Sorry, you need to enable JavaScript to visit this website.

അൽ ഉലാ പ്രകൃതി സംരക്ഷണ  മേഖല രാജ്യത്തിന് സമർപ്പിച്ചു

മദീന- അൽ ഉലായിലെ ശർആനിൽ പുതുതായി സ്ഥാപിച്ച പ്രകൃതി സംരക്ഷണ മേഖല സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയും റോയൽ കമ്മീഷൻ ഡയറക്ടർ ബോർഡ് അധ്യക്ഷനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രാജ്യത്തിന് സമർപ്പിച്ചു. അൽഉലായിൽ റോയൽ കമ്മീഷൻ നടപ്പിലാക്കുന്ന തന്ത്രപ്രധാന പദ്ധതികളുടെ ഭാഗമായാണ് 'ശർആൻ' പരിസ്ഥിതി സംരക്ഷിത മേഖല'യുടെ പ്രഖ്യാപനം. 
മേഖലയിൽ പ്രകൃതിയുടെ തനിമ വീണ്ടെടുക്കുന്നതിനായുള്ള നൂതന പദ്ധതികളുടെ ഭാഗമാണിതെന്ന് അൽഉലാ റോയൽ കമ്മീഷൻ മേധാവിയും സാംസ്‌കാരിക മന്ത്രിയുമായ ബദർ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. 


ഗ്ലോബൽ ഫണ്ട് ഫോർ പ്രൊട്ടക്ഷൻ ഓഫ് അറേബ്യൻ ടൈഗർ എന്ന നാമധേയത്തിൽ അറേബ്യൻ പുള്ളിപ്പുലികളെ സംരക്ഷിക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ഗ്ലോബൽ ഫണ്ട് ഈ പദ്ധതിയിലുണ്ട്.  
ഭാവിയിൽ ഈ ഗണത്തിലുള്ള പുള്ളിപ്പുലികളുടെ ഏറ്റവും അനുയോജ്യമായ ആവാസ വ്യവസ്ഥായി പദ്ധതി മാറുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 


മേഖലയിൽ തഴച്ചുവളരുന്ന വൈവിധ്യമാർന്ന ചെടികളും ഇവിടെ സംരക്ഷിക്കും. ലോകോത്തര നിലവാരത്തിനോട് കിടപിടിക്കുന്ന വിധത്തിലുള്ള വന്യമൃഗ സംരക്ഷണ മേഖലകൂടി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ബദർ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. 
മധ്യപൂർവദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി അൽഉലയെ പരിവർത്തിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് സൗദി അറേബ്യ റോയൽ കമ്മീഷൻ സ്ഥാപിച്ചത്. പശ്ചാത്തല സൗകര്യങ്ങളും അനുബന്ധ പദ്ധതികളും നടപ്പാക്കി സൗദിക്കകത്തുനിന്നും വിദേശത്തു നിന്നുമായി പ്രതിവർഷം പത്തു ലക്ഷത്തിലേറെ വിനോദ സഞ്ചാരികളെ അൽഉലയിലേക്ക് ആകർഷിക്കാൻ അധികൃതർ ലക്ഷ്യമിടുന്നു.

Latest News