Sorry, you need to enable JavaScript to visit this website.

ചിന്താ ജെറോം ജര്‍മനിയിലേക്ക് 

ഐക്യരാഷ്ട്രസഭ സര്‍വകലാശാലയുടെ അന്താരാഷ്ട്ര ശില്പശാലയില്‍ പങ്കെടുക്കാന്‍ സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം ജര്‍മനിയിലേക്ക്. ഐക്യരാഷ്ട്രസഭ സര്‍വകലാശാലയും യുനെസ്‌കോയും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയും ചേര്‍ന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ദുരന്ത ലഘൂകരണം എന്ന വിഷയത്തിലാണ് ജര്‍മനിയിലെ ബേണില്‍ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുന്നത്. 
ഓഗസ്റ്റിലെ മഹാപ്രളയം ആണ് ചിന്തയ്ക്കു ജര്‍മന്‍ യാത്രയ്ക്ക് വഴി തുറന്നത്. പ്രളയസമയത്ത് കേരളത്തിലെ യുവജനങ്ങള്‍ പ്രതികരിച്ച രീതി ലോകശ്രദ്ധ ആകര്‍ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടായത്.
ഈ മാസം 12 മുതല്‍ 15 വരെ നടക്കുന്ന ശില്പശാലയില്‍ ഹ്യൂമന്‍ നെറ്റ്വര്‍ക്കിംഗ് എന്ന വിഷയത്തില്‍ ചിന്താ ജെറോം സംസാരിക്കും. മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും നയരൂപീകരണ വിദഗ്ദ്ധരും ശില്പശാലയില്‍ പങ്കെടുക്കും. 
15ന് ജനീവയില്‍ ഐക്യരാഷ്ട്ര ദുരന്ത ലഘൂകരണ സ്ട്രാറ്റജിയുടെ സെക്രട്ടറിയേറ്റില്‍ 'യുവാക്കളും സ്ത്രീകളും ദുരന്തലഘൂകരണവും' എന്ന വിഷയത്തിലും ചിന്താ ജെറോം സംസാരിക്കും. ജര്‍മനിയിലേക്ക് പോകുന്ന ചിന്താ ജെറോമിന് യുവജനക്ഷേമവകുപ്പ് മന്ത്രി ഇ. പി. ജയരാജന്‍ യാത്രയയപ്പ് നല്‍കി. മന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്.
ഐക്യരാഷ്ട്രസഭയുടെ ക്ഷണം സംസ്ഥാന യുവജനകമ്മീഷന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്നും കമ്മീഷന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര തലത്തിലുള്ള ആദരവാണിതെന്നും മന്ത്രി പറഞ്ഞു.

Latest News