Sorry, you need to enable JavaScript to visit this website.

ഭാര്യയെ കുറിച്ച് മോഡിക്ക് ഇതുപോലെ ഒരേറ് ഇനി കിട്ടാനില്ല

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാന്‍ കറുത്ത വസ്ത്രമണിഞ്ഞ ചന്ദ്ര ബാബു നായിഡു.

വിജയവാഡ- തെലുഗുദേശം നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിനെ എന്‍.ലോകേഷിന്റെ അച്ഛനായി വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇനിയൊരിക്കലും അങ്ങനെ ചെയ്യാനിടയില്ല. കാരണം അത്രമാത്രം രൂക്ഷമാണ് നായിഡുവിന്റെ പ്രതികരണം. കുടുംബത്തെ നോക്കാത്തയാള്‍ രാജ്യം ഭരിക്കുന്നുവെന്നൊക്കെ പൊതുവെ രാഷ്ട്രീയ നേതാക്കള്‍ മോഡിയെ വിമര്‍ശിക്കാറുണ്ടെങ്കിലും അതില്‍ സ്വീകരിച്ചിരുന്ന മര്യദയും വളച്ചുകെട്ടുമൊക്കെ ഒഴിവാക്കിയാണ് നായിഡുവിന്റെ തിരിച്ചടി. ശരിക്കും മോഡി ചോദിച്ചു വാങ്ങിയെന്നു പറയാം. തന്നെ വ്യക്തിപരമായി ആക്ഷേപിച്ചില്ലെങ്കില്‍ ഇതൊന്നും പറയാന്‍ ഉദ്ദേശിച്ചതല്ലെന്നു പറഞ്ഞുകൊണ്ടാണ് നായിഡുവിന്റെ പ്രത്യാക്രമണം.  
മോഡി ഭാര്യയെ ഉപേക്ഷിച്ചയാളാണെന്നും കുടുംബ സംവിധാനത്തെ  ബഹുമാനിക്കുന്നയാളല്ലെന്നും ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. ലോകേഷ് എന്റെ മകനാണ്. നിങ്ങള്‍ക്ക് കുടുംബമില്ല, ബന്ധങ്ങളില്ല. ഞാന്‍ കുടുംബത്തെ ബഹുമാനിക്കുന്നയാളാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ലോകേഷിന്റെ അച്ഛനാണ്. ദേവംശിന്റെ മുത്തച്ഛനാണ്. ഭുവനേശ്വരിയുടെ ഭര്‍ത്താവാണ്. ഇതില്‍ അഭിമാനിക്കുന്നു- നായിഡു പറഞ്ഞു.
മോഡിക്ക് കുടുംബ സംവിധാനത്തോട് എന്തെങ്കിലും ആദരവുണ്ടോ? അദ്ദേഹം എപ്പോഴെങ്കിലും സ്വന്തം കുടുംബത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടോ- നായിഡു ചോദിച്ചു.
തുടര്‍ന്ന് മുഖ്യമന്ത്രി സദസ്സിനോട് ചോദിച്ചു: അദ്ദേഹത്തിന് ഒരു ഭാര്യയുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ. തലാഖ് എന്ന് മൂന്ന് തവണ പറഞ്ഞ് വിവാഹ മോചനം ചെയ്യപ്പെടുന്ന സ്ത്രീകളെ സംരക്ഷിക്കാനെന്ന പേരില്‍ അവര്‍ മുത്തലാഖ് ബില്‍ കൊണ്ടുവന്നു. ഇത് ശയോദബെന്നിന്റെ ഭര്‍ത്താവാണ്. ആണോ? അല്ലേ? അവരെ ഇദ്ദേഹം വിവാഹ മോചനം ചെയ്തിട്ടു പോലുമില്ല. ഭാര്യയെ ഉപേക്ഷിച്ചു പോയി. അതുതന്നെ- നായിഡു കൂട്ടിച്ചേര്‍ത്തു.
മോഡി വ്യക്തിപരമായി ആക്രമണം നടത്തിയിരുന്നില്ലെങ്കില്‍ ഈ വിഷയം ഞാന്‍ ഉന്നയിക്കുമായിരുന്നില്ലെന്നും നായിഡു പറഞ്ഞു. ഞാന്‍ ഇതേക്കുറിച്ചൊന്നും പറയാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ നിങ്ങള്‍ വ്യക്തിപരമായി ആക്രമിച്ചു. ഞാന്‍ എപ്പോഴും സ്ത്രീകളെ ആദരിക്കുന്നു. സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടേയും വലിയ സഹോദരനാണ് ഞാന്‍- ചന്ദ്രബാബു നായിഡു പറഞ്ഞു.
ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷമാണ് ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി എന്‍.ഡി.എ  വിട്ടത്. ടി.ഡി.പി മുന്നണി വിട്ടതിന് ശേഷം ആദ്യമായാണ് മോഡി ആന്ധ്രപ്രദേശിലെത്തുന്നത്. ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യത്തിന്റെ ശക്തനായ വക്താവായി മാറിയ ചന്ദ്രബാബു നായിഡുവിനെ കടന്നാക്രമിക്കുന്നതായിരുന്നു മോഡിയുടെ പ്രസംഗം.
പുതിയ സൂര്യോദയമാണ് നായിഡു വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ പുത്രോദയമാണ് അദ്ദേഹം നടത്തിയത്. രാഷ്ട്രീയത്തില്‍ തന്നെക്കാള്‍ മുതിര്‍ന്ന ആളാണെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ അവകാശവാദം. അതുശരിയാണ്, മറുകണ്ടം ചാടുന്നതിലും പുതിയ സഖ്യം രൂപീകരിക്കുന്നതിലും അദ്ദേഹത്തിന് തന്നെക്കാള്‍ പ്രവര്‍ത്തനപരിചയമുണ്ട്. സ്വന്തം ഭാര്യപിതാവിനെ പോലും പിന്നില്‍ നിന്ന കുത്തിയ ആളാണ് ചന്ദ്രബാബു നായിഡുവെന്നും നരേന്ദ്ര മോഡി പറഞ്ഞു.

 

Latest News