മദീന - കനത്ത മഴയും പ്രളയവുംമൂലം മദീന പ്രവിശ്യയിലെ അഞ്ചു റോഡുകൾ ഗതാഗത മന്ത്രാലയവും സിവിൽ ഡിഫൻസും ചേർന്ന് ഇന്നലെ അടച്ചു. അൽഉല-അൽബറൈക, താശാ-അൽസുദൈറ, ശജ്വ-അൽഉല, ബദ്ർ-വാസിത്-യാമ്പു അൽനഖ്ൽ, ഫദ്ലാ-ജൈദ റോഡുകളാണ് അടച്ചത്. താഴ്വരകൾ മുറിച്ചുകടന്നുള്ള സാഹസികതകൾക്ക് മുതിരരുതെന്ന് ഡ്രൈവർമാരോട് മദീന ഗതാഗത മന്ത്രാലയ ശാഖ ആവശ്യപ്പെട്ടു.
കനത്ത മഴക്കിടെ അൽഉലയിൽ താഴ്വരകളിൽ വെള്ളം കയറി കുടുങ്ങിയ 35 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. അൽവസബ്, ഫദ്ലാ, അൽമുഖ്റഹ് വാദികളിൽ കുടുങ്ങിയവരെയാണ് രക്ഷപ്പെടുത്തിയത്.
യാമ്പുവിൽ ഇന്നലെ രാവിലെ ആലിപ്പഴവർഷത്തിന്റെ അകമ്പടിയോടെ ശക്തമായ മഴ പെയ്തു. അൽഉലയിലും കനത്ത മഴയാണ് ലഭിച്ചത്. യാമ്പു അൽബന്ദർ ഡിസ്ട്രിക്ടിൽ കനത്ത മഴക്കിടെ വീടിന്റെ മേൽക്കൂര തകർന്ന് മുറിയിൽ കുടുങ്ങിയ ഭിന്നശേഷിക്കാരായ രണ്ടു കുട്ടികളെ സിവിൽ ഡിഫൻസ് സുരക്ഷിതമായി രക്ഷപ്പെടുത്തി. മദീന പ്രവിശ്യയിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ കുടുങ്ങിയവരും പ്രളയത്തിൽപെട്ടവരും അടക്കം ആകെ നാൽപതിലേറെ പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയതായി മദീന സിവിൽ ഡിഫൻസ് വക്താവ് കേണൽ ഖാലിദ് അൽജുഹനി പറഞ്ഞു. അൽഉലയിൽ വെള്ളം കയറിയ പ്രദേശങ്ങളിൽനിന്നും കെട്ടിടങ്ങളിൽനിന്നും ഒഴിപ്പിച്ചവർക്ക് സർക്കാർ ചെലവിൽ ഫർണിഷ്ഡ് അപാർട്ട്മെന്റുകളിൽ താൽക്കാലിക താമസസൗകര്യം ഏർപ്പെടുത്തി നൽകുന്നതിന് അൽഉല ഗവർണർ മുബാറക് അൽമൂറഖി നിർദേശം നൽകി. മഴക്കിടെ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങൾ ഗവർണർ സന്ദർശിച്ചു. ഹായിലിലും ഇന്നലെ കനത്ത മഴ പെയ്തു. ശക്തമായ കാറ്റിന്റെ അകമ്പടിയോടെയായിരുന്നു മഴ. ജിദ്ദയിലും മറ്റും ചെറിയ തോതിൽ പൊടിക്കാറ്റ് വീശി.