Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.ഐ.എസ്.എഫ് അധികൃതരുടെ ജാഗ്രത;  കളഞ്ഞുപോയ പഴ്‌സ് ലഖ്‌നൗവിൽ നിന്ന് വീണ്ടെടുത്തു

നെടുമ്പാശ്ശേരി- വിമാനത്താവള കവാടത്തിന് സമീപം യുവാവിന്റെ കളഞ്ഞ് പോയ പണം അടങ്ങിയ പഴ്‌സ് സി.ഐ.എസ്.എഫ് അധികൃതരുടെ ശ്രമഫലമായി ലഖ്‌നൗ വിമാനത്താവളത്തിൽ നിന്ന് വീണ്ടെടുത്തു. വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ഏജൻസിയായ ഒമേഗ എന്റർപ്രൈസസ് മാനേജർ കെ.എസ്.സജിത്തിന്റെ പഴ്‌സാണ് ലഖ്‌നൗ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന്റെ പക്കൽനിന്ന് കണ്ടെടുത്തത്. 
തിങ്കളാഴ്ച വൈകുന്നേരം ആറിന് ചായകുടി കഴിഞ്ഞ് എയർപോർട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പണവും, ലൈസൻസും, തിരിച്ചറിയൽ കാർഡ് അടക്കം വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്‌സ് റോഡിൽ കളഞ്ഞ് പോയത്. എയർപോർട്ടിലും, വഴികളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്തൊനായില്ല.  തുടർന്ന് സജിത്ത് സി.ഐ.എസ്.എഫ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. അര മണിക്കൂറിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സജിത്തിന്റെ ഫോണിൽ വിളിച്ച് വിശദ വിവരങ്ങൾ ചോദിച്ചറിഞ്ഞു. 
തുടർന്നാണ് നിരീക്ഷണ ക്യാമറ ഉപയോഗിച്ച് പഴ്‌സ് കണ്ടെത്താൻ ശ്രമം തുടർന്നത്. പരിശോധനയിൽ എയർപോർട്ടിലേക്ക് കാൽനടയായി വരികയായിരുന്ന ലഖ്‌നൗ സ്വദേശി റോഡിൽനിന്ന് പഴ്‌സ് എടുക്കുന്നത് കാണാൻ സാധിച്ചു. 
തുടർന്ന് സി.ഐ.എസ്.എഫ് ഇയാളുടെ സഞ്ചാരം നിരീക്ഷിച്ചു. അതിനിടെ 7.20 നുള്ള ലഖ്‌നൗവിലേക്കുള്ള വിമാനത്തിൽ ഇയാൾ പുറപ്പെട്ടതായും തെളിഞ്ഞു. 
അതോടെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ലഖ്‌നൗ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് അധികൃതരുമായി ബന്ധപ്പെട്ടു. വിമാനത്താവളത്തിൽ ഇറങ്ങി പുറത്തിറങ്ങുന്നതിന്റെ മുമ്പായി പഴ്‌സ് കളഞ്ഞ് കിട്ടിയ യാത്രക്കാരന്റെ ദേഹ പരിശോധന നടത്തുന്നതിനിടെ സജിത്തിന്റെ പഴ്‌സ് ഇയാളിൽ നിന്ന് കണ്ടെടുത്തു. പരാതി ഇല്ലാതിരുന്നതിനാൽ യാത്രക്കാരനെ സി.ഐ.എസ്.എഫ് താക്കീത് നൽകി വിട്ടയച്ചു. ബുധനാഴ്ച പഴ്‌സ് ലഖ്‌നൗവിൽ നിന്ന് വിമാനമാർഗം നെടുമ്പാശ്ശേരിയിലെത്തിച്ചു സജിത്തിന് കൈമാറി.

 

Latest News