Sorry, you need to enable JavaScript to visit this website.

ചികിത്സാ പിഴവ്: ബ്രിട്ടനില്‍ ആയിരങ്ങള്‍ക്ക്  വീണ്ടും ശസ്ത്രക്രിയ വേണ്ടി വരും 

ലണ്ടന്‍ : ബ്രിട്ടീഷ് ആരോഗ്യ രംഗത്തിന് നാണക്കേടായി മറ്റൊരു ഗുരുതര പിഴവ്. എല്ല് ഒടിഞ്ഞതിന് ചികിത്സ തേടിയ ആയിരക്കണക്കിന് രോഗികള്‍ക്ക് വീണ്ടും സര്‍ജറി വേണ്ടി വരുമെന്ന ആശങ്ക ഉണ്ടായിരിക്കുകയാണ്. കൈയിലെയും, കാലിലെയും നീളമുള്ള എല്ലുകള്‍ പൊട്ടിയതിന് കഴിഞ്ഞ വര്‍ഷം മെറ്റല്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച 5500 രോഗികളുടെ എക്‌സ്‌റേ പുനഃപ്പരിശോധിക്കാനാണ് ഹോസ്പിറ്റലുകള്‍ക്ക് ഉത്തരവ് നല്‍കിയത്. ഒരു ട്രസ്റ്റിലെ ഏഴ് രോഗികള്‍ക്കാണ് എല്ലുകള്‍ വീണ്ടും വളര്‍ന്നുവരാനുള്ള കട്ടിയുള്ള പ്ലേറ്റുകള്‍ക്ക് പകരം കട്ടി കുറഞ്ഞ പ്ലേറ്റുകള്‍ ഘടിപ്പിച്ചതായി കണ്ടെത്തിയത്. ഇതോടെയാണ് ദേശീയ തലത്തില്‍ 141 ട്രസ്റ്റില്‍ റിവ്യൂ നടത്താന്‍ എന്‍എച്ച്എസും, ബ്രിട്ടീഷ് ഓര്‍ത്തോപീഡിക് അസോസിയേഷനും പ്രഖ്യാപിച്ചത്. തെറ്റായ ഇനം മെറ്റല്‍ പ്ലേറ്റുകള്‍ കണ്ടെത്തിയതോടെ നീക്കം ചെയ്യാന്‍ വീണ്ടും സര്‍ജറി നേരിടേണ്ട അവസ്ഥയുണ്ടാവും.
രണ്ട് കേസുകളില്‍ രോഗികള്‍ വീഴുകയും പ്ലേറ്റുകള്‍ വളഞ്ഞ് പോകുകയും ചെയ്തു. ഇവരുടെ പരുക്ക് ശരിപ്പെടുത്താന്‍ വീണ്ടും സര്‍ജറി നടത്തേണ്ടിയും വന്നു. ഓപ്പറേഷന് ശേഷമുള്ള ഫിസിയോതെറാപ്പി ചെയ്യുന്നതിനിടെയാണ് പ്ലേറ്റ് കുഴപ്പമുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ മറ്റൊരു രോഗിക്ക് വീണ്ടും സര്‍ജറി നല്‍കിയത്. കൈത്തണ്ട്, തുടയെല്ല്, അപ്പര്‍ ആം ബോണ്‍, ഷിന്‍ ബോണ്‍ തുടങ്ങിയ ഭാഗങ്ങള്‍ക്ക് ഇംഗ്ലണ്ടിലെ 141 എന്‍എച്ച്എസ് ട്രസ്റ്റുകളിലും സര്‍ജറി നടന്നിട്ടുണ്ടെന്നാണ് കണക്ക്. മെയ് മാസത്തിനുള്ളില്‍ രോഗികളുടെ എക്‌സ്‌റേ പരിശോധിച്ച് ആര്‍ക്കൊക്കെ തെറ്റായ പ്ലേറ്റ് ഘടിപ്പിച്ചെന്ന് കണ്ടെത്താനാണ് നീക്കം. തെറ്റായ പ്ലേറ്റ് ഘടിപ്പിച്ചെന്ന് കണ്ടെത്തുന്ന രോഗികള്‍ക്ക് വീണ്ടും സര്‍ജറി നേരിടേണ്ടി വരും. 

Latest News