Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമായി; സുവര്‍ണാവസരം നഷ്ടപ്പെടുമെന്ന് ആശങ്ക

കൊച്ചി-ശബരിമല സ്ത്രീ പ്രവേശന വിഷയം ബി.ജെ.പിക്ക് സുവര്‍ണാവസരമാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ കണക്കുകൂട്ടുന്നതെങ്കിലും പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ തമ്മിലടി ഇത് നഷ്ടപ്പെടുത്തുമെന്ന ആശങ്ക ശക്തമായി. തിരുവനന്തപുരത്ത് പി.പി മുകുന്ദന്‍ റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഞെട്ടിയ ബി.ജെ.പി ക്യാമ്പില്‍ ഗ്രൂപ്പ് പോര് വരും ദിനങ്ങളില്‍ ശക്തമാകുമെന്നാണ് സൂചന.
ബി.ജെ.പി സംസ്ഥാന ഘടകത്തിലെ മുരളീധര- കൃഷ്ണദാസ് പക്ഷങ്ങള്‍ തമ്മിലാണ് വിവിധ സീറ്റുകള്‍ക്കായി തര്‍ക്കം രൂക്ഷമായത്. ബി ജെ പി മത്സരിക്കുമെന്ന് ഉറപ്പിച്ചിരിക്കുന്ന 16 മണ്ഡലങ്ങളിലേക്ക് ഇരു ഗ്രൂപ്പുകളും വേവ്വേറെ സ്ഥാനാര്‍ഥി പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യവ്യാപകമായി തിരിച്ചടി ഭയക്കുന്ന ബി.ജെ.പി ദേശീയ നേതൃത്വം ഇത്തവണ കേരളത്തില്‍ സീറ്റ് നേടണമെന്ന അന്ത്യശാസനം നല്‍കിയിട്ടും ഗ്രൂപ്പുകള്‍ തമ്മില്‍ ഇടച്ചില്‍ തുടരുകയാണ്. നിലവില്‍ കൃഷ്ണദാസ് പക്ഷത്തോട് അനുഭാവം പുലര്‍ത്തുന്ന സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് തിരിച്ചടി നല്‍കണമെന്ന ആവശ്യവും മുരളീധരപക്ഷത്ത് സജീവമാണ്.
തിരുവനന്തപുരം, തൃശ്ശൂര്‍, പത്തനംതിട്ട എന്നീ മണ്ഡലങ്ങളില്‍ എവിടെയെങ്കിലും കെ.സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് മുരളീധരപക്ഷം മുന്നോട്ടു വെച്ചിട്ടുള്ളത്. എന്നാല്‍ ഈ ആവശ്യത്തോട് കൃഷ്ണദാസ് പക്ഷത്തിന് വിമുഖതയാണ്. തൃശ്ശൂരില്‍ എ.എന്‍ രാധാകൃഷ്ണന്റെയും പത്തനംതിട്ടയില്‍ എം.ടി രമേശിന്റെയും പേരുകളാണ് കൃഷ്ണദാസ് പക്ഷം മുന്നോട്ടു വെയ്ക്കുന്നത്. തിരുവനന്തപുരത്ത് പൊതുസമ്മതനെ നിര്‍ത്തണമെന്നും അവര്‍ വാദിക്കുന്നു. ശബരിമല സമരത്തിലടക്കം പങ്കെടുത്ത കെ.സുരേന്ദ്രനെ തൃശ്ശൂരിലടക്കം പരിഗണിച്ചില്ലെങ്കില്‍ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം കനത്ത വില നല്‍കേണ്ടി വരുമെന്ന് മുരളീധരപക്ഷം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
നിലവില്‍ ബി.ഡി.ജെ.എസ് കണ്ണുവെച്ചിരിക്കുന്ന ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ മണ്ഡലങ്ങള്‍ വിട്ട് നല്‍കേണ്ടതില്ലെന്ന നിലപാടില്‍ ഗ്രൂപ്പുകള്‍ തുടരുമ്പോഴും തമ്മിലടി രൂക്ഷമായാല്‍ ഈ മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് വിട്ട് നല്‍കാനും സംസ്ഥാന നേതൃത്വം തയ്യാറായേക്കും. കൃഷ്ണദാസ് പക്ഷത്തോട് അടുപ്പം കാട്ടുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള തിരുവനന്തപുരം അടക്കമുള്ള മണ്ഡലങ്ങളിലേക്ക് ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നവരെ കൊണ്ടുവരാനുള്ള കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്. മുരളീധരപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കുന്നതിനോട് ശ്രീധരന്‍ പിള്ളയ്ക്ക് യോജിപ്പില്ല. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിയുടെ ആക്കം കൂട്ടാന്‍ ആലപ്പുഴയിലെ ചില മുരളീധരപക്ഷനേതാക്കള്‍ ചരട് വലിച്ചെന്ന ആരോപണവും പിള്ള വിഭാഗം മുന്നോട്ടുവെയ്ക്കുന്നുണ്ട്. ശബരിമല രാഷ്ട്രീയ സുവര്‍ണാവസരമാക്കി വോട്ട് നേടാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം തുടങ്ങിവെച്ച സമരത്തില്‍ മുരളീധരപക്ഷത്തെ മാറ്റി നിര്‍ത്തിയതും നേതാക്കള്‍ക്കിടയില്‍ ചേരിതിരിവിന് കാരണമായി. ഇതോടെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടാനുള്ള ബി.ജെ.പിയുടെ തന്ത്രം പാളുമോയെന്ന ആശങ്കയാണ് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്തിരിക്കുന്നത്. തെരെഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആര്‍.എസ്.എസിന് പുതിയ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തിയുണ്ട്.

 

 

Latest News