കഴിഞ്ഞ തവണ പതിനാലായിരത്തോളം വോട്ടുകൾക്ക് നഷ്ടപ്പെട്ട തലസ്ഥാന മണ്ഡലം പിടിക്കാൻ ബിജെപിയും നിലനിർത്താൻകോൺഗ്രസും അട്ടിമറിക്കായി ഇടതുമുന്നണിയും തന്ത്രം മെനയുമ്പോൾ ശബരിമല തന്നെയായിരിക്കും അജണ്ടയിലെ ആദ്യ ഇനം. ഹിന്ദു വോട്ടുകൾ വിധി നിർണയിക്കുന്ന ഇവിടെ യുക്തരായ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുളള അവസാന കൂട്ടലിലും കിഴിക്കലിലുമാണ് മുന്നണികൾ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ താമര വിരിഞ്ഞ കേരളത്തിലെ ഏക മണ്ഡലം തിരുവനന്തപുരം ലോക്സഭയിൽപെട്ട നേമമാണ്. തിരുവനന്തപുരത്തുകാരുടെ രാജേട്ടൻ (ഒ. രാജഗോപാൽ) ആണ് വിജയിച്ചത്. അസംബ്ലി തെരഞ്ഞെടുപ്പോടെ ബിജെപിക്കു കേരളം ബാലികേറാമലയല്ലെന്നു തെളിയിച്ചിരിക്കുകയാണെന്നാണ് അവരുടെ കണക്കുകൂട്ടൽ. ശബരിമല വിഷയത്തിലെ വികാരം കൂടിയാകുമ്പോൾ കാര്യം എളുപ്പമാകുമെന്ന് പ്രതീക്ഷ.
തിരുവനന്തപുരത്തെ വോട്ടിംഗിൽ ശബരിമല നിർണായകമാകുമെന്ന് തന്നെയാണ് കോൺഗ്രസും കണക്കുകുട്ടുന്നത്. സിറ്റിംഗ് എംപിയായ ശശി തരൂർ ഈ പ്രശ്നത്തിൽ നിയമ നിർമാണം ആവശ്യപ്പെട്ടതു തന്നെ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി മുൻനിരയിലായ വിശ്വപൗരനായ എംപി തന്നെ ഇത് ആവശ്യപ്പെട്ടത് മണ്ഡലത്തിന്റെ മനസ്സ് അറിയാവുന്നതിലാണെന്നതിന്റെ ഏറ്റവും വലിയ പ്രതിഫലനമാണ്. നായർ സമുദായമാണ് ഏറ്റവും സ്വാധീനമുളള വിഭാഗം. 66.4 ശതമാനമാണ് ഹിന്ദു വോട്ട്. ക്രിസ്ത്യൻ 19.10 ശതമാനം. മുസ്ലിം 13.72. തിരുവനന്തപുരം, നെയ്യാറ്റിൻകര, കോവളം, നേമം, പാറശാല, വട്ടിയൂർക്കാവ്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരത്ത് വിധിയെഴുതുക.
തിരുവനന്തപുരം എപ്പോഴും ജാതിഘകടങ്ങൾക്കൊപ്പം വ്യക്തി പ്രഭാവത്തിനും പ്രാധാന്യം നൽകിയിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ചരിത്രം. ഒരിക്കൽ മാത്രമേ ഇതിന് സമീപകാലത്ത് വ്യത്യാസം വന്നിട്ടുള്ളൂ -കവിയും ഗാനരചയിതാവുമായിരുന്ന പ്രൊഫ. ഒഎൻവി കുറുപ്പ് മത്സരിച്ചപ്പോൾ. അഭയം തേടിയെത്തിവരെയും കുടിയേറിയവരെയും സ്വീകരിക്കുന്ന തലസ്ഥാനത്തിന്റെ ഹൃദയവിശാലത തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചു. തൃശൂരുകാരനായ കെ. കരുണാകരനും പാലാക്കാരനായ പി.കെ വാസുദേവൻ നായരും ഒടുവിൽ ശശി തരൂരും ഇവിടെ വിജയിച്ചു.
