മധ്യപ്രദേശില്‍ കാലിക്കടത്ത് കേസിലും ദേശസുരക്ഷാ നിയമം ചുമത്തി അറസ്റ്റ്

ഭോപാല്‍- മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷവും ഗോവധക്കേസില്‍ മൂന്ന് പേര്‍ക്കെതിരെ കടുത്ത നിയമമായ ദേശസുരക്ഷാ നിയമം (എന്‍.എസ്.എ) ചുമത്തിയതിനെ ചൊല്ലിയുണ്ടായ വിവാദം കെട്ടടങ്ങും മുമ്പ് കാലിക്കടത്ത് ആരോപിച്ച് വീണ്ടും രണ്ടു പേര്‍ക്കെതിരെ ഈ ഭീകര നിയമം ചുമത്തി അറസ്റ്റ് ചെയ്തു. അഗര്‍ മല്‍വ ജില്ലയില്‍ അനധികൃതമായി കാലികളെ കടത്തി എന്നാരോപിച്ചാണ് ഉജ്ജയിന്‍ ജില്ലക്കാരനായ മെഹബൂബ് ഖാന്‍, അഗര്‍ മല്‍വ സ്വദേശി രോദുമല്‍ മാളവ്യ എന്നിവര്‍ക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തിയത്. ഇവരെ ഉജ്ജയിന്‍ സെന്‍ട്രല്‍ ജയിലിലടച്ചു. വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ വാഹനങ്ങളില്‍ കാലികളെ കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അഗര്‍ മാല്‍വ ടൗണില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും ഇതിനെതിരെ ആളുകള്‍ പ്രതിഷേധക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവിടുത്തെ ചന്ത അടച്ചിടേണ്ടി വന്നു. പ്രദേശത്തെ സമാധാനന്തരീക്ഷം തകര്‍ത്തുവെന്നും ഇവര്‍ക്കെതിരെ കുറ്റമുണ്ട്. ഇവര്‍ നേരത്തേയും കാലിക്കടത്തില്‍ ഉള്‍പ്പെട്ടിരുന്നതായി കോട്‌വാലി പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അജിത് തിവാരി പറഞ്ഞു.

ഈ സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി മനോജ് കുമാര്‍ സിങ് ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് കലക്ടര്‍ അജയ് ഗുപ്തയാണ് പ്രതികള്‍ക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്താന്‍ ആവശ്യപ്പെട്ടത്. നേരത്തെ മെഹബൂബ് ഖാനെതിരെ നാലു കേസും രോദുമല്‍ മാളവ്യയ്‌ക്കെതിരെ മൂന്ന് കേസുകളും ഉണ്ടെന്നും ഇതാണ് ഈ കടുത്ത നിയമം ചുമത്താന്‍ കാരണമെന്നും പോലീസ് പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഖണ്ഡ് വയില്‍ ഗോവധക്കേസില്‍ മൂന്ന് പേര്‍ക്കെതിരെ ഈ നിയമം ചുമത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു. ഏതു വകുപ്പു ചുമത്തണമെന്നത് പൊലീസ് ആണ് തീരുമാനിക്കുന്നതെന്നും എന്നാല്‍ ഈ കേസില്‍ ദേശസുരക്ഷാ നിയമം ചുമത്തിയത് അനാവശ്യമാണെന്നും മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 

Latest News