തെരഞ്ഞെടുപ്പ് കാലത്ത് രാജ്യം ചുറ്റിക്കറങ്ങുകയും ആ അനുഭവത്തെക്കുറിച്ച് ഗ്രന്ഥമെഴുതുകയും ചെയ്ത പ്രമുഖ സാമ്പത്തിക വിദഗ്ധൻ രുചിർ ശർമയുമായി അഭിമുഖം...
പ്രാദേശിക പാർട്ടികളുടെ സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ തകരുമെന്ന വാദം പൊള്ളയാണ്. അത്തരം സഖ്യങ്ങളാണ് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെയും വൈവിധ്യത്തെയും കൂടുതൽ പ്രതിനിധീകരിക്കുന്നത്.
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളെക്കുറിച്ച 'ഡെമോക്രസി ഓൺ ദ റോഡ്' എന്ന പുസ്തകത്തിന്റെ രചയിതാവാണ് പ്രമുഖ സാമ്പത്തിക വിദഗ്ധൻ രുചിർ ശർമ. ഇലക്ഷൻ വേളകളിൽ മാധ്യമ പ്രവർത്തകർക്കൊപ്പം ഇന്ത്യ ചുറ്റാറുണ്ട് അദ്ദേഹം. ലോകപ്രശസ്ത അമേരിക്കൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് മോർഗൻ സ്റ്റാൻലിയുടെ ചീഫ് ഗ്ലോബൽ സ്ട്രാറ്റജിസ്റ്റായ രുചിർ ശർമയുമായി അദ്ദേഹത്തിന്റെ പുസ്തകത്തെ ആധാരമാക്കി അഭിമുഖം.
ചോ: ഗാന്ധി കുടുംബത്തിന്റെ കൈയിലായിരുന്നിട്ടും എന്തുകൊണ്ട് അമേത്തി ഇത്ര പിന്നോക്കം നിൽക്കുന്നു എന്ന് പ്രിയങ്ക ഗാന്ധിയോട് താങ്കൾ ചോദിച്ചപ്പോൾ അവർ പറഞ്ഞത്, പ്രതിപക്ഷം ഫണ്ട് തരുന്നില്ലെന്നാണ്. ഇത് യാഥാർഥ്യമാണോ? അതല്ല രാഷ്ട്രീയക്കാർക്ക് വികസനം മുൻഗണനയല്ലെന്നുണ്ടോ?
ഉ: അത്ര വിശ്വാസ്യയോഗ്യമല്ല. ശരത് പവാറിനെയും കമൽ നാഥിനെയും പോലുള്ള രാഷ്ട്രീയക്കാർ പ്രതിപക്ഷത്തായിരിക്കുമ്പോൾ പോലും തങ്ങളുടെ മണ്ഡലത്തിൽ മികച്ച റോഡുകളും അടിസ്ഥാന സൗകര്യങ്ങളും കൊണ്ടുവന്ന് വി.ഐ.പി മണ്ഡലമാക്കി നിലനിർത്താറുണ്ട്. എന്നാൽ വികസനം കൊണ്ട് മാത്രം ഇന്ത്യയിൽ വിജയം നേടാനാവണമെന്നില്ല. അമേരിക്കയിലെയോ മറ്റ് വികസിത ജനാധിപത്യത്തിലെയോ പോലെ ഇന്ത്യയിൽ സാമ്പത്തിക രംഗവും രാഷ്ട്രീയവും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. 1980 ൽ തങ്ങളുടെ സംസ്ഥാനങ്ങളിൽ എട്ട് ശതമാനത്തിലേറെ വളർച്ചക്ക് കാരണക്കാരായ എട്ട് മുഖ്യമന്ത്രിമാർ തൊട്ടടുത്ത ഇലക്ഷനിൽ പരാജയപ്പെട്ടിട്ടുണ്ട്. ഏറ്റവും മോശം സാമ്പത്തിക വളർച്ചയുണ്ടായിട്ടും ജയലളിത വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.
