക്തമായ ഇടപെടൽ നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 
എസ്ബിഐ തിരൂർ താഴെപ്പാലം ശാഖയിലുള്ള സ്റ്റുഡന്റ് അക്കൗണ്ടിൽ നിന്നു മിനിമം ചാർജ് ഇല്ലെന്ന പേരിൽ പിഴ ഈടാക്കിയതിനെതിരെ താനാളൂർ ഇടമരാമത്ത് വീട്ടിൽ ഇ. മൻസൂർ നൽകിയ പരാതിയിലാണ് നടപടി. 
എന്നാൽ പരാതിക്കാരനു ബാങ്കിൽ ഉണ്ടായിരുന്നതു സാധാരണ അക്കൗണ്ട് ആയിരുന്നുവെന്നും അതിനാലാണ് പിഴ ഈടാക്കിയതെന്നും എസ്ബിഐ കമ്മീഷനെ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, എസ്ബിഐയിൽ ലയിച്ചശേഷം ഇടപാടുകളിലെ മാനുഷികത നഷ്ടമായെന്ന പരാതികൾ വ്യാപകമാണെന്നു കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പഠനത്തിനു വേണ്ടി തുറക്കുന്ന അക്കൗണ്ടിൽ നിന്നു പിഴ ഈടാക്കുന്നതു അഭിമാനകരമല്ലെന്നും വമ്പിച്ച വരുമാനം സുരക്ഷിതമായി സൂക്ഷിക്കാനല്ല പരാതിക്കാരൻ ബാങ്കിലെത്തിയതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 
ഇടപാടുകളും ബാങ്ക് വ്യവസ്ഥകളും മലയാളത്തിൽ അച്ചടിച്ച് അക്കൗണ്ട് ഉടമകൾക്കു വിതരണം ചെയ്തിരുന്നെങ്കിൽ ഇത്തരം പരാതികൾ ഉണ്ടാകുമായിരുന്നില്ലെന്നു കമ്മീഷൻ നിരീക്ഷിച്ചു. എസ്ബിഐ ചീഫ് ജനറൽ മാനേജർക്കും ചീഫ് സെക്രട്ടറിക്കുമാണ് ഉത്തരവ് നൽകിയത്.  

 

Latest News