Sorry, you need to enable JavaScript to visit this website.

ഷുക്കൂര്‍ വധത്തില്‍ അടിയന്തര പ്രമേയം സ്പീക്കര്‍ അനുവദിച്ചില്ല; സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം- മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി രാജേഷ് എംഎല്‍എയ്ക്കുമെതിയെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയത് സഭയില്‍ ബഹളത്തിനിടയാക്കി. ഷുക്കൂര്‍ വധക്കേസില്‍ 32, 33 നമ്പര്‍ പ്രതികളായാണ് ഇരുവരേയും സിബിഐ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. 

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ അടിയന്തര ചര്‍ച്ച ആവശ്യമില്ലെന്നും ഭരണപരമായി ഇക്കാര്യത്തിന് ബന്ധമൊന്നുമില്ലെന്നും വ്യക്തമാക്കിയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം സഭയുടെ ചട്ടവും കീഴ് വഴക്കവുമനുസരിച്ച് പരിഗണിക്കേണ്ട കാര്യമില്ലെന്നും സ്പീക്കര്‍ നിലപാടെടുത്തു. എന്നാല്‍ ഒരു എംഎല്‍എയ്‌ക്കെതിരായ കുറ്റപത്രം സഭയിലല്ലാതെ എവിടെയാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് പ്രതിപക്ഷം ചോദിച്ചു. സര്‍ക്കാരുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ നേരത്തേയും സഭ പരിഗണിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എങ്കിലും സ്്പീക്കര്‍ നിലപാട് മാറ്റിയില്ല. ഇതില്‍ പ്രതിഷേധിച്ച് ബഹളംവച്ച പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
 

Latest News