കഴിഞ്ഞ കർണാടക ഇലക്ഷനിൽ പ്രാദേശിക നേതാവ് യു.ടി. ഖാദറുമായി സംസാരിച്ചതോർക്കുന്നു. ഇന്ത്യയിൽ ഇലക്ഷൻ നേരിടുകയെന്നു പറഞ്ഞാൽ ആറ് പരീക്ഷകൾ ഒരുമിച്ചെഴുതുകയും എല്ലാത്തിലും 35 ശതമാനം മാർക്ക് വാങ്ങുകയും ചെയ്യണമെന്നതു പോലെയാണ് എന്ന് ഖാദർ അഭിപ്രായപ്പെട്ടു. ഖാദർ വ്യക്തമായി പറഞ്ഞില്ലെങ്കിലും ആ ആറ് പരീക്ഷകൾ ഇവയൊക്കെയാണെന്ന് ഞാൻ കരുതുന്നു. വികസനത്തിന് പുറമെ ജാതി, കുടുംബ ബന്ധം, വിലനിലവാരം, ക്ഷേമപ്രവർത്തനം, അഴിമതി. വികസനത്തിൽ ചെറിയ സ്‌കോറാണെങ്കിലും മറ്റുള്ളവയിൽ ഉയർന്ന സ്‌കോറാണെങ്കിൽ ചിലപ്പോൾ ജയിച്ചെന്നു വരാം. അതുകൊണ്ടാണ് രാഷ്ട്രീയക്കാർ വികസനത്തിൽ മാത്രം ഊന്നാത്തത്.
ചോ: വിദ്വേഷ രാഷ്ട്രീയത്തിന്റെ മാസ്റ്ററായാണ് താങ്കൾ മോഡിയെ വിലയിരുത്തുന്നത്. മോഡിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള സാമ്യതകളെന്തൊക്കെ?
ഉ: ഭൂരിപക്ഷത്തിന്റെ ആശങ്കകളെ ആയുധമാക്കുന്നതിൽ ഇരുവരും സമാനതകൾ പുലർത്തുന്നു. എന്നാൽ മോഡി ട്രംപല്ല. വ്യക്തിപരമായ ശൈലിയിലും സ്വാഭാവത്തിലും സ്വന്തം സമൂഹത്തിൽ അത്ര വ്യത്യസ്തനല്ല മോഡി. അംഗീകരിച്ചാലും ഇല്ലെങ്കിലും, ആഗോളതലത്തിൽ മോഡി അൽപം കൂടി ആദരിക്കപ്പെടുന്നുണ്ട്. ട്രംപിന്റെ സാമ്പത്തിക നയങ്ങൾ വ്യക്തമായും ബിസിനസ് ലോബിക്ക് അനുകൂലമാണ്. അതിൽ അദ്ദേഹത്തിന് യാതൊരു ലജ്ജയുമില്ല. റൊണാൾഡ് റീഗനെ പോലെ സർക്കാരിന്റെ ഇടപെടൽ പരമാവധി കുറക്കുമെന്ന വാഗ്ദാനത്തോടെയാണ് മോഡി അധികാരത്തിൽ വന്നത്. എന്നാൽ സാമ്പത്തിക രംഗം ഉടച്ചുവർക്കുന്നതിൽ അധികാരത്തിന്റെ മുഷ്ടി കൂടുതൽ ഉപയോഗിക്കുന്ന ആളായാണ് അദ്ദേഹം മാറിയത്.
ചോ: ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സിരകളിൽ സോഷ്യലിസ്റ്റ് സങ്കൽപമുണ്ടെന്ന് താങ്കൾ പറയുന്നു. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യ 6-7 ശതമാനം വളർച്ച നിലനിർത്തുന്നു. ക്യൂബയെയും വെനിസ്വേലയയെയും പോലെയാവുന്നില്ല?
