ന്യൂദൽഹി- റഫാൽ ഇടപാടിൽ തനിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പാർലമെന്റിൽ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാവൽക്കാരൻ കള്ളനാണെന്ന രാഹുൽ ഗാന്ധിയുടെ ആക്ഷേപത്തെ കള്ളൻ കാവൽക്കാരനെതിരെ ആക്രോശിക്കുന്നുവെന്ന ഹിന്ദി പഴഞ്ചൊല്ലുമായാണ് മോഡി നേരിട്ടത്. റഫാലിൽ കോൺഗ്രസ് അഴിമതി ആരോപിക്കുന്നത് രാജ്യത്തെ സേനാ വിഭാഗങ്ങൾ ശക്തിപ്പെടുന്നത് ഇഷ്ടമില്ലാത്തതു കൊണ്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോക്‌സഭയൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
ഈ സഭാ സമ്മേളനത്തിൽ തന്റെ അവസാനത്തെ പ്രസംഗമായിട്ടും, അഴിമതി ആരോപണങ്ങൾക്ക് നേർക്കുനേർ മറുപടി പറയുന്നതിനു പകരം കോൺഗ്രസിനെ രാഷ്ട്രീയമായി കടന്നാക്രമിക്കുകയായിരുന്നു മോഡി. ഒപ്പം പ്രതിപക്ഷ കക്ഷികൾ രൂപം നൽകുന്ന മഹാസഖ്യത്തെ മഹാ മായം ചേർക്കലാണെന്ന് പരിഹസിക്കുകയും ചെയ്തു.
ഭരണഘടനയുടെ 356-ാം വകുപ്പിനെ നിരന്തരം ദുരുപയോഗം ചെയ്തവരാണ് മോഡി ഭരണഘടനാ സ്ഥാപനങ്ങളെ നശിപ്പിക്കുന്നുവെന്ന് ആരോപിക്കുന്നത്. അമ്പത് തവണയെങ്കിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിരിച്ചുവിട്ട പാരമ്പര്യമുള്ളവരാണ് കോൺഗ്രസുകാർ. 59ൽ കേരളത്തിലെ സർക്കാരിനെ പിരിച്ചുവിട്ടത് അവിടത്തെ സഹോദരങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ടാവും. രാജ്യത്ത് അടിയന്തിരാവസ്ഥ ഏർപ്പെടുത്തിയവരാണവർ. ഇപ്പോഴവർ സൈന്യത്തിനും മോഡിക്കുമെതിരെ കള്ളക്കഥകൾ മെനയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് ഒരിലക്കലും പ്രതിരോധ ഇടപാടുകൾ നേരാംവണ്ണം കൈകാര്യം ചെയ്തിട്ടില്ല. എപ്പോഴും ഏതെങ്കിലും ചാച്ചാമാരും മാമാമാരുമൊക്കെ വരും. ബിനാമി സമ്പത്തുമുണ്ടാവും -റോബർട്ട് വാധ്രയെ പരോക്ഷമായി കുത്തി അദ്ദേഹം പറഞ്ഞു.
റഫാൽ ഇടപാടിൽ കോൺഗ്രസ് നിരന്തരം ആരോപണമുന്നയിക്കുന്നത് അവർക്ക് രാജ്യത്തെ സൈന്യം ശക്തിപ്പെടണമെന്ന് ആഗ്രമില്ലാത്തതുകൊണ്ടാണ്. അവരുടെ ഭരണകാലത്ത് സേനാ വിഭാഗങ്ങൾ ദുർബലമായിരുന്നു. മിന്നലാക്രമണത്തിന് പോകുന്ന സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലുമില്ലാത്ത കാലമായിരുന്നു അത്. റഫാൽ ഇടപാടിൽ ഇത്ര ധൈര്യമായി കള്ളം പറയാൻ അവർക്ക് എങ്ങനെ കഴിയുന്നു എന്നാലോചിച്ച് എനിക്ക് അദ്ഭുതം തോന്നിയിട്ടുണ്ട്. പിന്നീട് ഒരു കാര്യം ഞാൻ തിരിച്ചറിഞ്ഞു, അധികാരത്തിലിരുന്ന വർഷങ്ങളലൊന്നും സത്യസന്ധമായ ഒരു പ്രതിരോധ കരാർ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്ന്.
30 വർഷത്തിനു ശേഷം ആദ്യമാണ് ഭൂരിപക്ഷമുള്ള ഒരു സർക്കാരിനെ 2014ൽ ജനങ്ങൾ തെരഞ്ഞെടുത്തത്. അതിന്റെ പ്രവർത്തനം തികച്ചും വ്യത്യസ്തമായിരുന്നുവെന്നും ജനം മനസ്സിലാക്കി. എന്നാൽ ഈ സർക്കാരിനെതിരെ ഇപ്പോഴൊരു മഹാ മായം ചേർക്കൽ നടക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള മായം ചേർത്ത സർക്കാർ വന്നാൽ എന്തു സംഭവിക്കുമെന്ന് ജനങ്ങൾക്ക് നന്നായറിയാം. അത് രാജ്യത്തിന് എത്രത്തോളം ദോഷകരമായിരിക്കുമെന്നും അവർക്കറിയാം. അതുകൊണ്ട് അത്തരമൊന്ന് സംഭവിക്കാൻ ജനങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്ന് മോഡി പറഞ്ഞു.
കോൺഗ്രസ് മുക്ത ഭാരതമെന്നത് തന്റെ ആശയമല്ല, മഹാത്മാ ഗാന്ധിയുടെ ആശയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാലത്തിന് മുമ്പേ നടന്നയാളാണ് ബി.ആർ. അംബേദ്കർ. കോൺഗ്രസിൽ ചേരുന്നത് ആത്മഹത്യ ചെയ്യുന്നതു പോലെയാണെന്നാണ് അദ്ദേഹം പറഞ്ഞത് -മോഡി തുടർന്നു.






