Sorry, you need to enable JavaScript to visit this website.

പ്രവാസിയുടെ ഗൃഹപ്രവേശത്തിന് അതിഥിയായി എത്തിച്ച ആന പടക്ക ശബ്ദം കേട്ട് ഭയന്നോടി; ചവിട്ടേറ്റ് രണ്ടു മരണം

അപകടമുണ്ടാക്കിയത് കേരളത്തിലെ സെലിബ്രിറ്റി കൊമ്പന്‍

ഗുരുവായൂര്‍- കോട്ടപ്പടി ചേമ്പാലക്കുളങ്ങര ക്ഷേത്രത്തിലെ പൂരത്തിന് കൊണ്ടു വന്ന ആന സ്‌പോണ്‍സറുടെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിനിടെ പടക്കം പൊട്ടിയതു കേട്ട് ഭയന്നോടി. ഇതിനിടെ അതിഥികളായെത്തിയ രണ്ടു പേര്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കണ്ണൂര്‍ പറശിനിക്കടവ് സ്വദേശി നരായണന്‍ പട്ടേരി (66), കോഴിക്കോട് മടവൂര്‍ സ്വദേശി അറയ്ക്കല്‍ മുരുഗന്‍ (60) എന്നിവരാണു കൊല്ലപ്പെട്ടത്. നാരയണന്‍ സംഭവസ്ഥലത്ത് തല്‍ക്ഷണം മരിച്ചു. മുരുഗന്‍ തൃശൂരിലെ ആശുപത്രിയില്‍ രാത്രിയോടെയാണ് മരിച്ചത്. തിക്കിലും തിരക്കലുംപ്പെട്ട് 10 പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ കുന്നംകുളത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

കോട്ടപ്പടി ചേമ്പാലക്കുളങ്ങര ക്ഷേത്രത്തിലെ പൂരത്തിന് നാട്ടുകാരുടെ സൗഹൃദ കമ്മിറ്റി എത്തിച്ച തെച്ചിക്കോട്ടുകാവു രാമചന്ദ്രന്‍ എന്ന കൊമ്പനാണ് പടക്ക ശബ്ദം കേട്ട് ഭയന്നോടിയത്. ഈ ആനയെ സ്‌പോണ്‍സര്‍ ചെയ്ത പ്രവാസിയായ മുള്ളത്തു ഷൈജുവിന്റെ പുതിയ വീട്ടില്‍ നിന്ന് എഴുന്നള്ളിക്കാമെന്നു വഴിപാടുണ്ടായിരുന്നു. ഇതുപ്രകാരമാണ് ഗ്രഹപ്രവേശ ചടങ്ങിന് ആനയെ എത്തിച്ചത്. ഇവിടെ നിന്നും പൂരം നടക്കുന്ന ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കാനായിരുന്നു പദ്ധതി. ഉച്ചയോടെ ആനയെ അണിയിച്ചൊരുക്കി വീടിനു മുന്നില്‍ നിര്‍ത്തിയതായിരുന്നു. അകമ്പടിയായി വാദ്യക്കാരും ഉണ്ടായിരുന്നു. ഇതിനിടെ തൊട്ടടുത്ത് നിന്ന പടക്കം പൊട്ടിയത് കേട്ടാണ് ആന ഭയന്നത്. പിന്നീട് വീടിനു സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ ആന കുതിച്ചു. ഈ വഴിയില്‍ നില്‍ക്കുകയായിരുന്ന നാരയണനും മുരുഗനും വീഴുകയായിരുന്നു. ഇവരെ ചവിട്ടിയാണ് ആന കടന്നുപോയത്. ആനപ്പുറത്ത് ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. അടുത്ത വീടിന്റെ ഗേറ്റിലൂടെ റോഡിലേക്കിറങ്ങിയ ആനയെ ഉടന്‍ പാപ്പാന്‍മാര്‍ നിയന്ത്രിച്ചു.

