മലപ്പുറം- ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ഇടക്കിടെ ഓർമിപ്പിക്കുന്നുണ്ടെങ്കിലും മൂന്നാമത്തെ സീറ്റ് ഏതെന്നും അവിടെ വിജയിക്കാനാകുമോ എന്നതിലും പാർട്ടിക്ക് ആത്മവിശ്വാസക്കുറവ്. നിലവിൽ രണ്ടു സീറ്റിൽ മൽസരിക്കുന്ന മുസ്ലിം ലീഗ് ഒരു സീറ്റു കൂടി ഇത്തവണ യു.ഡി.എഫിൽ ആവശ്യപ്പെടുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് തന്നെയാണ് ഒരു മാസം മുമ്പ് പറഞ്ഞത്. അതിന് ശേഷം മുസ്ലിം ലീഗിന്റെ ഏതാനും നേതൃയോഗങ്ങൾ ചേരുകയും യു.ഡി.എഫ് നേതാക്കൾ കൊച്ചിയിൽ കൂടിയാലോചാ യോഗം ചേരുകയും ചെയ്തിരുന്നു. എന്നാൽ മൂന്നാം സീറ്റിൽ കടുംപിടിത്തം പിടിക്കണമോ എന്ന കാര്യത്തിൽ മുസ്ലിം ലീഗിനും ഇപ്പോൾ വ്യക്തതയില്ല. പാർട്ടിയിലെ ഒരു വിഭാഗം ഈ ആവശ്യമുന്നയിക്കണമെന്ന പക്ഷക്കാരാണ്. എന്നാൽ കുറെ കൂടി സംയമനത്തോടെ ഈ ആവശ്യത്തെ നോക്കിക്കാണണമെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരുടെ നിലപാട്.
മൂന്നാമതൊരു സീറ്റ് ചോദിച്ചു വാങ്ങിയാൽ അതിൽ ജയിക്കാനാകുമോ എന്ന് മുസ്ലിം ലീഗിന് ഉറപ്പില്ല. നിലവിലുള്ള മലപ്പുറം, പൊന്നാനി സീറ്റുകൾക്ക് പുറമെ മുസ്ലിം ലീഗിന് ലഭിക്കാൻ സാധ്യതയുള്ളത് കാസർകോടോ പാലക്കാടോ ആണ്. ഈ രണ്ടു സീറ്റും വിജയ സാധ്യതയില്ലാത്ത സീറ്റായാണ് മുസ്ലിം ലീഗ് കരുതുന്നത്. വയനാട് സീറ്റ് ആവശ്യപ്പെടണമെന്ന അഭിപ്രായം മുസ്ലിം ലീഗിൽ ശക്തമായുണ്ട്. എന്നാൽ കോൺഗ്രസ് ഉറച്ച സീറ്റായി കരുതുകയും അവിടെ മൽസരിക്കാൻ കോൺഗ്രസിലെ പ്രമുഖ നേതാക്കൾ തയാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അത്തരമൊരാവശ്യം കോൺഗ്രസുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുമെന്ന അഭിപ്രായവും മുസ്ലിം ലീഗിലുണ്ട്.
കാസർകോട് മണ്ഡലത്തിൽ പാർട്ടിക്ക് സ്വാധീനമുണ്ടെങ്കിലും സി.പി.എമ്മുമായി മൽസരിച്ച് ജയിക്കാനാകുമെന്ന് ഉറപ്പില്ല. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ ടി.സിദ്ദീഖിന് മഞ്ചേശ്വരം, കാസർകോട്, ഉദുമ മണ്ഡലങ്ങളിലാണ് ഭൂരിപക്ഷം നേടാനായത്. ഇതിൽ മഞ്ചേശ്വരത്തും കാസർകോട്ടും മുസ്ലിം ലീഗിന് സ്വന്തം നിലയിൽ സ്വാധീനമുണ്ട്. ഉദുമയിൽ സിദ്ദീഖിന് ലഭിച്ചത് 835 വോട്ടുകളുടെ മാത്രം ലീഡാണ്. മുസ്ലിം ലീഗ് സ്ഥാനാർഥിയെത്തുമ്പോൾ ഈ ലീഡ് ലഭിക്കണമെന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ മുസ്ലിം ലീഗാണ് വിജയിച്ചത്. എന്നാൽ ലോക്സഭാ മണ്ഡലത്തിലെ മറ്റ് നാലു മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് വ്യക്തമായ സ്വാധീനമാണുള്ളത്. ബി.ജെ.പിക്ക് നേരിയ ശക്തിയുള്ള കാസർകോട് മണ്ഡലത്തിൽ മുസ്ലിം ലീഗ് മൽസരിച്ചാൽ വർഗീയ ധ്രുവീകരണത്തിന് വഴിവെച്ചേക്കുമെന്ന ആശങ്കയും മുസ്ലിം ലീഗിനുണ്ട്.പാലക്കാട് മണ്ഡലത്തിൽ കഴിഞ്ഞ തവണ യു.ഡി.എഫിന് വേണ്ടി ജനതാദളിലെ എം.പി. വീരേന്ദ്രകുമാറാണ് മൽസരിച്ചത്. എന്നാൽ സി.പി.എമ്മിലെ എം.ബി രാജേഷിനോട് ഒരു ലക്ഷത്തിൽപരം വോട്ടുകൾക്ക് തോൽക്കുകയായിരുന്നു. മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ മാത്രമാണ് വീരേന്ദ്രകുമാറിന് ലീഡ് ലഭിച്ചത്. അതും 288 വോട്ടുകൾ മാത്രം. മറ്റു നിയമസഭാ മണ്ഡലങ്ങളായ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, പാലക്കാട് എന്നിവിടങ്ങളിലെല്ലാം ഇടതുപക്ഷം വ്യക്തമായ ലീഡാണ് നേടിയത്. വീരേന്ദ്രകുമാറിന്റെ പാർട്ടി യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് പോയ സാഹചര്യത്തിൽ, മുസ്ലിം ലീഗ് മൂന്നാം സീറ്റിനായി നിർബന്ധം പിടിക്കുകയാണെങ്കിൽ പാലക്കാട് സീറ്റ് വിട്ടു നൽകിയേക്കും. എന്നാൽ ഇവിടെ വിജയിക്കുന്ന കാര്യത്തിൽ ലീഗ് നേതൃത്വത്തിന് ആത്മവിശ്വാസമില്ല.






