മലപ്പുറം- കേന്ദ്രത്തിൽ ശക്തമായി ഭരിക്കുന്ന പാർട്ടിയുടെ കേരള ഘടകത്തിന് ഇത്തവണ അക്കൗണ്ട് തുറക്കാനാകുമോ എന്നാണ് വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കുന്നത്. തിരുവനന്തപുരവും പാലക്കാടും കാസർകോടും ശക്തി തെളിയിക്കുമെന്നും അട്ടിമറി തന്നെ സംഭവിക്കുമെന്നും ബി.ജെ.പി നേതാക്കൾ പറയുമ്പോഴും കണക്കുകളൊന്നും ബി.ജെ.പിക്ക് അനുകൂലമല്ല. ഇത്തവണ കേരളത്തിൽ പാർട്ടിക്ക് ജയിക്കാനുള്ള മൂന്നു സീറ്റുകൾ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ദേശീയ പ്രസിഡന്റ് അമിത്ഷായും ചേർന്ന് കണ്ടെത്തിക്കൊടുക്കുമെന്നാണ് സംസ്ഥാന നേതൃത്വം കാത്തിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം പരിശോധിച്ചാൽ അട്ടിമറിയിലേക്ക് ഇനിയും ദൂരമേറെ താണ്ടാനുണ്ടെന്ന് തെളിയും.
വടക്കൻ കേരളത്തിൽ കാസർകോട് മണ്ഡലമാണ് ബി.ജെ.പി കണ്ണുവെക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിമയസഭാ തെരഞ്ഞെടുപ്പിലും മൽസരിച്ച ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ മെച്ചപ്പെട്ട പ്രകടനമാണ് പാർട്ടിക്ക് ഈ മേഖലയിൽ പ്രതീക്ഷ നൽകുന്നത്. എന്നാൽ കാസർകോട് മണ്ഡലത്തിന്റെ ചില മണ്ഡലങ്ങളിലൊഴിച്ചാൽ ബി.ജെ.പിക്ക് വോട്ടു ലഭിച്ചത് വളരെ കുറവാണ്. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും താരതമ്യം ചെയ്യുമ്പോൾ എൻ.ഡി.എക്ക് ലഭിച്ചു വരുന്ന വോട്ടുകൾ ഏറെ കുറവാണ്.
കാസർകോട് മണ്ഡലത്തിലാണ് ബി.ജെ.പി കണ്ണുവെക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ച സി.പി.എമ്മിലെ പി. കരുണാകരൻ 3,84,964 വോട്ടുകളും മുഖ്യ എതിരാളി കോൺഗ്രസിലെ ടി. സിദ്ദീഖ് 3,78,043 വോട്ടുകളും നേടിയപ്പോൾ സുരേന്ദ്രന് ലഭിച്ചത് 1,72,826 വോട്ടുകളാണ്. മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 17.7 ശതമാനമാണ് സുരേന്ദ്രന് കിട്ടയത്. രണ്ട് മുന്നണികളുടെയും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടിന്റെ പകുതിയിൽ താഴെ മാത്രം ലഭിച്ച കാസർകോട് മണ്ഡലത്തിൽ ബി.ജെ.പിക്ക് ഇത്തവണയും പ്രതീക്ഷക്ക് ഇടമില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മഞ്ചേശ്വരത്ത് 46,631 വോട്ടുകളും കാസർകോട്ട് 41,236 വോട്ടുകളും നേടിയാണ് സുരേന്ദ്രൻ രണ്ടാമതായത്. എന്നാൽ മറ്റ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിയുടെ പ്രകടനം ഏറെ പിറകിലായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരത്ത് മാത്രമാണ് ബി.ജെ.പിക്ക് നില മെച്ചപ്പെടുത്താനായത്. കെ.സുരേന്ദ്രൻ മൽസരിച്ച മഞ്ചേശ്വരത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. 89 വോട്ടുകൾക്ക് മാത്രമായിരുന്നു സുരേന്ദ്രന്റെ തോൽവി. ഈ പ്രകടനം ഉയർത്തിക്കാട്ടിയാണ് കാസർകോട് മണ്ഡലത്തിൽ കടുത്ത മൽസരത്തിന് ഇത്തവണ ബി.ജെ.പി തയാറെടുക്കുന്നത്. എന്നാൽ മറ്റ് ആറ് നിയോജക മണ്ഡലങ്ങളിലും അസംബ്ലി തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ടുനില ഏറെ താഴെയായിരുന്നു.
