മഴ മൂടിക്കെട്ടിയ റമദാന്റെ പകലിൽ മതവിജ്ഞാനത്തിന്റെ തെളിനീരുറവയായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയെ കാണാനെത്തുമ്പോൾ അദ്ദേഹം പ്രഭാഷണത്തിലായിരുന്നു. പായക്കപ്പലിൽ ആഴി താണ്ടിയെത്തിയ അറബി സഞ്ചാരികൾ വാചാലമായ പ്രദേശമായ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂരിലാണ് പ്രഭാഷണം. പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ കാലത്ത് തന്നെ കൊല്ലത്ത് ഇസ്‌ലാം മതം പ്രചരിച്ചിരുന്നതായാണ് ചരിത്രം. അതുകൊണ്ട് തന്നെ മതമൈത്രിയുടെ ജീവിതാനുഭവങ്ങളുടെ ഏടുകളാണ് നോമ്പിന്റെ ഓർമയായി അദ്ദേഹം മറിച്ചത്.
കരുനാഗപ്പളളിയിൽ സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അഞ്ചാം വയസ്സ് മുതൽ നോമ്പ് നോറ്റ് തുടങ്ങിയിരുന്നു. ഉമ്മ മക്കളെ നോമ്പെടുപ്പിക്കുന്നതിൽ കണിശത പുലർത്തിയിരുന്നു. അത്താഴത്തിന് വിളിച്ചുണർത്തി വ്രതമെടുക്കാൻ പ്രത്യേകം ശീലിപ്പിക്കുമായിരുന്നു. നമസ്‌കാരത്തിന് വാപ്പയോടൊപ്പം പള്ളിയിൽ പോകും. സത്യത്തിൽ നോമ്പ് വരാൻ ആഗ്രഹിക്കുന്ന കാലഘട്ടമായിരുന്നു അത്. വൈകിട്ടും അത്താഴത്തിനും വിഭവ സമൃദ്ധമായ ഭക്ഷണം കിട്ടുമെന്നത് തന്നെയാണ് റമദാൻ കാലം വരാൻ ആഗ്രഹിച്ചിരുന്നത്. ഇടവിട്ട ദിവസങ്ങളിലും മഴയുള്ള സമയങ്ങളിലും നോമ്പ് നോൽക്കാൻ വീട്ടുകാർ നിർബന്ധിപ്പിക്കും. ക്ഷീണമില്ലാതിരിക്കാനാണിത്. അന്ന് ശീലിപ്പിക്കുന്നതുകൊണ്ടാണ് ഇന്നും റമദാൻ വ്രതം പ്രയാസമില്ലാതിരിക്കുന്നത്.
മുസ്‌ലിംകളും ഇതര മതസ്ഥരും തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ഞാൻ ജനിച്ചു വളർന്ന പ്രദേശം. അയൽവക്കത്തെ കുട്ടികളുടെ കൂട്ടുകാരനായി ഞാനും മാറി. എന്റെ ഉമ്മയോളം സ്‌നേഹം അവിടെയുളള കൂട്ടുകാരുടെ അമ്മമാരിൽ നിന്നും ലഭിച്ചിരുന്നു.
നോമ്പ് നോറ്റുകൊണ്ട് അയൽവാസികളായ കുട്ടികളുടെ കൂടെ കളിക്കാൻ പോകും. നോമ്പ് എടുത്തിട്ടുണ്ടോയെന്ന് ചോദിച്ച് വിവരങ്ങൾ തേടും. അവർ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ മാത്രമാണ് ഞാൻ മാറിനിൽക്കുക. എന്റെ മുമ്പിൽ വെച്ച് ഭക്ഷണം കഴിക്കാനൊന്നും അവർ മുതിരില്ല. അന്നത്തെ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും കാലം ഇന്നില്ലെന്ന് വേണം പറയാൻ.
