Sorry, you need to enable JavaScript to visit this website.

പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ ഹാജരാകണമെന്ന ഇന്ത്യയുടെ ആവശ്യം ട്വിറ്റര്‍ മേധാവി തള്ളി

ന്യൂദല്‍ഹി- സമൂഹമാധ്യമങ്ങൡ വ്യക്തികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന തരത്തില്‍ ഇടപെടലുകള്‍ നടത്തുന്നുവെന്ന ആരോപണത്തിന് മറുപടി നല്‍കാന്‍ ഹാജരാകണമെന്ന പാര്‍ലമെന്ററി സമിതിയുടെ ആവശ്യം ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സെ തള്ളി. ഫെബ്രുവരി ഒന്നിനാണ് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡോര്‍സെയ്ക്ക് ഇന്ത്യ ഔദ്യോഗികമായി സമന്‍സ് അയച്ചത്. ബി.ജെ.പി എംപി അനുരാഗ് താക്കൂറിന്റെ അധ്യക്ഷതയിലുള്ള ഐ.ടി കാര്യ പാര്‍ലമെന്ററി സമിതി ഫെബ്രുവരി ഏഴിന് യോഗം ചേരുമ്പോള്‍ നേരിട്ടെത്തണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഡോര്‍സെയുടേയും ട്വിറ്ററിലെ ഉന്നത ഉദ്യോഗസ്ഥരുടേയും സൗകര്യം കണക്കിലെടുത്ത് ഈ യോഗം ഫെബ്രുവരി 11-ലേക്ക് മാറ്റി. എന്നാല്‍ ഡോര്‍സെ ഇന്ത്യയിലെത്തി സമിതി മുമ്പാകെ ഹാജരാകില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.  
വേണ്ടത്ര സമയം നല്‍കിയില്ലെന്നാണ് ട്വിറ്റര്‍ പറയുന്ന കാരണം. യാത്രയ്ക്കായി ഇന്ത്യ ഡോര്‍സെയ്ക്ക് 10 ദിവസത്തെ സമയം നല്‍കിയിരുന്നു. സ്ഥാപനത്തിന്റെ മേധാവി തന്നെ സമിതി മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന് കത്തില്‍ പ്രത്യേകം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഹാജരാകില്ലെന്നറിയിച്ച് ഫെബ്രുവരി ഏഴിനാണ് പാര്‍ലമെന്ററി സമിതിക്കു ട്വിറ്ററിന്റെ മറുപടി ലഭിച്ചത്. ട്വിറ്ററിലെ ഉള്ളടക്കങ്ങള്‍ക്കുള്ള ചട്ടങ്ങളും അക്കൗണ്ടുകളും സംബന്ധിച്ച നയപരമായ തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ കമ്പനിയുടെ ശാഖയായ ട്വിറ്റര്‍ ഇന്ത്യയില്‍ ഇല്ലെന്ന് വ്യക്തമാക്കി ട്വിറ്റര്‍ നിയമ, സുരക്ഷാ, നയ വിഭാഗം ആഗോള തലവന്‍ വിജയ ഗഡ്ഡെ പാര്‍ലമെന്ററി സമിതിക്കു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. അധികാരങ്ങളില്ലാത്ത ജൂനിയര്‍ ഉദ്യോഗസ്ഥനെ ട്വിറ്ററിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ ഹാജരാക്കുന്നത് ഉചിതമായിരിക്കില്ലെന്നും ഗഡ്ഡെ കത്തില്‍ പറയുന്നു. 

നേരത്തെ സമാന ആരോപണങ്ങളെ തുടര്‍ന്ന് യുഎസ് കോണ്‍ഗ്രസിനു മുമ്പാകെയും സിംഗപൂര്‍, യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിനു മുമ്പാകെയും ട്വിറ്റര്‍ മേധാവിക്ക് ഹാജരാകേണ്ടി വന്നിട്ടുണ്ട്.
 

Latest News