സുരേന്ദ്രന്റെ നേതൃപ്രഭാവം കാസർകോട് മേഖലയിൽ പാർട്ടിക്ക് ഗുണകരമായിട്ടുണ്ടെന്നായിരുന്നു വിലയിരുത്തൽ. ശബരിമല പ്രശ്‌നത്തിൽ അറസ്റ്റ് വരിച്ചത് ഉൾപ്പെടെയുള്ള ഇടപെടലിലൂടെ ജനങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധാ കേന്ദ്രമാകാൻ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്. ഇത് ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് രാഷ്ട്രീയമായി മുതലെടുക്കാനാകുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. എന്നാൽ ശബരിമല പ്രശ്‌നത്തിൽ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന പ്രചാരണ പരിപാടികളുമായി ഇടതുമുന്നണി ഇറങ്ങുമ്പോൾ അതിനെ മറികടക്കാൻ ബി.ജെ.പിക്ക് കഴിയുമോ എന്നത് സുപ്രധാനമാണ്.
വടക്കൻ കേരളത്തിലെ മറ്റു മണ്ഡലങ്ങളും ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നതല്ല. കണ്ണൂർ മണ്ഡലത്തിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത് മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 5.5 ശതമാനം മാത്രമാണ്. സി.പി.എം സ്ഥാനാർഥിക്ക് ലഭിച്ചതാകട്ടെ 45.1 ശതമാനവും. വടകരയിൽ ബി.ജെ.പിക്ക് എട്ടു ശതമാനം വോട്ടും വയനാട്ടിൽ 8.8 ശതമാനവും കോഴിക്കോട്ട് 12.3 ശമതാനവും മലപ്പുറത്ത് 7.6 ശതമാനവും പൊന്നാനിയിൽ 8.6 ശതമാനവുമായിരുന്നു ബി.ജെ.പിയുടെ വോട്ട് നില. മൊത്തം പോൾ ചെയ്ത വോട്ടുകളുടെ പകുതിയും അതിലേറെയും പ്രധാന മുന്നണികൾക്ക് ലഭിക്കുമ്പോൾ ബി.ജെ.പിക്ക് പത്തു ശതമാനത്തിലേറെ വോട്ട് ലഭിക്കുന്ന മണ്ഡലങ്ങൾ അപൂർവമാണ്.
നരേന്ദ്ര മോഡിയുടെ പ്രഭാവവും ദേശീയ രാഷ്ട്രീയവും ഹിന്ദുത്വ വാദവുമൊന്നും ഈ മേഖലയിൽ ബി.ജെ.പിക്ക് ഗുണം ചെയ്യില്ലെന്ന് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും തെളിയിച്ചതാണ്. ശബരിമല പ്രശ്‌നത്തിൽ ഹൈന്ദവ വോട്ടുകൾ സ്വരൂപിക്കാനുകമോ എന്നതു മാത്രമാണ് ഇത്തവണ ബി.ജെ.പിക്കു മുന്നിലുള്ള വഴി. എന്നാൽ ആ നീക്കത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷം അരയും തലയും മുറുക്കിക്കഴിഞ്ഞതിനാൽ ഇത്തവണയും അക്കൗണ്ട് തുറക്കാൻ ബി.ജെ.പിക്ക് മലബാർ മേഖലയിൽ ഒരു മണ്ഡലം കണ്ടെത്താനായേക്കില്ല.