ഉ: ജനപ്രിയ നടപടികൾ മോഡി പോലും തുടരെ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ സ്വകാര്യ മേഖല ശക്തമാണ്. സർക്കാരിന്റെ ഇടപെടലുകൾക്കൊക്കെയിടയിലും അവ ശക്തവും വൈവിധ്യസമ്പന്നവുമായി തുടരുന്നു. മറ്റൊരു സമ്പദ് രംഗത്തിനും സാധിക്കാത്ത വിധം നിരന്തര വളർച്ച ആർജിക്കുന്ന നിരവധി കമ്പനികൾ ഇന്ത്യയിലുണ്ട്. ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഉദാരവൽക്കരണം ശക്തമായിക്കഴിഞ്ഞു. ഏത് രാഷ്ട്രീയ പാർട്ടി വിചാരിച്ചാലും ഇനി തിരിച്ചുപോക്ക് സാധ്യമല്ല. ഇന്ത്യ ഒരിക്കലും ക്യൂബയായി മാറില്ല.
കൂടാതെ ഫെഡറൽ സംവിധാനം ഇന്ത്യയിൽ ശക്തമാണ്. ഇന്ത്യ രാജ്യമെന്നതിനേക്കാൾ ഒരു ഭൂഖണ്ഡമാണ്. അത് ഒരു സാമ്പത്തിക ശക്തിയല്ല, യൂറോപ്യൻ യൂനിയൻ പോലെ പല ശക്തികളാണ്. മോഡിയുടെ കീഴിലെ ഗുജറാത്തും നിതീഷ് കുമാറിന്റെ കീഴിലെ ബിഹാറുമൊക്കെ അങ്ങനെയാണ്. അത്തരം കൂടുതൽ മുഖ്യമന്ത്രിമാർ വരണം. പ്രാദേശിക പാർട്ടികളുടെ സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ തകരുമെന്ന വാദം പൊള്ളയാണ്. അത്തരം സഖ്യങ്ങളാണ് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെയും വൈവിധ്യത്തെയും കൂടുതൽ പ്രതിനിധീകരിക്കുന്നത്.
ചോ: ഭരണവിരുദ്ധ വികാരമെന്നത് ഇന്ത്യൻ പദമാണെന്ന് താങ്കൾ പറയുന്നു. അടുത്തയാൾക്ക് അവസരം കൊടുക്കുകയെന്നതാണ് ഇന്ത്യക്കാരന്റെ പ്രാഥമിക വികാരമെന്നും വാദിക്കുന്നു. ലോക്‌സഭാ ഇലക്ഷനിലും ഈ വികാരം പ്രതിഫലിക്കുമോ?
ഉ: ഭരണവിരുദ്ധ വികാരം ഇലക്ഷനിൽ ഒരു ഘടകമായിരിക്കും. എങ്കിലും അതായിരിക്കില്ല പ്രധാനം. 2014 ൽ ഉണ്ടായിരുന്ന മോഡി തരംഗം കുറഞ്ഞുവെന്നത് ശരിയാണ്. എന്നാൽ അതിവേഗം അവരുടെ പിന്തുണ നഷ്ടപ്പെടും എന്നു കരുതുന്നില്ല. മോഡി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് കഴിഞ്ഞ വർഷം മുതൽ എനിക്ക് ഉറപ്പില്ല. 31 ശതമാനം വോട്ട് നേടിയാണ് 2014 ൽ ബി.ജെ.പി അധികാരത്തിലേറിയത്. അന്ന് പ്രതിപക്ഷം വിഘടിച്ചു നിൽക്കുകയായിരുന്നു. അടുത്ത ഇലക്ഷനിൽ 31 ശതമാനം വോട്ട് നിലനിർത്തിയാൽ പോലും ബി.ജെ.പിക്ക് വലിയ ശതമാനം സീറ്റുകൾ നഷ്ടപ്പെടും. വിഘടിച്ചു നിൽക്കുന്ന പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചാൽ ഏതു ഭരണത്തെയും താഴെയിറക്കാം. ആ രീതിയാണ് ദശകങ്ങളായി ഇന്ത്യൻ ജനാധിപത്യം ശീലിച്ചുവന്നത്.






