തൃണമൂല്‍ എംഎല്‍എയുടെ കൊലപാതകം: ബിജെപി നേതാവ് മുകുള്‍ റോയ്‌ക്കെതിരെ കേസ്

കൊല്‍ക്കത്ത- തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത് ബിസ്വാസ് പൊതുപരിപാടിക്കിടെ വെടിയേറ്റു മരിച്ച സംഭവത്തില്‍ പുതിയ രാഷ്ട്രീയ വഴിത്തിരിവ്. ഒരുകാലത്ത് മമത ബാനര്‍ജിയുടെ വിശ്വസ്തനും കേന്ദ്ര മന്ത്രിയും ഈയിടെ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവുമായ മുകുള്‍ റോയ്‌ക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസെടുത്തു. സരസ്വതി പൂജയോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെ സത്യജിത് ബിസ്വാസിനെ വെടിവെച്ചു കൊന്ന സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്ന് മുഖ്യമന്ത്രി മമത ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റോയ്‌ക്കെതിരെ കേസ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

മമതയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ശാരദാ ചിട്ടിഫണ്ട് കുംഭകോണ കേസുമായി ബന്ധപ്പെട്ട് കൊമ്പു കോര്‍ക്കുന്നതിനിടെയാണ് തൃണമൂല്‍ എംഎല്‍എ കൊല്ലപ്പെടുന്നത്. ശാരദാ ചിട്ടിഫണ്ട് കേസില്‍ പ്രതിയാണ് മുകുള്‍ റോയ്. എന്നാല്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ റോയ്‌ക്കെതിരെ കാര്യമായ സിബിഐ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല. റോയ്‌ക്കെതിരെ കേസെടുത്തതോടെ ബംഗാളില്‍ തൃണമൂല്‍-ബിജെപി പോര് പുതിയൊരു തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
 

Latest News