Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് കലാപത്തില്‍ രാജ്യധര്‍മം പാലിക്കാത്ത മോഡി ആന്ധ്രയോട് അനീതി കാണിക്കുന്നു- നായിഡു

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പാഠം പഠിപ്പിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ദല്‍ഹിയിലെ ആന്ധ്ര ഭവനില്‍ നടക്കുന്ന നിരാഹാര സമരത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോഡി രാജ്യ ധര്‍മം പാലിക്കുന്നില്ലെന്നും ഗുജറാത്ത് കലാപ കാലത്ത് ചെയ്തതു പോലെയാണ് അദ്ദേഹം ഇപ്പോള്‍ ആന്ധ്രാപ്രദേശിനോട് കാണിക്കുന്നതെന്നും നായിഡു പറഞ്ഞു. ഗുജറാത്ത് കലാപ സമയത്ത് മോഡി രാജ്യ ധര്‍മ്മം പാലിച്ചില്ലെന്ന് എ.ബി വാജ്‌പേയി പറഞ്ഞിരുന്നു. അതു പോലെ തന്നെ ആന്ധ്രയുടെ വികസനത്തിനും സംസ്ഥാനത്തിന് അവകാശപ്പെട്ടതു അദ്ദേഹം നിഷേധിക്കുകയാണ്. കിട്ടാത്തത് പിടിച്ചുവാങ്ങാന്‍ തങ്ങള്‍ക്ക് അറിയുമെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രഭവനില്‍ നടക്കുന്ന നിരാഹാര സമര വേദിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ പിന്തുണയുമായി എത്തുന്നുണ്ട്. ധര്‍മ പോരാട്ട ദീക്ഷ എന്ന പേരിലാണ് പ്രതിഷേധം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,  ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, മുന്‍ കേന്ദ്ര മന്ത്രി ശരദ് യാദവ് എന്നിവര്‍ സമര പന്തലില്‍ എത്തി പിന്തുണ അറിയിച്ചു.

 

Latest News