സൗദിയില്‍ ബിനാമി വേട്ട ഊര്‍ജിതമാക്കുന്നു; രണ്ട് വര്‍ഷത്തിനിടെ ചുമത്തിയത് ഒരു കോടി റിയാല്‍ പിഴ

റിയാദ് - സൗദി അറേബ്യയില്‍ ബിനാമി ബിസിനസുകള്‍ കണ്ടെത്താനും ശിക്ഷാ നടപടികള്‍ സ്വീകരിക്കാനുമുള്ള നടപടികള്‍ അധികൃതര്‍ ഊര്‍ജിതമാക്കി. ബിനാമി കേസ് പ്രതികള്‍ക്ക് രണ്ടു വര്‍ഷത്തിനിടെ രാജ്യത്തെ കോടതികള്‍ 10.5 ദശലക്ഷം റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. 2017, 2018 വര്‍ഷങ്ങളിലെ കണക്കാണിത്.   രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബിനാമി  സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം 30,000 കോടി റിയാല്‍ മുതല്‍ 40,000 കോടി റിയാലിന്റെ വരെ ബിസിനസുകളും ഇടപാടുകളും നടത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
ഉന്നതാധികൃതര്‍ അംഗീകരിച്ച ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാമുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വൈകാതെ പരസ്യപ്പെടുത്തും. വ്യത്യസ്ത ബിസിനസ്, നിക്ഷേപ മേഖലകളില്‍ സ്വന്തം നിലയില്‍ സ്ഥാപനങ്ങള്‍ നടത്തുന്നതിനും ബിസിനസ് നടത്തുന്നതിനും സൗദി പൗരന്മാര്‍ക്ക് അവസരമൊരുക്കുകയും ഇതിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുകയുമാണ് പദ്ധതി. സംരഭകര്‍ക്ക് ആവശ്യമായ സഹായങ്ങളും പിന്തുണകളും നല്‍കുന്നതിനു പുറമെ വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യും.
ബിനാമി ബിസിനസ് തടയുന്നതിലൂടെ ധന ഇടപാടുകള്‍ വ്യവസ്ഥാപിതമാക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന നിലയില്‍ പണം പുറത്തേക്കൊഴുകുന്നതിന് തടയിടുന്നതിനും സാധിക്കും. ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെ ഭാഗമായാണ് ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നത്. നിയമങ്ങള്‍ പരിഷ്‌കരിച്ചും നിരീക്ഷണം ശക്തമാക്കിയും ബോധവല്‍ക്കരണം ഊര്‍ജിതമാക്കിയും പത്തു സര്‍ക്കാര്‍ വകുപ്പുകളുടെ ശ്രമങ്ങള്‍ ഏകീകരിച്ചും ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. വാണിജ്യ-നിക്ഷേപ, ആഭ്യന്തര, തൊഴില്‍-സാമൂഹിക വികസന, മുനിസിപ്പല്‍-ഗ്രാമകാര്യ മന്ത്രാലയങ്ങളും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയും സകാത്ത്, നികുതി അതോറിറ്റിയും സാമൂഹിക വികസന ബാങ്കും സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റിയും കോ-ഓപ്പറേറ്റീവ് സൊസൈറ്റി കൗണ്‍സിലും ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നതില്‍ സഹകരിക്കുന്നു. ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം നടപ്പാക്കുന്നതിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും ഓരോ വകുപ്പിന്റെയും ചുമതലകള്‍ പ്രത്യേകം നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്.
ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും അവര്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുക്കുന്ന സൗദികള്‍ക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. കുറ്റക്കാരായ സൗദി പൗരന്മാര്‍ക്ക് അതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.

 

Latest News