അമ്പത് ശതമാനത്തിലേറെ വോട്ട് വാങ്ങി ഇന്ത്യയിൽ ഒരു പാർട്ടിയും ഇതുവരെ വിജയിച്ചിട്ടില്ല. ഏറ്റവുമധികം ഭൂരിപക്ഷം കിട്ടിയത് രാജീവ്ഗാന്ധിയുടെ കോൺഗ്രസിനാണ്, 1984 ൽ. കഴിഞ്ഞ തവണ മോഡി തരംഗം ആഞ്ഞടിച്ചത് വെറും 31 ശതമാനം വോട്ടിന്റെ ബലത്തിലായിരുന്നു. വിജയിക്കണമെങ്കിൽ സ്വന്തമായി വോട്ട് നേടിയാൽ മാത്രം പോരാ, എതിരാളികളുടെ വോട്ടുകൾ ഭിന്നിപ്പിക്കുകയും വേണം.
ജയിക്കാൻ എത്ര വോട്ട് വേണമെന്ന് ചോദിച്ചാൽ മറുപടി ഭൂരിപക്ഷം കിട്ടണം എന്നായിരിക്കും. ഒരു മണ്ഡലത്തിലെ ഭൂരിപക്ഷമെന്നാൽ 50 ശതമാനത്തിലേറെ വോട്ടാണ്. എന്നാൽ ഇന്ത്യയിൽ ഇതുവരെ ഒരു പാർട്ടിയും, പ്രതിപക്ഷം പേരിനു മാത്രമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ കാലത്തെ കോൺഗ്രസ് പോലും 50 ശതമാനത്തിലേറെ വോട്ട് നേടി വിജയിച്ചിട്ടില്ല. 50 ശതമാനം വോട്ട് കിട്ടുക എന്നത് ഇന്ന് അസാധ്യമാണ്. അപ്പോൾ പാർട്ടികളുടെ തന്ത്രം ഏറ്റവും കുറഞ്ഞ വോട്ട് ശതമാനം നേടിയാലും എങ്ങനെ വിജയിക്കാം എന്നതാണ്. അതിന് സ്വന്തമായി വോട്ട് നേടിയാൽ മാത്രം പോരാ, എതിരാളികൾക്ക് കിട്ടുന്ന വോട്ടുകൾ പരമാവധി ഭിന്നിപ്പിക്കുകയും വേണം. 20 ശതമാനം വോട്ട് കിട്ടുന്ന പാർട്ടികൾക്കു പോലും പ്രധാനമന്ത്രിയെ കിട്ടാൻ ബുദ്ധിമുട്ടില്ല.
1984 ലെ എട്ടാമത്തെ പൊതു തെരഞ്ഞെടുപ്പ് വരെ കോൺഗ്രസ് 40 ശതമാനത്തിലേറെ വോട്ട് നേടിയിരുന്നു. എന്നാൽ നെഹ്റുവിന്റെ കാലത്തു പോലും പാർട്ടിക്ക് 50 ശതമാനം വോട്ട് കിട്ടിയിട്ടില്ല. 1951 ൽ കോൺഗ്രസിന് 45 ശതമാനം വോട്ട് കിട്ടി. 1984 ലാണ് കോൺഗ്രസിന് ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് -48 ശതമാനം. നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും സാധിക്കാത്ത നേട്ടം സ്വന്തമാക്കിയത് രാജീവ് ഗാന്ധിയായിരുന്നു.
അതേസമയം 1996 ൽ ജനതാദൾ സർക്കാർ ഭരിച്ചത് വെറും 8.08 ശതമാനം വോട്ട് കരസ്ഥമാക്കിയാണ്. 2014 ൽ നരേന്ദ്ര മോഡി തരംഗം ആഞ്ഞടിച്ചെങ്കിലും ബി.ജെ.പിക്ക് കിട്ടിയത് 31.3 ശതമാനം വോട്ട് മാത്രമായിരുന്നു.