1977 ൽ സിപിഐ നേതാവ് എം.എൻ. ഗോവിന്ദൻ നായർ 69,822 വോട്ടുകൾക്കാണ് വിജയിച്ചത്. 1980 ൽ കോൺഗ്രസിലെ എ. നീലലോഹിത ദാസൻ നാടാർ 1,07,057 വോട്ടുകൾക്ക് ഗോവിന്ദൻ നായരെ തോൽപിച്ചു. നാടാർ സമുദായത്തിൽ നീലലോഹിതദാസൻ നാടാർക്കുള്ള ബന്ധങ്ങളും കോൺഗ്രസിന്റെ സംഘടനാ സംവിധാനവും തുണയായി.
എ. ചാൾസ് എന്ന കരുണാകരന്റെ അപ്രതീക്ഷിത സ്ഥാനാർഥിയെ വിജയിപ്പിച്ചതും തിരുവനന്തപുരമാണ്. വിജയം തുടർച്ചയാക്കിയ ചാൾസിനെ 1996 ൽ തിരുവനന്തപുരത്തുകാരുടെ ആശാൻ (കെ.വി സുരേന്ദ്രനാഥ്) തോൽപിച്ചതും തെരഞ്ഞെടുപ്പിലെ അട്ടിമറികളിൽ ഒന്ന്. തിരുവനന്തപുരത്ത്
വിജയിക്കാൻ എല്ലാ ഉപായവും പയറ്റുന്ന മുന്നണികളിൽ ബിജെപി, സിപിഐ സ്ഥാനാർഥി ചിത്രമാണ് തെളിയാനുളളത്. ശശി തരൂരിനെ ഉറപ്പിച്ച മട്ടിലാണ് കോൺഗ്രസ്. കടുത്ത മത്സരത്തിലും വിജയം നേടിയ തരൂരിനെ തള്ളാൻ കോൺഗ്രസിന് കഴിയുകയുമില്ല. സുരേഷ് ഗോപി, മോഹൻലാൽ എന്നീ പേരുകളിലാണ് ബിജെപി പാളയം. അതിനിടെയാണ് അപ്രതീക്ഷിതമായി മുൻ ബിജെപി നേതാവ് പി.പി മുകുന്ദന്റെ രംഗപ്രവേശം.
അതേ സമയം തിരുവനന്തപുരം ലോക്സഭാ മണ്ഡലം തിരിച്ചു പിടിക്കാൻ മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകൻ ഡോ. വി രാമൻ കുട്ടിയെ മത്സര രംഗത്ത് ഇറക്കാൻ സിപിഐ ശ്രമിക്കുന്നതായി സൂചനയുണ്ട്. ആരോഗ്യ പ്രവർത്തകനും ചിത്രകാരനുമായ ഡോ. രാമൻ കുട്ടി സജീവ രാഷ്ട്രീയ രംഗത്ത് ഇല്ലെങ്കിലും സിപിഐയുടെ ബൗദ്ധിക പ്രവർത്തനങ്ങളിൽ സജീവമാണ്. ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ശാഖയായ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിന്റെ മേധാവിയായിരുന്നു. അങ്ങനെ തിരുവനന്തപുരത്തുകാർക്ക് പരിചിതനാണ്. തിരുവനന്തപുരത്ത് മുൻ എംപി പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് സിപിഐ ആലോചിച്ചിരുന്നു. എന്നാൽ വീണ്ടും മത്സര രംഗത്തേക്ക് ഇറങ്ങുന്നതിൽ താൽപര്യമില്ലന്ന് പന്ന്യൻ അറിയിച്ചതിനെ തുടർന്നാണ് ഡോ. രാമൻ കുട്ടിയുടെ പേര് ഉയർന്നുവന്നത്.
2014 ലെ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥി നിർണയം വലിയ വിവാദമായി. പാർട്ടി അംഗമല്ലാത്ത ബെന്നറ്റ് ഏബ്രഹാമിനു സീറ്റ് നൽകിയതിനെതിരെ പ്രതിഷേധമുണ്ടായി. അത്തരമൊരു സാഹചര്യം ഇനി ഉണ്ടാകാൻ പാടില്ലെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശശി തരൂർ 2,97,806 വോട്ടും ബിജെപി സ്ഥാനാർഥി ഒ. രാജഗോപാൽ 2,82,336 വോട്ടും നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ബെന്നറ്റ് എബ്രഹാം 2,48,941 വോട്ടോടെ മൂന്നാം സ്ഥാനത്തായി.