ഖത്തറില്‍ അല്‍സദ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജരാണ് നാരായണന്‍. മുരുഗനും ഖത്തിലാണ് ജോലി ചെയ്യുന്നത്. ഖത്തറില്‍ ജോലി ചെയ്യുന്ന ഷൈജുവിന്റെ ക്ഷണം സ്വീകരിച്ച് രണ്ടു ദിവസം മുമ്പ് എത്തിയതായിരുന്നു ഇവര്‍. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സമീപത്ത് പടക്കം പൊട്ടിച്ചിരുന്നു. എന്നാല്‍ ആന ഭയപ്പെടാന്‍ കാരണമെന്തെന്ന് വ്യക്തമല്ലെന്ന് ഗുരുവായുര്‍ പൊലീസ് പറഞ്ഞു.

കേരളത്തിലെ സെലിബ്രിറ്റി കൊമ്പന്‍
54-വയസ്സുള്ള ഈ ഒറ്റക്കണ്ണന്‍ കൊമ്പന്റെ വിരണ്ട സംഭവങ്ങളില്‍ ഇതുവരെ 11 പേരും മൂന്ന് ആനകളും കൊല്ലപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഏറ്റവും അപകടകാരിയായ വളര്‍ത്തു ആനയെന്നാണ് തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ വിശേഷണം. മറ്റൊരു താരപരിവേഷമുള്ള ആനയായ തിരുവമ്പാടി ചന്ദ്രശേഖരനും ഈ കൊമ്പന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. കേരളത്തിലെ വലിയ സെലിബ്രിറ്റി ആന കൂടിയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഫേസ്ബുക്കില്‍ ഫാന്‍സിന്റെ പേജുകളും ആയിരക്കണക്കിന് ആരാധകരും ഉണ്ട് ഈ കൊമ്പന്.

1982-ല്‍ ബിഹാറില്‍ നിന്നാണ് ഈ കൊമ്പനെ കേരളത്തിലെത്തിച്ചത്. പേരമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രം വാങ്ങിയതായിരുന്നു. ബിഹാറില്‍ പേര് മോട്ടി പ്രസാദ് എന്നായിരുന്നു. ഇവിടെ എത്തിയതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്നാക്കി. ഇവിടുത്തെ പാപ്പാന്‍മാരുടെ മലയാളത്തിലുള്ള നിര്‍ദേശങ്ങള്‍ ആദ്യമൊന്നും രാമചന്ദ്രന് മനസ്സിലായിരുന്നില്ല. ഇതു പരിശീലിപ്പിക്കുന്നതിനിടെ പരീശീലകന്റെ കുത്തേറ്റാണ് ഈ കൊമ്പന് ഒരു കണ്ണ് നഷ്ടമായത്. നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത അമര്‍ഷത്തില്‍ പാപ്പാന്‍ കണ്ണ് കുത്തിപ്പൊട്ടിക്കുകയായിരുന്നു. ഈ സംഭവത്തോടെ രാമചന്ദ്രന്‍ പകയുള്ള കൊമ്പനായി മാറി. ഈ കൊമ്പനെ പൊതുപരിപാടികളില്‍ എഴുന്നള്ളിക്കരുതെന്ന് ആറു തവണ കേരള ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 2016-ലാണ് അവസാന വിധി വന്നത്. എങ്കിലും ഇതൊന്നും പാലിക്കാതെ ഉത്സവ സീസണുകളില്‍ 80-ഓളം ക്ഷേത്ര ഉത്സവങ്ങളില്‍ ഈ ആനയെ എഴുന്നള്ളിക്കുന്നുണ്ട്. കോടതി വിധികളെ മാനിക്കാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഈ ആനെ ഇങ്ങനെ എഴുന്നള്ളിക്കുന്നതെന്ന് ആനകളുടെ അവകാശ സംരക്ഷണ രംഗത്തു പ്രവര്‍ത്തിക്കുന്ന വെങ്കിടാചലം പറയുന്നു. 


 

Latest News