കൊച്ചി- കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹായാത്ര പൊളിക്കാൻ കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ കൈകോർക്കുന്നുവെന്ന് പരാതി. മുല്ലപ്പള്ളി കഴിഞ്ഞ ദിവസം എ.കെ ആന്റണിയോട് ഇതു സംബന്ധിച്ച് പരാതിപ്പെട്ടതായാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചത്. ഈ രീതിയിൽ മുന്നോട്ടുപോകാൻ സാധ്യമല്ലെന്ന് മുല്ലപ്പള്ളി വെട്ടിത്തുറന്നു പറഞ്ഞതായാണ് അറിവ്.
തെരഞ്ഞെടുപ്പിനായുള്ള ഫണ്ട് സമാഹരണമാണ് ജനമഹായാത്രയുടെ മുഖ്യ ലക്ഷ്യം. ഓരോ മണ്ഡലം കമ്മിറ്റിക്കും പിരിച്ചുനൽകേണ്ട തുകക്ക് ടാർഗറ്റ് നൽകിയിട്ടുണ്ട്. എന്നാൽ യാത്ര മൂന്നു ജില്ല പിന്നിട്ടപ്പോൾ തന്നെ ഫണ്ട് പിരിച്ചു നൽകാതിരുന്ന 13 മണ്ഡലം കമ്മിറ്റികളെ മുല്ലപ്പള്ളിക്ക് പിരിച്ചു വിടേണ്ടിവന്നു. യാത്ര മധ്യ-ദക്ഷിണ ജില്ലകളിലെത്തുമ്പോൾ ഫണ്ട് പിരിവിന്റെ പ്രശ്നം കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന. പഴയപോലെ ആളുകൾ പിരിവ് നൽകുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. കേരളത്തിലും കേന്ദ്രത്തിലും ഭരണത്തിലില്ലാത്ത കോൺഗ്രസിന് പിരിവ് നൽകാൻ വ്യവസായികൾ പോലും മടിക്കുന്ന അവസ്ഥയുണ്ട്. ഫണ്ട് പിരിവ് ലക്ഷ്യത്തിലെത്തിയില്ലെങ്കിൽ മുല്ലപ്പള്ളിക്ക് അത് കടുത്ത തിരിച്ചടിയാകും. കെപിസിസി പ്രസിഡണ്ടിന്റെ കഴിവുകേടായാണ് അത് വ്യാഖ്യാനിക്കപ്പെടുക. പ്രശ്നം വഷളാക്കുന്നത് കോൺഗ്രസിലെ മുല്ലപ്പള്ളി വിരുദ്ധരാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ കരുതുന്നത്. ഫണ്ട് സമാഹരണം പൊളിക്കാൻ എ,ഐ ഗ്രൂപ്പുകളിലെ ഒരു വിഭാഗവും സുധാകരപക്ഷവും ശ്രമിക്കുന്നുവെന്നാണ് മുല്ലപ്പള്ളിയുടെ വികാരം. ആയുധം താഴെ വെച്ചാൽ സിപിഎമ്മുമായി സഹകണമാകാം എന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ ചില കോൺഗ്രസ് നേതാക്കൾ തന്നെ വിമർശനവുമായി വന്നത് യാത്രയുടെ തിളക്കം കെടുത്താനാണെന്ന് കരുതുന്നവരുണ്ട്. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളി ആന്റണിയെ ഫോണിൽ വിളിച്ച് അമർഷം അറിയിച്ചത്.
ആന്റണിയുടെ ശുപാർശയിലാണ് പലരുടെയും എതിർപ്പുകൾ മറികടന്ന് മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത്. ഇതിൽ കടുത്ത അമർഷം വിവിധ ഗ്രൂപ്പുകൾക്കുള്ളിൽ പുകയുന്നുണ്ട്. മുല്ലപ്പള്ളിയുടെ പ്രവർത്തനശൈലിയോട് കോൺഗ്രസിലെ വലിയൊരു വിഭാഗത്തിനുള്ള വിയോജിപ്പ് പരസ്യമായ രഹസ്യമാണ്. ജനമഹായാത്ര നടത്തി സംഘടനയിൽ ശക്തനാകാൻ മുല്ലപ്പള്ളിയെ അനുവദിക്കില്ലെന്ന ധാരണയാണ് ഇരു ഗ്രൂപ്പുകൾക്കുമിടയിലുള്ളത്. ഇതിന്റെ അനുരണനങ്ങളാണ് ഫണ്ട് പിരിവിൽ പ്രതിഫലിക്കുന്നതത്രെ.






