Sorry, you need to enable JavaScript to visit this website.

പ്ലാറ്റിനം, പച്ച സ്ഥാപനങ്ങൾക്ക്   ലെവി കുടിശ്ശിക ഒഴിവാക്കി

  • അടച്ചവർക്ക് തിരിച്ചുകിട്ടും
  • പദ്ധതിക്ക് 1150 കോടി റിയാൽ വകയിരുത്തി
  • സ്വകാര്യ മേഖലക്ക് വലിയ ആശ്വാസം

റിയാദ് - ഭീമമായ ലെവി കുടിശ്ശിക അടയ്ക്കാൻ സാധിക്കാതെ പ്രതിസന്ധിയിലായ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുഗ്രഹമായി രാജവിജ്ഞാപനം. കഴിഞ്ഞ ഒരു വർഷമായി പ്ലാറ്റിനം, ഉയർന്ന പച്ച, ഇടത്തരം പച്ച, ഇളം പച്ച എന്നീ കാറ്റഗറിയിലുള്ള സ്ഥാപനങ്ങളെ കുടിശ്ശിക അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കി. നേരത്തെ അടച്ചവർക്ക് ഈ തുക തിരികെ ലഭിക്കും. ഇതിനായി 1150 കോടി റിയാൽ വകയിരുത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. തീരുമാനം സ്വകാര്യ മേഖലക്കും വിപണിക്കും ഉത്തേജനം പകരും.
സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അംഗീകാരം നൽകി. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിച്ച ഓഫീസുകളുടെ സഹകരണത്തോടെയാണ് സാമ്പത്തിക സഹായം വിതരണം ചെയ്യുകയെന്ന് തൊഴിൽ, സാമൂഹിക മന്ത്രാലയം വ്യക്തമാക്കി. 12 മാസത്തിനകം പദ്ധതി പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.  
ചുവപ്പ്, മഞ്ഞ കാറ്റഗറിയിലുള്ള സ്ഥാപനങ്ങൾക്ക് 12 മാസത്തിനകം ഉയർന്ന പദവിയിലേക്ക് മാറിയാൽ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ധനസഹായം ലഭിക്കേണ്ട സ്ഥാപനങ്ങൾ https://mlsd.gov.sa/ar/node എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകണം. സൗദിയിൽ 2018 ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവിൽവന്നത്. ലെവി ആരംഭിക്കുമെന്ന ഭീതിയിൽ, 2017 ൽ തന്നെ മുൻകൂട്ടി ഇഖാമയും വർക് പെർമിറ്റും പുതുക്കിയവരുടെ 2018 ലെ ഇഖാമയിൽ അവശേഷിച്ച കാലത്തേക്കുള്ള ലെവി ഈടാക്കാനാണ് മന്ത്രാലയം ഇൻവോയ്‌സ് നൽകിയത്. 2018 ജനുവരി 29 മുതൽ ഇഷ്യൂ ചെയ്ത് തുടങ്ങിയ ലെവി ഇൻവോയ്‌സുകൾ അടയ്ക്കുന്നതിന് മൂന്നു മാസത്തെ സമയമാണ് ആദ്യം അനുവദിച്ചത്. പിന്നീട് രണ്ടു തവണയായി ഒമ്പതു മാസം കൂടി നീട്ടി. ഈ സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. 
സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും മുഴുവൻ ജീവനക്കാരുടെയും ഇഖാമയിൽ കഴിഞ്ഞ വർഷം എത്ര കാലമാണോ ബാക്കിയുണ്ടായിരുന്നത് അത്രയും കാലത്തേക്കുള്ള ലെവി കണക്കാക്കി ഇൻവോയ്‌സ് ഇഷ്യൂ ചെയ്ത് ഈടാക്കാനായിരുന്നു നിർദേശം. എക്‌സിറ്റിൽ പോയവരുടെയും ലെവി കമ്പനി അടക്കണമായിരുന്നു. പല കമ്പനികൾക്കും ദശലക്ഷക്കണക്കിന് റിയാലിന്റെ ബാധ്യതയാണ് ഇതുണ്ടാക്കിയത്. 
വിപണിയിലെ മാന്ദ്യംമൂലം കടുത്ത തിരിച്ചടിയാണ് തങ്ങൾ നേരിടുന്നതെന്ന് നിരവധി വ്യാപാരികൾ വാണിജ്യ നിക്ഷേപ മന്ത്രാലയം മുമ്പാകെ ചൂണ്ടിക്കാട്ടിയിരുന്നു. ഭീമമായ തുകയുടെ ലെവി ഇൻവോയ്‌സുകൾ ആണ് പല സ്ഥാപനങ്ങൾക്കും ലഭിച്ചത്. സാമ്പത്തിക പരിഷ്‌കരണങ്ങളും ലെവിയും മൂലം നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ടുണ്ടെന്നും വ്യാപാരികൾ ആവലാതിപ്പെട്ടിരുന്നു. തുടർന്ന് വിഷയം സാമ്പത്തിക വികസനകാര്യ സമിതി ചർച്ച ചെയ്തിരുന്നു.
തൊഴിൽ മന്ത്രാലയത്തിന്റെ താൽപര്യങ്ങളും അഭിപ്രായങ്ങളും കൂടി മാനിച്ച് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നിർദേശം രാജാവിന് മുമ്പിൽ സമർപ്പിക്കുകയായിരുന്നു. പദ്ധതിക്ക് രാജാവ് അംഗീകാരം നൽകിയതോടെ ലെവി ഇൻവോയ്‌സ് ഒഴിവായതിൽ സ്വകാര്യ മേഖല സ്ഥാപനങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. 
സ്വകാര്യ സ്ഥാപനങ്ങൾക്ക് പരമാവധി പ്രോത്സാഹനവും സാമ്പത്തിക പുരോഗതിയും വാഗ്ദാനം ചെയ്യുന്ന രാജാവിന്റെ തീരുമാനത്തിൽ വാണിജ്യ നിക്ഷേപ മന്ത്രി മാജിദ് അൽ ഖസബി നന്ദി അറിയിച്ചു. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള നിർദേശം അംഗീകരിച്ചതിന് തൊഴിൽ, സാമൂഹിക വികസനമന്ത്രി സുലൈമാൻ അൽറജ്ഹി, രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നന്ദി രേഖപ്പെടുത്തി.  

 

Latest News