ന്യൂദല്‍ഹി- വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി നടപടി തുടങ്ങിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ലക്ഷക്കണക്കിന് ട്വിറ്റര്‍ അനുയായികള്‍ നഷ്ടമായി. ട്വിറ്ററില്‍ വ്യാജ അനുയായികള്‍ കൂടുതലുള്ളവരില്‍ മുന്‍പന്തിയില്‍ ബി.ജെ.പി നേതാക്കളാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരിലാണ് ഏറ്റവും കൂടുതല്‍ വ്യാജ പ്രൊഫൈലുകാരെ കണ്ടെത്തിയത്. വ്യാജ ഐഡികള്‍ നീക്കി തുടങ്ങിയതോടെ കഴിഞ്ഞ ജൂലായ് മുതല്‍ മോഡിക്ക് മൂന്ന് ലക്ഷത്തോളം ട്വിറ്റര്‍ അനുയായികളെയാണ് നഷ്ടമായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 17,000 പേരേയും നഷ്ടപ്പെട്ടു.
കഴിഞ്ഞ നവംബര്‍ മുതല്‍ ട്വിറ്റര്‍ വ്യാജ അക്കൗണ്ട് വേട്ട കര്‍ശനമാക്കിയതോടെ ഒരു ലക്ഷത്തോളം പേരെ അനുയായികളെ പ്രധാനമന്ത്രിക്ക് നഷ്ടമായിട്ടുണ്ട്. രാഹുലിന് ഒമ്പതിനായിരം പേരെയും.
ദല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നടത്തിയ പഠനത്തിലാണ് ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത്. രാജ്യത്തെ പ്രധാനപ്പെട്ട 925 ഓളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ അക്കൗണ്ടുകളിലാണ് ഇത്തരത്തില്‍ പരിശോധന നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ശേഷം ട്വിറ്ററില്‍ വ്യാജ അനുയായികള്‍ ഏറ്റവും കൂടുതലുണ്ടായിരുന്നത് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനാണെന്ന് നവംബര്‍ മുതലുള്ള കണക്കുകള്‍ പറയുന്നു. 40,300 പേരെയാണ് നവംബര്‍ മുതല്‍ കെജ്രിവാളിന്റെ ഫോളോവേഴ്സില്‍ നിന്ന് നീക്കം ചെയ്തത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാക്ക് ഇത്തരത്തില്‍ 16500 അനുയായികളെ നഷ്ടമായി.






