രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു; മുത്തലാഖ്, പൗരത്വ ബില്ലുകള്‍ അസാധുവായി

ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാന ദിവസം രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതോടെ വിവാദങ്ങള്‍ ഉയര്‍ത്തിയ മുത്തലാഖ്, പൗരത്വ ബില്ലുകള്‍ അസാധുവായി. ബിജെപി നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട ഈ ബില്ലുകള്‍ക്ക് ബിജെപി സഖ്യകക്ഷികളില്‍ നിന്നു തന്നെ കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. രാജ്യസഭയുടെ നിയമനിര്‍മാണ നടപടി പ്രകാരം ലോക്‌സഭയില്‍ പാസാക്കപ്പെട്ട ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കാനായില്ലെങ്കില്‍ ലോക്‌സഭ പിരിച്ചുവിടുന്നതോടെ അവ അസാധുവാകും. എന്നാല്‍ ലോക്‌സഭയില്‍ പാസാക്കാത്ത ബില്ലുകള്‍ നിലനില്‍ക്കും. 

വിവാദമായ പൗരത്വ (ഭേദഗതി) ബില്‍, 2019, മുസ്ലിം സ്ത്രീകളുടെ വിവാഹ സംരക്ഷണ ബില്‍, 2018 എന്നീവ ലോക്‌സഭയില്‍ അവതരിപ്പിച്ചതും പാസാക്കപ്പെട്ടതുമാണ്. ശേഷം രാജ്യസഭയിലെത്തിയതായിരുന്നു ഇവ. പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ ഈ ബില്ലുകള്‍ ഇനി പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ലോക്‌സഭയില്‍ ഒരിക്കല്‍ കൂടി പാസാക്കേണ്ടി വരും.

ഈ രണ്ടു ബില്ലുകള്‍ക്കു പുറമെ ഇന്ന് ഇന്ത്യന്‍ വ്യോമ സേനയുടെ മൂലധന സമാഹരണം സംബന്ധിച്ച സിഎജി റിപോര്‍ട്ടും രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ടു. കോളിളക്കമുണ്ടാക്കിയ റഫാല്‍ കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ച സിഎജിയുടെ വിലയിരുത്തല്‍ അടങ്ങിയതാണ് ഈ റിപോര്‍ട്ട്. 

ബിജെപി സര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ ഏതാനും മാസങ്ങളായി നടക്കുന്ന രൂക്ഷമായ പോരിന്റെ കേന്ദ്ര ബിന്ദുവാണ് അഴിമതി ആരോപിക്കപ്പെടുന്ന റഫാല്‍ കരാര്‍. ഈ കരാര്‍ സംബന്ധിച്ച പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ ബിജെപി സഖ്യകക്ഷിയായ ശിവസേനയും പിന്തുണച്ചിരുന്നു. മുത്തലാഖ് ബില്ലിനും പൗരത്വ ബില്ലിനുമെതിരെ വോട്ടു ചെയ്യുമെന്ന് ബിഹാറിലെ ബിജെപി സഖ്യമായ ജെഡിയുവും മുന്നറിയിപ്പു നല്‍കിയിരുന്നു.
 

Latest News