ഗര്‍ഭിണിയായ ഭാര്യയെ കൊന്നു, ഒരു രാത്രി കുടെ കിടന്നു; ശേഷം കീഴടങ്ങി

ഉസ്മാനാബാദ്- മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയില്‍ ഗര്‍ഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. വ്യാഴാഴ്ച രാത്രിയാണു സംഭവം. പ്രതി വിനോദ് ധന്‍സിങ് പവാറും ഭാര്യ പ്രിയങ്ക റാത്തോഡും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് കേസ് അന്വേഷിച്ച പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചു. പ്രിയങ്കയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം ഒരു രാത്രി ഉറങ്ങിയ വിനോദ് തൊട്ടടുത്ത ദിവസം രാവിലെ സ്‌റ്റേഷനിലെത്തി സ്വയം പൊലീസിനു മുമ്പാകെ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു.

നഴ്‌സായി ജോലി ചെയ്യുന്ന പ്രിയങ്ക അഞ്ചു മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുഴല്‍ക്കിണര്‍ കമ്മീഷന്‍ ഏജന്റാണ് പ്രതി വിനോദ്. ഒമ്പതു മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. പ്രതി വിനോദ് ഇടക്കിടെ തങ്ങളില്‍ നിന്ന് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ഇരുവര്‍ക്കുമിടയില്‍ വഴക്കിനിടയാക്കിയിരുന്നുവെന്നും പ്രിയങ്കയുടെ ബന്ധുക്കള്‍ ആരോപിച്ചു. വിനോദിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.


 

Latest News