സവര്‍ക്കറെ ഭീരു എന്നു വിളിച്ചതിന് രാഹുലിനെതിരെ പരാതി

പുനെ- ആര്‍എസ്എസ് ആചാര്യന്‍ സവര്‍ക്കറെ ഭീരു എന്നു വിളിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി. ഈയിടെ ദല്‍ഹിയില്‍ നടന്ന ഒരു റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ സവര്‍ക്കറെ ഭീരു എന്നു വിശേഷിപ്പിച്ചുവെന്നാണ് പരാതി. മോശം ഭാഷ പ്രയോഗിച്ചെന്നും ഏതാനും വ്യക്തികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. സ്വാതന്ത്ര്യ സമരകാലത്ത് 1911-ല്‍ അന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് മോചിതനാകാല്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയെന്നും അദ്ദേഹം ഭീരുവാണെന്നും നേരത്തെയും രാഹുല്‍ പ്രസംഗിച്ചിട്ടുണ്ട്. ഇതിനെതിരെയും പരാതി ഉണ്ടായിരുന്നു.

സവര്‍ക്കറുടെ ബന്ധുക്കളാണ് രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുലിന്റേത് തെറ്റായ പ്രസ്താവനയാണെന്ന് ബന്ധുക്കള്‍ പറയുന്നു. സവര്‍ക്കറുടെ ബന്ധുവായ രഞ്ജീത് സവര്‍ക്കര്‍ മുംബൈയിലെ ശിവജി പാര്‍ക്ക് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

Latest News