കിരീടാവകാശിയുടെ ഏഷ്യന്‍ പര്യടനം: നിരവധി കരാറുകള്‍ ഒപ്പുവെക്കും

റിയാദ്- ചൈന സന്ദര്‍ശിക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചൈന-സൗദി അറേബ്യ ജോയിന്റ് കൗണ്‍സില്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ ഇതിന് കിരീടാവകാശിയെ ചുമതലപ്പെടുത്തി. വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് ചൈനയിലെയും സൗദിയിലെയും വാണിജ്യ മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി കര്‍മ സമിതി രൂപീകരിക്കുന്നതിന് ധാരണാപത്രം ഒപ്പുവെക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ സഹകരിക്കുന്നതിന് ദക്ഷിണ കൊറിയയുമായി കരാര്‍ ഒപ്പുവെക്കുന്നതിന് ആരോഗ്യ മന്ത്രിയെ മന്ത്രിസഭ അധികാരപ്പെടുത്തി.  പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ നടപ്പാക്കല്‍, എണ്ണ സംസ്‌കരണ, പെട്രോകെമിക്കല്‍, ധാതുസമ്പത്ത് എന്നീ മേഖലകളിലെ നിക്ഷേപാവസരങ്ങള്‍ പഠിക്കല്‍ എന്നീ മേഖലകളില്‍ പാക്കിസ്ഥാനുമായി ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുന്നതിന് ഊര്‍ജ, വ്യവസായ മന്ത്രിയെ നിയോഗിച്ചു.
ടെലികോം, ഐ.ടി മേഖലകളില്‍ ഇന്തോനേഷ്യയുമായി സഹകരിക്കുന്നതിന് ധാരണാപത്രം ഒപ്പുവെക്കുന്നതിന് വകുപ്പ് മന്ത്രിയെ അധികാരപ്പെടുത്തി. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മേഖലയില്‍ പരസ്പരം സഹകരിക്കുന്നതിന് ദക്ഷിണ കൊറിയയിലെ ഫിനാന്‍സ് സര്‍വീസസ് അതോറിറ്റിയുമായും ഫിനാന്‍ഷ്യല്‍ സൂപ്പര്‍വൈസറി അതോറിറ്റിയുമായും ധാരണാപത്രം ഒപ്പുവെക്കുന്നതിന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റിയെ അധികാരപ്പെടുത്തി. പുരാവസ്തു, മ്യൂസിയം മേഖലയില്‍ പാക്കിസ്ഥാനുമായി ധാരണാപത്രം ഒപ്പുവെക്കുന്നതിന് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനെയും പകര്‍പ്പവകാശ മേഖലയില്‍ ചൈനയുമായി ധാരണാപത്രം ഒപ്പുവെക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രിയെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മീഡിയ മന്ത്രി തുര്‍ക്കി അല്‍ശബാന അറിയിച്ചു.

 

Latest News