മതത്തിനപ്പുറം മനുഷ്യ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മറ്റൊരു അനുഭവം പറയാം. എല്ലാ മലയാള മാസം ഒന്നാം തീയതിയും ഞങ്ങളുടെ നാട്ടിൽ ഒന്നാം കയറുക എന്ന ചടങ്ങ് ഹൈന്ദവ സഹോദരങ്ങളുടെ വീടുകളിൽ നടക്കാറുണ്ട്. രാവിലെ പ്രത്യേക അതിഥിയായിരിക്കും അവരുടെ അന്നത്തെ വീട്ടിലേക്ക് ആദ്യം കയറി വരുന്നയാൾ. വർഷങ്ങളോളം എന്നെയാണ് അവരിൽ പലരും കൊണ്ടുപോയിരുന്നത്. ഉമ്മയോട് നേരത്തെ തന്നെ അമ്മമാർ പ്രത്യേകം അനുവാദവും വാങ്ങും. നോമ്പ് കാലത്തും അല്ലാത്തപ്പോഴും ഞാൻ ആദ്യ അതിഥിയായിട്ടുണ്ട്. റമദാൻ അല്ലാത്തപ്പോൾ എനിക്ക് അവർ പലഹാരങ്ങളും മറ്റും നൽകും. നോമ്പിന് നോമ്പുതുറ സമയമാവുമ്പോൾ എത്തിക്കും.
റമദാനിൽ രാത്രികാല മതപ്രഭാഷണങ്ങൾ ഉണ്ടാവാറുണ്ട്. മലബാറിലാണ് ഇത് കൂടുതൽ കണ്ടുവന്നിരുന്നത്. തലശ്ശേരിയിലും കാസർകോട്ടുമെല്ലാം രാത്രികാല റമദാൻ പ്രഭാഷണത്തിന് എത്തിയിരുന്നു. നാട്ടിൽ തറാവീഹ് നമസ്‌കാരം ഏറെ വൈകിയാണ് നടക്കാറുളളത്. ആയതിനാൽ പ്രമുഖ കുടംബങ്ങളിൽ നിന്ന് മധുരമുളള ഭക്ഷണങ്ങൾ പളളിയിലെത്തിക്കുമായിരുന്നു. നമസ്‌കാരം കഴിഞ്ഞാൽ കൂട്ടമായിരുന്ന് അവ പങ്കുവെച്ച് കഴിച്ചാണ് വീട്ടിലേക്ക് മടങ്ങുക. റമദാനിൽ മഹല്ലുകൾ സജീവമാകുന്ന കാലഘട്ടം കൂടിയാണ്. ഇന്ന് റമദാൻ ആവുമ്പോഴേക്കും പള്ളികൾ മോടി പിടിപ്പിച്ച് പ്രത്യേക പന്തൽ കെട്ടി നോമ്പ് തുറക്കുളള സൗകര്യങ്ങളൊരുക്കുന്നുണ്ട്. റമദാൻ റിലീഫ് പ്രവർത്തനങ്ങൾ ആരംഭത്തിൽ തന്നെ തുടങ്ങുന്നു. നോമ്പിന് കട്ടിയുളള ഭക്ഷണം കഴിക്കുന്നത് വളരെ കുറവാണ്. അത്താഴത്തിന് ചോറും കറിയുമുണ്ടാകും. അത്താഴത്തിന്റെ സമയം മുട്ടി അറിയിക്കുന്ന ചെണ്ടക്കാർ ആദ്യ കാലത്തുണ്ടായിരുന്നു. പിന്നീട് പള്ളികളിൽ നിന്ന് ഖുർആൻ പാരായണങ്ങളായി. സമയമറിയാൻ സൗകര്യങ്ങൾ കൂടിയതോടെ പള്ളികളിലെ അർധരാത്രിയുളള ഖുർആൻ പാരായണവും കുറഞ്ഞു.
ഇഫ്താർ വിരുന്നുകളിൽ അധികമൊന്നും പങ്കെടുത്തിട്ടില്ലെങ്കിലും റമദാന്റെ മഹത്തായ സന്ദേശം അവയിൽ ഉൾക്കൊളളുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. മറ്റു മതസ്ഥരായ ആളുകൾ അവരുടെ വിശ്വാസത്തിൽ നിന്നുകൊണ്ട് മുസ്‌ലിം സഹോദരങ്ങളുടെ നോമ്പിനെ ബഹുമാനിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. പൊതുപ്രവർത്തകർ, സാഹിത്യകാരന്മാർ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങി നാടിന്റെ നന്മക്കായി പ്രവർത്തിക്കുന്നവരെല്ലാം റമദാനെ ബഹുമാനിക്കുന്നു.
നോമ്പെടുത്തവർ കൂടെയുളളപ്പോൾ മറ്റു മതസ്ഥർ സിഗരറ്റ് പോലും പുകയ്ക്കാതെയുള്ള ഐക്യദാർഢ്യം മതേതര രാജ്യത്തിന്റെ നിലനിൽപിന് എന്നും അത്യന്താപേക്ഷിതമാണ്. അത് തന്നെയാണ് റമദാൻ നൽകുന്ന വിശുദ്ധ പാഠവും.