1989 ലാണ് ആദ്യമായി 40 ശതമാനത്തിൽ കുറഞ്ഞ വോട്ട് ശതമാനവുമായി ഒരു മുന്നണി അധികാരത്തിലേറുന്നത്. ദേശീയ മുന്നണി അത്തവണ അധികാരത്തിലേറിയത് 17.8 ശതമാനം വോട്ടുമായാണ്. 1996 ൽ മുഖ്യ പാർട്ടിയുടെ വോട്ട് ശതമാനം ആദ്യമായി 10 ശതമാനത്തിൽ താഴെ പോയി. 8.08 ശതമാനം വോട്ടുമായാണ് എൻ.ഡി.എ അധികാരത്തിലെത്തിയത്. 13 ദിവസമേ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലുണ്ടായിരുന്നുള്ളൂ.
പിന്നീട് 2009 വരെ സർക്കാരുണ്ടാക്കിയ ആർക്കും 30 ശതമാനത്തിലേറെ വോട്ട് കിട്ടിയിട്ടില്ല. 23 വർഷത്തെ ഇടവേളക്കു ശേഷമാണ് 2014 ൽ എൻ.ഡി.എ 30 ശതമാനത്തിലേറെ വോട്ടുമായി അധികാരം പിടിച്ചത്.
1989 ലാണ് ആദ്യമായി കോൺഗ്രസിന്റെ വോട്ട് ശതമാനം നാൽപതിനു താഴേക്ക് പോവുന്നത്. അതായത് രാജീവ് ഗാന്ധിയുടെ കാലത്ത് കോൺഗ്രസ് ഏറ്റവും ഔന്നത്യത്തിലേക്ക് പോവുകയും തകർച്ച ആരംഭിക്കുകയും ചെയ്തു. 1996 ൽ കോൺഗ്രസിന്റെ വോട്ട് ശതമാനം ആദ്യമായി മുപ്പതിനും താഴേക്കു പോയി. 2014 വരെ പാർട്ടിക്ക് 30 ശതമാനം മറികടക്കാനായില്ല. 2004 ലും 2009 ലും 30 ശതമാനം വോട്ട് പോലുമില്ലാതെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭരണം നടന്നത്. 2014 ൽ കോൺഗ്രസിന്റെ വോട്ടിംഗ് ശതമാനം ആദ്യമായി 20 ശതമാനത്തിന് താഴേക്കു പോയി.
കോൺഗ്രസിന്റെ തകർച്ചയാണ് ബി.ജെ.പിക്ക് വളമായത്. ബി.ജെ.പി ആദ്യമായി പത്ത് ശതമാനത്തിലേറെ വോട്ട് നേടുന്നത് 1989 ലാണ്. 1991 ൽ വോട്ടിംഗ് ശതമാനം 20 കടന്നു. 2004 വരെ ബി.ജെ.പിയുടെ വളർച്ച മുരടിച്ചുവെന്നു പറയാം. ഈ കാലയളവിൽ ബി.ജെ.പി അധികാരത്തിലെത്തിയത് വോട്ടിംഗ് ശതമാനം കൂടാതെ തന്നെയാണ്. 2009 ൽ 20 ശതമാനത്തിൽ കുറവ് വോട്ടേ ബി.ജെ.പിക്ക് കിട്ടിയുള്ളൂ. രണ്ടാം യു.പി.എ അധികാരത്തിലെത്തുമ്പോൾ ബി.ജെ.പി വീണ്ടും തകർച്ചയിലേക്ക് പോവുകയായിരുന്നു.
2014ൽ രണ്ടാം യു.പി.എയുടെ പതനവും നരേന്ദ്ര മോഡിയുടെ ഉദയവും ബി.ജെ.പിക്ക് തുണയായി. അവരുടെ വോട്ടിംഗ് ശതമാനം മുപ്പതിനു മുകളിലേക്ക് കുതിച്ചു. 2019 ൽ ആ വോട്ടിംഗ് ശതമാനം അവർ നിലനിർത്തിയാൽ അത് വലിയൊരു നേട്ടം തന്നെയായിരിക്കും.






