Sorry, you need to enable JavaScript to visit this website.

ബിജെപി പ്രവര്‍ത്തകരോട് ഏറ്റുമുട്ടിയ അലിഗഢ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്

അലിഗഢ്- ബിജെപി പ്രവര്‍ത്തകരെ പ്രവേശന കവാടത്തില്‍ തടഞ്ഞ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉത്തര്‍ പ്രദേശ് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. വിദ്യാര്‍ത്ഥികള്‍ അതിക്രമം നടത്തിയെന്നും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നും ചൂണ്ടിക്കാട്ടി പ്രാദേശിക ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കഴിഞ്ഞ ദിവസം യുണിവേഴ്‌സിറ്റി പ്രധാന കവാടത്തിനു പുറത്താണ് സംഭവമുണ്ടായത്. സംഘപരിവാര്‍, ബിജെപി അനൂകൂല വാര്‍ത്താ ചാനലായ റിപബ്ലിക് ടിവിയുടെ സംഘം അനുമതിയില്ലാതെ കാമ്പസില്‍ ഷൂട്ട് ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുകയും ഇവരെ പുറത്താക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരുമായി വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്. കാമ്പസിലേക്കു പ്രവേശിക്കാനുള്ള ബിജെപി പ്രവര്‍ത്തകരുടെ ശ്രമത്തേയും വിദ്യാര്‍ത്ഥികള്‍ തടഞ്ഞിരുന്നു. ബൈക്കുകളില്‍ ബിജെപി സ്റ്റിക്കര്‍ കണ്ട വിദ്യാര്‍ത്ഥികള്‍ തങ്ങളെ ആക്രമിച്ചെന്നും സംഘര്‍ഷത്തിനിടെ അവര്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നുമാണ് മുകേഷ് കുമാര്‍ ലോഡി എന്ന ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്.

യുണിവേഴ്‌സിറ്റി അധികൃതരുടെ അനുമതിയില്ലാതെ ക്യാമ്പസില്‍ ഷൂട്ട് ചെയ്യുകയും ഇത് എതിര്‍ത്ത യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥരോടും കാമ്പസിലെ സെക്യൂരിറ്റി ജിവനക്കാരോടും മോശമായി പെരുമാറുകയും ചെയ്തതിനാണ് വിദ്യാര്‍ത്ഥികള്‍ റിപ്പബ്ലിക് ടിവി സംഘത്തെ ചോദ്യം ചെയ്തത്. ടിവി സംഘത്തെ പിന്നീട് കാമ്പസില്‍ നിന്ന് പുറത്താക്കി. ഇവരും വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് വ്യാപക പ്രതിഷേധത്തിനിടയാക്കി. ഇതു പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി അലിഗഢില്‍ ഇന്റര്‍നെറ്റ് ലഭ്യത താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. റാപിഡ് ആക്ഷന്‍ ഫോഴ്‌സിനെ കാമ്പസ് പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കിടെ ഒരു എബിവിപി പ്രവര്‍ത്തകന്റെ ബൈക്കിന് തീയിട്ടു. യൂണിവേഴ്‌സിറ്റി കാമ്പസിലേക്കുള്ള മുഖ്യ അപ്രോച് റോഡ് അടച്ചിട്ടിരിക്കുകയാണ്.
 

Latest News