പീഡിപ്പിച്ച അധ്യാപികയെ ഭാര്യയാക്കി; ഇപ്പോള്‍ ഒഴിവാക്കുന്നു

മേരിയും വിലിയും വിവാഹിതരായത് 2005ല്‍

വാഷിംഗ്ടണ്‍- വിദ്യാര്‍ഥിയായിരിക്കെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ ഭാര്യയായി സ്വീകരിച്ച യുവാവ് 12 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം അവരുമായി വേര്‍പിരിയുന്നു. 55 വയസ്സായ മേരി ഫുആലയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഹരജി സമര്‍പ്പിച്ചിരിക്കയാണ് 33 കാരനായ വിലി ഫുആല.
12- ാം വയസ്സില്‍ വിലിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് മേരി. വിലിയുമായി ബന്ധം ആരംഭിക്കുമ്പോള്‍ വിവാഹിതയും നാലു മക്കളുടെ മാതാവുമായിരുന്നു അവര്‍. ജയില്‍ ശിക്ഷ അനുഭവിച്ചതിനുശേഷം 2005 ലായിരുന്നു ഇരുവരുടേയും രഹസ്യ വിവാഹം.
കാരണമൊന്നും കാണിക്കാതെയാണ് വിലിയുടെ വിവാഹ മോചന ഹരജി. തനിക്കോ ഭര്യക്കോ അമേരിക്കയില്‍ സ്വത്തുക്കളോ കട ബാധ്യതയോ ഇല്ലെന്ന് യുവാവ് ഹരജിയില്‍ ബോധിപ്പിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രണ്ടു മക്കളുണ്ടെങ്കിലും അവര്‍ ഇപ്പോള്‍ തങ്ങളുടെ ആശ്രിതരല്ലെന്നും ഹരജിയില്‍ ബോധിപ്പിച്ചു. ഭാര്യയുടെ പ്രതികരണം അറിവായിട്ടില്ല.
1996-ല്‍ സിയാറ്റിലില്‍വെച്ച് അധ്യാപികയുമായുള്ള ബന്ധം തുടങ്ങുമ്പോള്‍ വിലി ആറാം ക്ലാസില്‍ പഠിക്കുകയായിരുന്നു. 1997 ഗര്‍ഭിണിയായിരിക്കയാണ് മേരി അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കുറ്റം. മുന്‍ വിദ്യാര്‍ഥിയുമായി മേലില്‍ ബന്ധപ്പെടില്ലെന്ന് കോടതിയില്‍ ഉറപ്പു നല്‍കിയതിനെതുടര്‍ന്ന് ഇവര്‍ക്ക് വിധിച്ച ആറു മാസത്തെ തടവ് മൂന്ന് മാസമായി ചുരുക്കിയിരുന്നു. മോചിതരായി ആഴ്ചകള്‍ക്കകം ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് പിടിയിലാവകയും മേരിയെ ഏഴു വര്‍ഷം ജയിലിലടക്കുകയും ചെയ്തു. വിലിയുടെ രണ്ടാമത്തെ കുഞ്ഞിന് ജയിലില്‍ വെച്ചാണ് മേരി ജന്മം നല്‍കിയത്.

 

Latest News