റിയാദ് - റോഡുകളിൽ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്ക് 900 റിയാൽ പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. വാഹനങ്ങൾ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നത് ഗതാഗത നിയമ ലംഘനമാണ്. ഇതിന് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ലഭിക്കും. ഡ്രൈവിംഗിനിടെ കൈ കൊണ്ട് മൊബൈൽ ഫോണുകൾ ഉപയോഗിക്കൽ, പൊതുറോഡുകളിൽ പാർക്കിംഗിന് നിശ്ചയിക്കാത്ത സ്ഥലങ്ങളിൽ അനിവാര്യ കാരണമില്ലാതെ വാഹനങ്ങൾ നിർത്തിയിടൽ, ഓടിക്കൊണ്ടിരിക്കേ വാഹനങ്ങളിൽനിന്ന് മാലിന്യങ്ങൾ പുറത്തേക്കെറിയൽ, മുൻവശത്ത് നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ ഓടിക്കൽ, വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കേ യാത്രക്കാർ കയറൽ, ഇറങ്ങൽ, പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലൂടെ കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കൽ, കാൽനട യാത്രക്കാർ തങ്ങൾക്കുള്ള സിഗ്നലുകൾ പാലിക്കാതിരിക്കൽ എന്നീ തുടങ്ങിയ നിയമലംഘനങ്ങൾക്കും ഇതേ തുക പിഴ ലഭിക്കും.