'കാവല്‍ക്കാരന്‍' കള്ളനെന്ന് വീണ്ടും തെളിഞ്ഞു; മോഷ്ടിച്ചത് വ്യോമ സേനയുടെ 30,000 കോടി-രാഹുല്‍

ന്യൂദല്‍ഹി- റഫാല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ചര്‍ച്ചകളെ അട്ടിമറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസ് ഇടപെട്ട് സമാന്തര ചര്‍ച്ച നടത്തിതിനു തെളിവു പുറത്തായതിനു പിന്നാലെ മോഡിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ കൊള്ള ഓരോ സൈനികരും അറിയണം. നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി പൊരുതുന്നു. ഞങ്ങള്‍ക്കു വേണ്ടി മരിക്കുന്നു. പ്രധാനമന്ത്രി നിങ്ങളുടെ 30,000 കോടി മോഷ്ടിച്ച് നടപടിക്രമങ്ങള്‍ മറികടന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് അനില്‍ അംബാനിക്ക് നല്‍കിയിരിക്കുന്നവെന്ന് നിങ്ങള്‍ അറിയേണ്ടതുണ്ട്- രാഹുല്‍ പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ഇ്‌പ്പോള്‍ പുറത്തു വന്ന കത്തില്‍ സുവ്യക്തമായിരിക്കുകയാണ്. ഈ വിവരം സുപ്രീം കോടതിയില്‍ മറച്ചു വച്ചതിനാല്‍ ഇപ്പോള്‍ കോടതി വിധിയും ചോദ്യംചെയ്യപ്പെടുകയാണ്-രാഹുല്‍ പറഞ്ഞു.

റഫാലില്‍ പ്രധാനമന്ത്രി മോഡി സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന് രാഹുല്‍ നേരത്തെ തന്നെ ആരോപണമുന്നയിച്ചിരുന്നതാണ്. കത്ത് പുറത്തായതോടെ ഇതു സ്ഥിരീകരിക്കപ്പെട്ടു. 'എന്തിനു വേണ്ടിയായിരുന്നു ഒരു സമാന്തര ചര്‍ച്ച? അത് നിങ്ങള്‍ക്കും എനിക്കും വേണ്ടിയായിരുന്നില്ല. അനില്‍ അംബാനിക്കു വേണ്ടിയായിരുന്നു. ഇതു തെളിയിക്കുന്നത് കാവല്‍ക്കാരന്‍ കള്ളനാണെന്നു തന്നെയാണ്,' രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാമന്ത്രി ഒരേ സമയം കള്ളനും കാവല്‍ക്കാരനും കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest News