Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലൈൻ ക്ലിയറായി വരുന്നു

വലതുപക്ഷ തീവ്രതയുടെ പരാജയമായിരിക്കുന്നു മാർക്‌സിസ്റ്റ് പാർട്ടിയുടെയും തെരഞ്ഞെടുപ്പു ലക്ഷ്യം, ദേശീയാടിസ്ഥാനത്തിൽ.  ബംഗാളിൽ മമതയോടും കേരളത്തിൽ കോൺഗ്രസിനോടുമുള്ള എതിർപ്പ് ആ ലക്ഷ്യത്തെ തകിടം മറിച്ചുകൂടാ. രാഷ്ട്രീയ ധർമത്തിനു ഗ്ലാനി സംഭവിക്കുമ്പോൾ കോൺഗ്രസുമായുള്ളബന്ധത്തിൽ വിപ്ലവത്തിന്റെ തീ കൊളുത്താൻ എല്ലാവരും ശ്രമിച്ച ചരിത്രം ഓർക്കുക. ഭൂരിപക്ഷമില്ലാതെ ഭരിച്ചിരുന്ന ഇന്ദിരാഗാന്ധിയെ അധികാരത്തിലിരുത്താൻ സി പി എം അറുപതുകളുടെ അവസാനം ഒരു തരം ഒളിച്ചുകളിയിൽ ഏർപ്പെട്ടിരുന്നു. ഒളിക്കാതെ തന്നെ കോൺഗ്രസിനെ സഹായിച്ചതാണ് സി പി ഐയുടെ ഇതിഹാസം. 


ലൈൻ ക്ലിയറായി വരുന്നു എന്നു തോന്നുന്നു. രണ്ടു വശത്ത് അതു തെളിഞ്ഞു കാണാം.  ഒന്നാമതായി, ബി ജെ പി തന്നെയാണ് സി പി എമ്മിന്റെ മുഖ്യശത്രു എന്നു വന്നിരിക്കുന്നു, ബംഗാളിലൊഴികെ. രണ്ടാമതായി, കോൺഗ്രസുമായി കൂട്ടുകൂടാം കേരളത്തിലൊഴികെ. വൈരുധ്യമോ വ്യവസ്ഥയോ ഇല്ലാത്ത ഒരു രാഷ്ട്രീയ ഫോർമുലയും ഉണ്ടാക്കാൻ പറ്റില്ലെന്നിരിക്കേ, സി പി എം ഇങ്ങനെ ഒരു നിലപാടിൽ എത്തിച്ചേർന്നതിൽ അപാകതയില്ല.
തുടക്കത്തിൽ തന്നെ പറഞ്ഞുവെക്കണം, തെരഞ്ഞെടുപ്പിനു ശേഷം ഉരുത്തിരിയുന്ന കൂട്ടായ്മകളുടെ നിറവും നീളവുമനുസരിച്ച്, നിലപാടിൽ വലുതും ചെറുതുമായ വ്യത്യാസം വന്നേക്കാം. ഉദാഹരണമായി, മമതാ ബാനർജി പ്രധാനമന്ത്രി ആകണോ ബി. ജെ. പി അധികാരത്തിൽ വരണോ എന്നതാണ് പ്രതിസന്ധിയെങ്കിൽ, സി പി എം എന്തു ചെയ്യും? കിഴക്ക് പരമമായ ശത്രു മമതയാണെങ്കിലും ഇനി ഒരു വട്ടം കൂടി ബി ജെ പിയെ നേരിട്ടോ ഒളിഞ്ഞോ പിന്തുണക്കുന്ന സാഹചര്യം ഉണ്ടാവില്ല. അപ്പോൾ പരമ ശത്രുവിനെ പിന്തുണച്ചേ മതിയാവൂ.
അതുപോലെ, രാഹുൽ ഗാന്ധിക്കു വേണ്ടി കൊടി പിടിക്കാൻ കേരളത്തിൽ സഖാക്കളെ അഴിച്ചുവിട്ടില്ലെങ്കിലും, കോൺഗ്രസിനെ സഹായിക്കാൻ വേണ്ടി വേണ്ട നേരത്ത് കൈ പൊക്കുകയോ കളം വിട്ട് ചവിട്ടുകയോ ചെയ്യേണ്ടിവരും.  എന്തൊരു ആഭാസമായിരിക്കും ആ സ്ഥിതി! ഇന്നലെയും ഇന്നും തോറ്റും തോൽപിച്ചും കഴിയുന്നവർ
നാളെ ആശ്ലേഷം ചെയ്യുക! വ്യക്തിപരമോ വൈകാരികമോ ആയ തലത്തിൽ അതിൽ ചമ്മലുണ്ടാകാം, പക്ഷേ പ്രായോഗിക രാഷ്ട്രീയത്തിൽ അതൊക്കെ വേണ്ടിവരും. ഭൗതിക വാദത്തിന് ചരിത്രപരമായി വിരുദ്ധമായ ഒരു അധിഷ്ഠാനം ഉണ്ടെന്നു നേരത്തേ കണ്ടറിഞ്ഞതാണല്ലോ.
ബംഗാളിലെയും കേരളത്തിലെയും ചങ്ങാത്തങ്ങളും നിർബന്ധങ്ങളും ഇട തട്ടിച്ചുനോക്കുമ്പോൾ തെളിഞ്ഞുവരുന്ന ചരിത്രവും ഭൂമിശാസ്ത്രവും തിട്ടപ്പെടുത്തിയിരിക്കണം.  കേരളത്തേക്കാൾ ഉറച്ചതായിരുന്നു ബംഗാളിലെ മാർക്‌സിസ്റ്റ് അടിത്തറ എന്നായിരുന്നു ഐതിഹ്യം. അജയ്യമായിരുന്നു അതെന്നു കൂടി അടി വരയിട്ടു വായിക്കണം. ബംഗാളിലെ കമ്യൂണിസ്റ്റ് കുത്തക തെരഞ്ഞെടുപ്പു തോറും കണ്ടു മോഹിച്ചവർ ഇത്ര കൂടി ധരിച്ചുവെച്ചു: ഒറ്റയ്ക്കു നിന്നാലും സി പി എം, അല്ലെങ്കിൽ ഇടതുപക്ഷം, ഭരണം കയ്യാളും.
ആ ആത്മഗൗരവത്തിന്റെ വെളിച്ചത്തിൽ വേണം മമതയുടെ പിറവിയും പ്രയാണവും വിലയിരുത്താൻ.  'പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ലെ'ന്ന പുരുഷ പ്രധാനമായ മൊഴി കേട്ടിട്ടില്ലേ, അതു സാധുവാക്കും മട്ടിലായിരുന്നു മമതയുടെ ഉദയവും ഉത്ഥാനവും. ദേശീയമോ പ്രാദേശികമോ ആയ അടിസ്ഥാനത്തിൽ സി പി എമ്മിന്റെ കാലനായി മാറുന്നത് കോൺഗ്രസോ ബി ജെ പിയോ ആയിരിക്കും എന്നായിരുന്നു ഒരു കാലത്ത് ബംഗാളിലെ രാഷ്ട്രീയ ലളിത ഗണിതം.  എന്നാൽ കോൺഗ്രസിനെയും ബി ജെ പിയെയും തള്ളി, അജാത ശത്രുവെന്നു ധരിച്ചിരുന്ന സി പി എമ്മിനെ എറിഞ്ഞുവീഴ്ത്തിയതോ, കൃശഗാതിയായ ഒരു ഒരുമ്പെട്ട പെൺ പിറന്നോർ! അവരെ ആലിംഗനം ചെയ്യാനോ ആഘോഷപൂർവം എതിരേറ്റു നടക്കാനോ അവരുമായി നേരിട്ടു വെട്ടി വീണിരുന്നവർക്ക് കഴിയുമോ? കഴിയണം.
'കഴിയണം' എന്നു പറയാൻ ബംഗാളി സഖാക്കൾക്കു കഴിഞ്ഞില്ലെങ്കിലും മലയാളി വിപ്ലവകാരികൾക്ക് കഴിയാതിരിക്കില്ല. നിശാജ്വരത്തെയും സഹശയനത്തെയും പറ്റിയുള്ള ആ നാടൻ മൊഴി ഓർക്കുക. കേരളക്കാർക്ക് മമതയോട് തോറ്റു കൊടുക്കേണ്ടി വന്നിട്ടില്ല. രാഷ്ട്രീയത്തിന്റെയും ചരിത്രത്തിന്റെയും ഗതിവിഗതികളിൽ ദേശീയ നേതൃത്വത്തിലേക്ക് ഉയരാൻ മമതക്ക് പറ്റുന്നുവെങ്കിൽ അവർക്ക് 'കീ ജയ്' വിളിക്കാൻ മലയാളി സഖാക്കൾക്ക് സന്തോഷമേ ആവുകയുള്ളൂ. ഇത്ര കൂടി അനുമാനിക്കാം, ബി ജെ പിയെ തോൽപിക്കുന്ന ഒരു കോൺഗ്രസിതര പ്രധാനമന്ത്രിയെയാണ് തിരക്കുന്നതെങ്കിൽ, മമതയുടെ പിന്നിൽ അണിനിരക്കാനും മാർക്‌സിസ്റ്റുകാർക്ക് അവസരമുണ്ടാകും. 
കേരളത്തിലെ വൈരുധ്യാധിഷ്ഠിതവാദം മറ്റൊന്നാണല്ലോ. ആറു പതിറ്റാണ്ടു മുമ്പ്, ബംഗാളിൽ വിപ്ലവത്തിന്റെ വിജയം സ്വപ്‌നം കാണുക പോലും ചെയ്യാതിരുന്ന കാലത്ത്, ഏകശിലാഫലകമായ കോൺഗ്രസിനെ മലർത്തിയടിച്ചതാണ് കേരളത്തിന്റെ വീരപാരമ്പര്യം.  പത്തു കൊല്ലം കഴിഞ്ഞപ്പോൾ ചെകുത്താൻ ഉൾപ്പെടെ എല്ലാവരെയും കൂട്ടുപിടിച്ച് കോൺഗ്രസിനെ തോൽപിച്ചു നമ്പൂതിരിപ്പാട്. പക്ഷേ ആ ദിഗ്വിജയത്തിന്റെ ഖ്യാതി പങ്കിട്ടെടുക്കാൻ ബംഗാളുമുണ്ടായിരുന്നു. ആയിടെ അധികാരത്തിലേറിയ ജ്യോതിബസു അപരാജിതന്റെ ഛായാമണ്ഡലവും വെട്ടിപ്പിടിച്ചു. അന്നു തുടങ്ങിയ മാർക്‌സിസ്റ്റ് പർവം അവസാനിപ്പിച്ച സംക്രമ സ്ത്രീയാകുന്നു മമതാ ബാനർജി.
മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഇന്നും ഇന്നലെയും തങ്ങളുമായി തോറ്റും തോൽപിച്ചും കഴിഞ്ഞവരോട് കൂടിക്കഴിയുന്നതിലുള്ള പരിഭ്രമത്തിലൊതുങ്ങുന്നു ഇപ്പോഴത്തെ മാർക്‌സിസ്റ്റ് രാഷ്ട്രീയം.  അതിൽ കവിഞ്ഞുള്ള വാദവും വിവാദവും അപവാദവും വെറും വാചാടോപം തന്നെ. ഒന്നു രണ്ടു ചരിത്ര സന്ധികളിലൊഴിച്ചാൽ ബി ജെ പിയെ അടാച്ചാക്ഷേപിച്ചു വളർന്നതാണ് സി പി എം എന്ന പാർട്ടി. 
സി പി ഐ എതിർപ്പിൽ ഒന്നു കൂടി മുന്നിട്ടു നിന്നു. അതിനെ ന്യായീകരിക്കും മട്ടിൽ, കമ്യൂണിസ്റ്റുകാർ കോൺഗ്രസിനെ തോൽപിക്കാൻ ഒരുമ്പെട്ടു നിന്നപ്പോൾ ബി ജെ പി ശക്തിപ്പെടുക എന്ന സ്ഥിതി വന്നു.  ഫലത്തിൽ തികഞ്ഞ വലതുപക്ഷത്തിന്റെ വിജയമായിപ്പോയി ഇടതിന്റെ ദൗത്യം. 
വൈരുധ്യത്തിൽ അധിഷ്ഠിതമാണല്ലോ ജീവിതവും രാഷ്ട്രീയവും എന്നും.ആ വലതുപക്ഷ തീവ്രതയുടെ പരാജയമായിരിക്കുന്നു മാർക്‌സിസ്റ്റ് പാർട്ടിയുടെയും തെരഞ്ഞെടുപ്പു ലക്ഷ്യം, ദേശീയാടിസ്ഥാനത്തിൽ.  ബംഗാളിൽ മമതയോടും കേരളത്തിൽ കോൺഗ്രസിനോടുമുള്ള എതിർപ്പ് ആ ലക്ഷ്യത്തെ തകിടം മറിച്ചുകൂടാ. രാഷ്ട്രീയ ധർമത്തിനു ഗ്ലാനി സംഭവിക്കുമ്പോൾ കോൺഗ്രസുമായുള്ളബന്ധത്തിൽ വിപ്ലവത്തിന്റെ തീ കൊളുത്താൻ എല്ലാവരും ശ്രമിച്ച ചരിത്രം ഓർക്കുക.  ഭൂരിപക്ഷമില്ലാതെ ഭരിച്ചിരുന്ന ഇന്ദിരാഗാന്ധിയെ അധികാരത്തിലിരുത്താൻ സി പി എം അറുപതുകളുടെ അവസാനം ഒരു തരം ഒളിച്ചുകളിയിൽ ഏർപ്പെട്ടിരുന്നു. ഒളിക്കാതെ തന്നെ കോൺഗ്രസിനെ സഹായിച്ചതാണ് സി പി ഐയുടെ ഇതിഹാസം. 
അടിയന്തരാവസ്ഥയിൽ അവർ ഇന്ദിരയുടെ വൈതാളികരായി.  അവർ മാതമല്ല, അടിയന്തരം കുറെ മുന്നേറിയപ്പോൾ, അതിന്റെ മുഖ്യ ലക്ഷ്യം, വലതുപക്ഷ പിന്തിരിപ്പത്തത്തെ ഒതുക്കൽ, ഏതാണ്ടു നേടിക്കഴിഞ്ഞുവെന്നും ഇടതുപക്ഷക്കാരെയെല്ലാം വിടുതലാക്കണമെന്നും മാർക്‌സിസ്റ്റ് നേതൃത്വം സ്വകാര്യമായിഅഭ്യർഥിക്കുകയുണ്ടായി. ബി ജെ പിക്കാർക്കും കോൺഗ്രസുകാർക്കും വേണമെങ്കിൽ പരാതി പറയുകയും പരിഹസിക്കുകയും ചെയ്യാം, ബി ജെ പിയുമായും ഇണ ചേർന്ന ലഘുചരിത്രം മാർക്‌സിസ്റ്റുകാർക്കുണ്ട്. രാജീവ് ഗാന്ധിയുടെ കോൺഗ്രസ്  എൺപത്തൊമ്പതിലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായെങ്കിലും, ബി ജെ പിയുടെ കൂടി സഹായത്തോടെവിശ്വനാഥ് പ്രതാപ് സിംഗ് പ്രധാനമന്ത്രിയായി. അതിനെ നിലനിർത്താൻ, രാജീവ് ഗാന്ധിയെയും കോൺഗ്രസിനെയും അധികാരത്തിൽനിന്ന് അകറ്റാൻ, സി പി എമ്മും സഹായിച്ചു.
ബി ജെ പിക്ക് അത് വളർച്ചയുടെ കാലഘട്ടമായിരുന്നു. അറിഞ്ഞോ അറിയാതെയോ, സി പി എം ആ ഘട്ടത്തിൽ ബി ജെ പിക്കു തുണയായി.  സി പി എമ്മിനാകട്ടെ, ജ്യോതി ബാബുവിന്റെ പ്രശസ്തമായ പ്രയോഗം ആവർത്തിച്ചാൽ, അത് ചരിത്രപരമായ വിഡ്ഢിത്തത്തിന്റെ കാലഘട്ടമായിരുന്നു. 
ആ വിഡ്ഢിത്തത്തിന്റെ ചരിത്രപരത തെളിയിച്ചുകാട്ടാൻ വാജ്‌പേയിയുടെയും മോഡിയുടെയും ഭരണത്തിലൂടെ ബി ജെ പിക്കായി. അതാണ് കേരളത്തിലെ കോൺഗ്രസ് വിരോധവും ബംഗാളിലെ മമതാ വൈരാഗ്യവും നിലനിൽക്കേ തന്നെ ബി ജെ. പിയെ മുഖ്യശത്രുവായി തിരിച്ചറിയുന്നതിന്റെ പശ്ചാത്തലം.

 

Latest News