കര്‍ണാടകയില്‍ എം.എല്‍.എമാരെ വശത്താക്കാന്‍ 200 കോടി ബി.ജെ.പി വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ വശത്താക്കാന്‍ ബി.ജെ.പി നേതാക്കള്‍ 200 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ആരോപണം. കര്‍ണാടകയിലെ 18 കോണ്‍ഗ്രസ്,–ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ 10 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരും കര്‍ണാടകയിലെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനു കൂട്ടുനില്‍ക്കാന്‍ കര്‍ണാടക സ്പീക്കര്‍ക്ക് യെദിയൂരപ്പ 50 കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണമുണ്ട്. എന്തു വില കൊടുത്തും കര്‍ണാടകയില്‍ അധികാരം പിടിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും നേതാക്കള്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മോഡിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായി ജെ.ഡി.എസ് എം.എല്‍.എമാരില്‍ ഒരാളുടെ സഹോദരനോട് യെദിയൂരപ്പ വിലപേശല്‍ നടത്തുന്നതിന്റെ ഓഡിയോ ക്ലിപ്പ് കര്‍ണാടക മുഖ്യമന്ത്രി ഇന്നലെ പുറത്തുവിട്ടിരുന്നു. കര്‍ണാടകയില്‍നിന്നുള്ള ഈ വാര്‍ത്ത കേട്ട് രാജ്യം മുഴുവനും ഞെട്ടിത്തരിച്ചിരിക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

 

Latest News