ദൽഹി നോക്കി ദീദി

ബംഗാളിന്റെ മതേതര മനസ്സിനെ വർഗീയ വിഷലിപ്തമാക്കാനുള്ള ശ്രമത്തിലാണ് സംഘ്പരിവാർ. സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള സഖ്യം അവർക്ക് മറ്റൊരു വെല്ലുവിളിയാവും. മമതക്ക് പക്ഷേ തെരുവു യുദ്ധങ്ങളും പ്രക്ഷോഭങ്ങളും പുത്തരിയല്ല. ബംഗാളിൽ അരങ്ങേറുന്നത് ഇന്ത്യയുടെ മനസ്സിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടമാണ്.

മോഡി തരംഗം ആഞ്ഞടിച്ച 2014 ൽ പോലും കടപുഴകാതെ മമതാ ബാനർജിക്കൊപ്പം നിന്ന സംസ്ഥാനമാണ് ബംഗാൾ. സംഘപരിവാരത്തിന്റെ സർവ പിന്തുണയോടെയും അധികാരമുഷ്‌ക് ഉപയോഗിച്ചും ബി.ജെ.പി ബംഗാളിനെ ഇളക്കിമറിക്കാൻ ശ്രമിക്കുന്നത് ദീദിയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്താനാണ്. പക്ഷേ പോരാട്ടങ്ങളുടെ തീച്ചൂളയിൽ ഉരുക്കിയെടുത്ത അഗ്നിസ്ഫുലിംഗമാണ് മമത. മോഡിയുടെ ചെങ്കോട്ട വീഴ്ത്താൻ പ്രതിപക്ഷ കക്ഷികളുടെ റാലി സംഘടിപ്പിച്ച് ദൽഹിയിലേക്ക് നോട്ടമിട്ടിരിക്കുകയാണ് അവർ. കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വിവിധ സംസ്ഥാനങ്ങളിലെ 23 രാഷ്ട്രീയ കക്ഷികൾ കൈകോർത്തത് ബി.ജെ.പിക്കുണ്ടാക്കുന്ന അലോസരം ചില്ലറയൊന്നുമല്ല. അതിന്റെ പ്രത്യാഘാതമായിരുന്നു കൊൽക്കത്തയിലെ സി.ബി.ഐ റെയ്ഡ്. മമതയെന്ന തെരുവ്‌പോരാട്ടക്കാരി സ്വതഃസിദ്ധ ശൈലിയിൽ ആഞ്ഞടിച്ചു. കേന്ദ്ര സർക്കാരിന് വെച്ച കാൽ പിന്നോട്ടു വെക്കേണ്ടി വന്നു. സഖ്യം തീരുമാനിച്ചതിലൂടെ കോൺഗ്രസും സി.പി.എമ്മും മമതക്കെതിരെ മറ്റൊരു പോർമുഖമാണ് തുറന്നിരിക്കുന്നത്.
വർഗീയ പ്രചാരണങ്ങളും അയൽനാടുകളിലെ മുസ്‌ലിംകളല്ലാത്തവർക്ക് പൗരത്വം നൽകുമെന്ന വാഗ്ദാനത്തിലൂടെയുമാണ് ബംഗാളിന്റെ മനസ്സ് പിടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നത്. മമതയുടെ പ്രതിപക്ഷ റാലിയെ ബി.ജെ.പി നേരിട്ടത് ബംഗ്ലാദേശ് അതിർത്തിക്കടുത്ത താക്കൂർ നഗറിൽ പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച് മറു റാലി നടത്തിയാണ്. പൗരത്വ ബില്ലായിരുന്നു മോഡിയുടെ പ്രധാന പ്രചാരണായുധം. ബംഗാളിൽ മുഖ്യ പ്രചാരണായുധം പൗരത്വ ബില്ലായിരിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. 
2017 ൽ ദേശീയ പ്രചാരണ യാത്രക്ക് ബി.ജെ.പി അധ്യക്ഷൻ തെരഞ്ഞെടുത്ത സ്ഥലം ബംഗാളിലെ നക്‌സൽബാരിയായിരുന്നു. നക്‌സൽ പ്രസ്ഥാനത്തിന്റെ ആസ്ഥാനം. ത്രിപുരയിൽ കാൽ നൂറ്റാണ്ട് നീണ്ട കമ്യൂണിസ്റ്റ് ഭരണം പിടിച്ചെടുത്ത ശേഷം ഇടതിന്റെ കോട്ടയിൽ നിന്ന് പട നയിക്കുകയെന്ന സന്ദേശമാണ് അമിത് ഷാ നൽകാൻ ശ്രമിച്ചത്. സിംഗൂരിലും നന്ദിഗ്രാമിലും മമത നയിച്ച ഭൂസമരങ്ങളാണ് തൃണമൂലിനെ ജനപ്രിയമാക്കിയത്. ഇടതു രീതിയിലുള്ള പ്രക്ഷോഭ സമരങ്ങളാണ് തൃണമൂലിനെ 2011 ൽ ബംഗാളിൽ അധികാരത്തിലെത്തിച്ചത്. പ്രക്ഷോഭങ്ങളിലേക്ക് എടുത്തുചാടാൻ മടിയില്ലാത്ത നേതാവാണ് മമത. സി.ബി.ഐ റെയ്ഡിനെതിരെ കണ്ടത് പഴയ ആ പോരാളിയെയാണ്. തിടുക്കത്തിൽ സത്യഗ്രഹം പ്രഖ്യാപിച്ച അവർ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമായി അതിനെ വിശേഷിപ്പിച്ചു. 
