മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ യുപി പോലീസ് ലഖ്‌നൗ എയര്‍പോര്‍ട്ടില്‍ തടഞ്ഞു

ലഖ്‌നൗ- അലഹബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിനെ എയര്‍പോര്‍ട്ടില്‍ യുപി പോലീസ് തടഞ്ഞു തിരിച്ചയച്ചു. രാഷ്ട്രീയ രംഗത്തെ വ്യക്തികളെ യൂണിവേഴ്‌സിറ്റി പരിപാടിയിലേക്ക് ക്ഷണിക്കേണ്ടെന്ന യൂണിവേഴ്‌സിറ്റി ഉപദേശക സമിതിയുടെ തീരുമാനം ചൂണ്ടിക്കാട്ടി പ്രയാഗ്‌രാജ് (അലഹാബാദ്) ജില്ലാ കലക്ടറും പോലീസ് മേധാവിയും ലഖ്‌നൗ ജില്ലാ കലക്ടര്‍ക്കും പോലീസ് മേധാവിക്കും കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അഖിലേഷിനെ പോലീസ് ലഖ്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞത്. രേഖാമൂലമുളള ഒരു അറിയിപ്പും ഇല്ലാതെയാണ് തന്നെ തടഞ്ഞതെന്ന് അഖിലേഷ് പറഞ്ഞു. ഒരു വിദ്യാര്‍ത്ഥി നേതാവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ സര്‍ക്കാര്‍ എത്രത്തോളം ഭയക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു. ഈ അനീതി ഈ രാജ്യത്തെ യുവാക്കള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയര്‍പോര്‍ട്ട് സുരക്ഷാ ചുമതല കേന്ദ്ര സേനകള്‍ക്കാണ്. യുപി പോലീസിനെ വിമാനത്താവളത്തിനകത്ത് പ്രവേശിച്ച് നടപടി എടുക്കാനാകില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തന്നെ പോലീസ് എയര്‍പോര്‍ട്ടിനകത്ത്് വച്ച് തടഞ്ഞെതന്ന് അഖിലേഷ് ആരോപിച്ചു. വിദ്യാര്‍ത്ഥികളേയും യുവജനങ്ങളേയും മുഖ്യമന്ത്രിക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

അലഹാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടിയിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചു കൊണ്ടുള്ള കത്ത് യുണിവേഴ്‌സിറ്റി വിസിയില്‍ നിന്നാണ് അഖിലേഷിന് ലഭിച്ചത്. ഇതു പ്രകാരമാണ് പരിപാടിക്ക് അഖിലേഷ് പുറപ്പെട്ടത്. സംഭവം ജനാധിപത്യ വിരുദ്ധമാണെന്നും ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യമാണെന്നും ബിഎസ്പി നേതാവ് മായാവതി പ്രതികരിച്ചു. വിഷയം സമാജ്‌വാദി പാര്‍ട്ടി രാജ്യസഭയില്‍ ഉന്നയിച്ചു.
 

Latest News