പശ്ചിമ ബംഗാളിൽ 42 ലോക്‌സഭാ സീറ്റുകളുണ്ട്. ഉത്തർപ്രദേശും (80) മഹാരാഷ്ട്രയും (48) മാത്രമാണ് മുന്നിൽ. തൂക്കുസഭ വരുമെന്ന് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്ന സാഹചര്യത്തിൽ ബംഗാളിലെ 42 സീറ്റുകളും മമതയുടെ വാക്കും നിർണായകമാവും. 2014 ൽ മറ്റു സംസ്ഥാനങ്ങളിൽ മോഡി തരംഗം ആഞ്ഞടിച്ചപ്പോഴും ബംഗാൾ 34 സീറ്റ് നൽകി മമതക്കൊപ്പം നിന്നു. ഡാർജിലിംഗും അസൻസോളും മാത്രമാണ് ബി.ജെ.പിക്ക് കിട്ടിയത്. ലോക്‌സഭയിൽ നാലാമത്തെ വലിയ കക്ഷിയായി തൃണമൂൽ കോൺഗ്രസ്. 2019 ൽ മമത പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്നത് വെറുതെയല്ല. 
2014 ലെ ഇലക്ഷനിൽ 40 ശതമാനം വോട്ടാണ് തൃണമൂൽ നേടിയത്. ഇടതിന് 30 ശതമാനം കിട്ടി. കോൺഗ്രസിനെ (10 ശതമാനം) പിന്തള്ളി ബി.ജെ.പി മൂന്നാം സ്ഥാനത്തെത്തി (17 ശതമാനം). എന്നാൽ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് ശതമാനം പത്തായി കുറഞ്ഞു. അതോടെയാണ് പാർട്ടി വർഗീയ കാർഡ് പുറത്തെടുത്തത്. ഇന്ന് ഫലത്തിൽ ബംഗാളിലെ പ്രതിപക്ഷം ബി.ജെ.പിയാണ്. സമീപകാലം വരെ ബംഗാളിൽ സാന്നിധ്യമില്ലാതിരുന്ന ആർ.എസ്.എസും വി.എച്ച്.പിയും ബജ്‌റംഗ്ദളുമൊക്കെ ഇപ്പോൾ അവിടെ കുളംകലക്കൽ യജ്ഞത്തിലാണ്. 
2017 ഏപ്രിലിൽ ബി.ജെ.പിയും ആർ.എസ്.എസും സംസ്ഥാനത്ത് 175 രാമനവമി ആഘോഷങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു വർഷം സംസ്ഥാനം സാക്ഷിയായത് രാമനവമിയുടെ പേരിലുള്ള നൂറുകണക്കിന് സായുധ റാലികളാണ്. തുല്യനാണയത്തിൽ തൃണമൂൽ തിരിച്ചടിച്ചു. അവരും രാമനവമി ആഘോഷങ്ങൾ ആരംഭിച്ചു. ബംഗാളിലാദ്യമായി കഴിഞ്ഞ വർഷങ്ങളിൽ ഇരു പാർട്ടികളുടെയും നേതൃത്വത്തിൽ ഹനുമാൻ ജയന്തിയും അരങ്ങേറി. പലതും വർഗീയ സംഘർഷങ്ങൾക്ക് കാരണമായി. 2017 ൽ ഹുഗ്ലിയിലും കഴിഞ്ഞ വർഷം റാണിഗഞ്ച്, അസൻസോൾ, പുരുളിയ എന്നിവിടങ്ങളിലും അക്രമങ്ങൾ അരങ്ങേറി. ദുലാഗഢ്, ഉല്ലുബെറിയ എന്നിവിടങ്ങളിൽ വർഗീയ സംഘട്ടനങ്ങളുണ്ടായി. ഈ പ്രചാരണങ്ങൾ ബി.ജെ.പിയെ സഹായിച്ചു. ഉല്ലുബെറിയ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ മറികടന്ന് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. 
ബംഗാളിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുന്നത്. കോൺഗ്രസും സി.പി.എമ്മും ഇപ്പോഴും കൈകോർത്തത് മമതക്ക് വലിയ വെല്ലുവിളിയാവും. 2018 മേയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആദ്യന്തം സംഘർഷ ഭരിതമായത് മമതയുടെ ജനപിന്തുണയിൽ വലിയ ഇടിവ് സൃഷ്ടിച്ചതായി നിരീക്ഷകർ കരുന്നു. പ്രതിപക്ഷ കക്ഷികളെ മത്സരിക്കാനനുവദിക്കുകയോ വോട്ട് ചെയ്യാനനുവദിക്കുകയോ ചെയ്യാതിരുന്ന ഇലക്ഷനിൽ 34 ശതമാനം സീറ്റുകളിലും എതിരാളികളില്ലാതെ തൃണമൂൽ ജയിക്കുകയായിരുന്നു. ഈ അതൃപ്തി കാരണം തൃണമൂലിന് നഷ്ടപ്പെടുന്ന വോട്ടുകൾ ആര് സ്വന്തമാക്കുമെന്നതാണ്  പ്രധാന ചോദ്യം. തൃണമൂലും വെറുതെയിരിക്കുകയല്ല. ഡാർജിലിംഗിലെ ബി.ജെ.പി വോട്ട് ഭിന്നിപ്പിക്കാൻ അവർക്കു കഴിഞ്ഞു. ഗൂർഖാ പ്രസ്ഥാനത്തെ അടിച്ചമർത്തുകയും ഗൂർഖ ജനമുക്തി മോർച്ചയെ ഭിന്നിപ്പിക്കുകയും ചെയ്തു. അതിൽ ബിനോയ് തമാംഗിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് തൃണമൂലിനോടാണ് താൽപര്യം. 
ബംഗാളിൽ 30 ശതമാനത്തോളം മുസ്‌ലിം ജനസംഖ്യയുണ്ട്. പരമ്പരാഗതമായി കോൺഗ്രസിനും ഇടതുപക്ഷത്തിനും കിട്ടിയ വോട്ടാണ് ഇത്. സമീപകാലത്തായി തൃണമൂലിനും ആ വോട്ട് വിഭജിക്കപ്പെട്ടു. ബി.ജെ.പിക്കെതിരായ പോരാട്ടത്തിന്റെ ചുക്കാൻ പിടിക്കുന്നതോടെ മുസ്‌ലിം വോട്ട് പൂർണമായും മമതക്ക് കിട്ടാൻ സാധ്യതയേറെയാണ്. ദരിദ്ര ജനവിഭാഗങ്ങൾക്കിടയിലും പാർട്ടിക്ക് വലിയ സ്വാധീനമുണ്ട്. 
ഇടതുപക്ഷത്തിന്റെ മുഖ്യ എതിരാളിയായി തൃണമൂൽ മാറിയപ്പോൾ തന്നെ കോൺഗ്രസ് സംസ്ഥാനത്ത് ക്ഷയിച്ചു തുടങ്ങിയിരുന്നു. 2009 ലും 2011 ലും തൃണമൂലുമായി കോൺഗ്രസ് സഖ്യം ചേർന്നത് കോൺഗ്രസിന്റെ ശക്തി കൂടുതൽ ചോരാൻ കാരണമായി. എങ്കിലും അതിർത്തി ജില്ലകളായ മുർഷിദാബാദിലും മാൾഡയിലും നോർത്ത് ദിനാജ്പൂരിലും ഇപ്പോഴും കോൺഗ്രസ് ശക്തമായ സാന്നിധ്യമാണ്. 
സിംഗൂർ, നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പ്രഹരത്തിൽ നിന്ന് കരകയറാൻ സി.പി.എമ്മിന് സാധിച്ചിട്ടില്ല. എന്നാൽ പ്രതിപക്ഷ റാലിക്കു ശേഷം സി.പി.എം പടുകൂറ്റൻ റാലി സംഘടിപ്പിക്കുകയുണ്ടായി. 2011 നു ശേഷം സംഘടനാ തലത്തിൽ കോൺഗ്രസും സി.പി.എമ്മും ഏറെ ക്ഷയിച്ചിട്ടുണ്ട്. ഇതിൽ എത്ര ശതമാനം പേർ ബി.ജെ.പിയിലേക്ക് ചേക്കേറിയെന്നതാണ് പ്രധാന ചോദ്യം. 2014 ൽ കോൺഗ്രസിനും സി.പി.എമ്മിനും കൂടി കിട്ടിയത് ആറ് സീറ്റായിരുന്നു. 2019 ൽ ഇരു പാർട്ടികൾക്കും ആ സീറ്റുകൾ നിലനിർത്താനാവുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 

Latest News